തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തും പുതുപ്പള്ളിയിലും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് സീറ്റിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. രണ്ടിടത്ത് ഇതുവരെ മത്സരിച്ചിട്ടില്ല, ഇനി മത്സരിക്കുകയുമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രമാണ്. ഇന്നുരാവിലെ പുതുപ്പള്ളിയിൽ പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. നേമത്തെ അനിശ്ചിതത്വം ഉടൻ അവസാനിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നേമത്തെ സ്ഥാനാർത്ഥി ആര് എന്നത് സംബന്ധിച്ച് ഇത്ര അനിശ്ചിതത്വത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യത്തെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനിശ്ചിതത്വമൊക്കെ മാറും എന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പോകുന്നുണ്ടെന്ന കാര്യം വിളിച്ച് പറഞ്ഞപ്പോഴാണ് താൻ അറിയുന്നത്. ആ അറിവേ ഇക്കാര്യത്തിൽ തനിക്കുള്ളു.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കരുത്തരായ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിക്കുക. നേമത്തും അങ്ങനെ തന്നെയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു രാവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരുടെ വികാരം താൻ പൂർണമായും ഉൾക്കൊള്ളുന്നുവെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്നും പ്രതിഷേധിച്ച അണികൾക്ക് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി രണ്ട് സീറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പടർന്നത്.

നേമത്തിന് അമിതപ്രാധാന്യം നൽകേണ്ടിയിരുന്നില്ലെന്നും, ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും പേര് വന്നതിൽ സംശയമുണ്ടെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. നേതൃത്വം ആവശ്യപ്പെട്ടാൻ എവിടെ മത്സരിക്കാനും തയാറാണെന്നും മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.