- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഞ്ചേശ്വരത്ത് പറന്നിറങ്ങി 'നിയുക്ത സ്ഥാനാർത്ഥി'; 89 വോട്ടിന്റെ ആ കുറവ് നികത്താൻ സുരേന്ദ്രന് അമിത് ഷാ ഒരുക്കിയത് രാജകീയ എൻട്രി; മോദി വികാരം ഉയർത്തി വോട്ട് ചോദിച്ച് ബിജെപി അധ്യക്ഷൻ; അരിയും റോഡുമെല്ലാം കേന്ദ്ര പണം കൊണ്ടെന്ന് പറഞ്ഞ് നേമത്ത് ജയം ഉറപ്പെന്നും നേതാവ്; സുരേന്ദ്രൻ പ്രചരണം തുടങ്ങുമ്പോൾ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുന്നെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ഹെലികോപ്റ്ററിൽ മഞ്ചേശ്വരത്ത് എത്തിയത്. ഗംഭീര സ്വീകരണം നൽകിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്.
കേരളത്തിന് അന്നം തരുന്നത് നരേന്ദ്ര മോദിയെന്നും പിണറായി വിജയൻ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മൾ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. മോദി നൽകുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിയാണ് കേരളത്തിന് എല്ലാം നൽകുന്നത്. കേന്ദ്രസർക്കാർ നൽകുന്ന പണം കൊണ്ടാണ് നമ്മൾ റോഡ് നിർമ്മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാൽ കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കെ.സുരേന്ദ്രൻ കോന്നിയിൽ നിന്ന് ജനവിധി തേടുമെന്നായിരുന്നു ബിജെപിയുടെ ആദ്യ ഘട്ടത്തിലെ റിപ്പോർട്ടുകൾ. എന്നാൽ, കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സുരേന്ദ്രൻ നിസാര വോട്ടിനാണ് പരാജയപ്പെട്ടതെന്നും അതിനാൽ ഒരിക്കൽ കൂടി ആ മണ്ഡലത്തിൽ മത്സരിക്കണമെന്നും നിർദേശിക്കുകയായിരുന്നു.
ഡൽഹിയിൽ നിന്നുള്ള ചർച്ചകൾക്ക് ശേഷം ഏകദേശം 11 മണിയോടെയാണ് സുരേന്ദ്രൻ മഞ്ചേശ്വത്തെ പര്യടനത്തിനായി എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹം മണ്ഡലത്തിൽ എത്തിയത്. എല്ലാ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തിനകം ഇത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.
നേമത്ത് ആരു വന്നാലും തോൽക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. നേമത്ത് ബിജെപിയെ ആര് തോൽപ്പിക്കുമെന്നതാണ് ചർച്ച. ബിജെപിയെ മണ്ഡലത്തിൽ തോൽപ്പിനാകില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കെത്തും. ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും മഞ്ചേശ്വരത്ത് ജയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായാണോ എത്തിയതെന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ എത്തിയിരിക്കുന്നത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമിതി യോഗം ഉത്ഘാടനം ചെയ്യാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ഥാനാർത്ഥി സംബന്ധിച്ച വിവരങ്ങൾ അഖിലേന്ത്യ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥി പി ബി അബ്ദുൾ റസാക്ക് 56870 വോട്ടുകൾ നേടിയപ്പോൾ 56781 വോട്ടുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. എന്നാൽ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം സി കമറുദ്ദീൻ 7923 വോട്ടുകൾക്കാണ് ജയിച്ചുകയറിയത്. കമറുദ്ദീൻ 65407 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ രതീശ തന്ത്രി കുണ്ടാറിന് 57484 വോട്ടുകൾ ലഭിച്ചിരുന്നു. എൽഡിഎഫിന്റെ വോട്ട് ഷെയറിൽ ഗണ്യമായ കുറവുണ്ടായതും ശ്രദ്ധേയമാണ്. എൻഡിഎ സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ എത്തുന്നതോടെ കടുത്ത പോരാട്ടം മണ്ഡലത്തിൽ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.