ചെന്നൈ: നിയസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സുപ്രധാന വാഗ്ദാനങ്ങളുമായി തമിഴ്‌നാട്ടിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയിൽ എല്ലാവർഷവും മത്സ്യത്തൊഴിലാളികൾക്ക് ആറായിരം രൂപ വീതം സഹായധനമായി നൽകുമെന്ന് പറയുന്നു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വി കെ സിംഗും ചേർന്നാണ് പ്രകടനപത്രിക ഇറക്കിയത്.

ഹിന്ദു ക്ഷേത്രങ്ങളെ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കും. ഭരണഘടന അനുസരിച്ച് ഗോഹത്യ തടയുന്നതിന് നിയമം കൊണ്ടുവരും.വിവിധ ക്ഷേത്രങ്ങളിൽ പശുക്കളുടെ സംരക്ഷണത്തിന് അഭയകേന്ദ്രങ്ങൾ പണിയുമെന്നും ബിജെപിയുടെ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.

എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ് ലെറ്റ് നൽകും. വാതിൽപടി റേഷൻ പദ്ധതി നടപ്പാക്കും. 18നും 23 വയസിനും ഇടയിലുള്ള യുവതികൾക്ക് സൗജന്യമായി ഇരുചക്രവാഹന ഡ്രൈവിങ് ലൈസൻസ് നൽകുമെന്നതാണ് പ്രകടനപത്രികയിൽ ഇടംനേടിയ ശ്രദ്ധേയമായ മറ്റൊന്ന്.

അവശ്യവസ്തുക്കൾ വീടുകളിൽ സൗജന്യമായി വിതരണം ചെയ്യും. ഇലക്ട്രോണിക് റേഷൻ കാർഡുടമകൾക്ക് പൊതുവിതരണ സമ്പ്രദായം വഴിയാണ് അവശ്യവസ്തുക്കൾ എത്തിക്കുക. 2022 ഓടേ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.