കൊച്ചി സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും വ്യാപകമായി കള്ളവോട്ടു നടന്നതായി പരാതി. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി മണ്ഡലങ്ങളിൽ വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തിയപ്പോൾ മറ്റാരോ വോട്ടു ചെയ്‌തെന്നു പ്രിസൈഡിങ് ഓഫിസർ അറിയിക്കുകയായിരുന്നു. മൂന്നു സംഭവങ്ങളിലും പ്രതിഷേധം ഉയർന്നതോടെ ടെൻഡർ വോട്ടിന് അനുമതി നൽകി സംഭവത്തിൽ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകി.

കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ എൽപി സ്‌കൂൾ 77-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. ഇവിടെ അര മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. അജയ് ജി.കൃഷ്ണ എന്ന ആളുടെ വോട്ട് നേരത്തേ ആരോ ചെയ്തു പോയതായാണ് പരാതി. ഇദ്ദേഹത്തിന് പിന്നീട് ടെൻഡർ വോട്ടു രേഖപ്പെടുത്താൻ അനുമതി നൽകി.

സംഭവം കള്ളവോട്ടാണെന്നും പോളിങ് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജ് ആരോപിച്ചു

പി.എസ്. ജയരാജ് പോളിങ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാർത്ഥിയെ അനുനയിപ്പിക്കാൻ പൊലീസും ശ്രമിച്ചെങ്കിലും ഒട്ടേറെ എൻ.ഡി.എ. പ്രവർത്തകർ വിവരമറിഞ്ഞ് പോളിങ് ബൂത്തിലെത്തിയതോടെ പ്രതിഷേധം നീണ്ടു. സംഭവത്തെ തുടർന്ന് അരമണിക്കൂറിലധികം ഇവിടെ പോളിങ് തടസപ്പെട്ടു.

തൃപ്പൂണിത്തുറയിൽ സർക്കാർ ഗേൾസ് എൽപി സ്‌കൂളിലെ 51എ ബൂത്തിൽ 864ാം ക്രമനമ്പറുകാരനായ യുവാവിന്റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്. യഥാർഥ വോട്ടറായ രാജേഷ് വോട്ടു ചെയ്യാനെത്തിയപ്പോൾ മറ്റാരോ ചെയ്തു പോയെന്ന് അറിയിക്കുകയായിരുന്നു. തൃക്കാക്കര 112എ ബൂത്തിലും കള്ളവോട്ട് നടന്നു. യഥാർഥ വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തതായി വ്യക്തമാകുകയായിരുന്നു.

തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ വോട്ടർമാർക്ക് ബൂത്തിലെത്തിയപ്പോൾ തപാൽ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു വോട്ടു ചെയ്യുന്നത് നിഷേധിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശാല മണ്ഡലങ്ങളിലും ഇടുക്കിയിൽ ദേവികുളത്തുമാണ് ഇതുണ്ടായത്. കഴക്കൂട്ടം ചന്തവിള ബൂത്ത് നമ്പർ 24ൽ വോട്ടറായ ജോയിയുടെ വോട്ടും തപാൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തി.

വോട്ട് ചെയ്യാനെത്തിയ വോട്ടർമാരുടെ വോട്ടുകൾ തപാൽ വോട്ടിൽ രേഖപ്പെടുത്തിയതായി പോളിങ് ഓഫീസർ വ്യക്തമാക്കിയതോടെയാണ് അട്ടിമറി വെളിച്ചത്ത് വന്നത്.

പാറശാല പെരുങ്കടവിള സ്വദേശികളായ ബാലകൃഷ്ണൻ നായർ, കെ.ബി.ചന്ദ്രശേഖരൻ നായർ എന്നിവരുടെ വോട്ടുകളാണ് മറ്റാരോ തപാൽ വോട്ടുകളായി ചെയ്തത്. ഇടുക്കി ബൈസൺവാലി ടീ കമ്പനി മായൽത്തമാത ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ വൃദ്ധ ദമ്പതികൾക്കും വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു.

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ 165 ആം ബൂത്തിൽ ക്രമ നമ്പർ 782 എന്ന സാജൻ, പെരുങ്കടവിള സ്വദേശി വേലായുധൻ പിള്ള എന്നിവരുടെ വോട്ടുകളാണ് പോസ്റ്റൽ വോട്ടുകളായി രേഖ പ്പെടുത്തിയിരിക്കുന്നത്. തുടർന്ന് വോട്ട് ചെയ്യാനാകാതെ വോട്ടർമാർ മടങ്ങുകയായിരുന്നു..

ഭൂരിഭാഗം പഞ്ചായത്തുകളിലും വോട്ട് രേഖപ്പെടുത്താൻ എത്താത്തവരുടെ തപാൽ വോട്ടിൽ അട്ടിമറി നടന്നതായാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ബിജെപി ആവശ്യപ്പെട്ടു.

കോഴിക്കോട് നാദാപുരം എടച്ചേരി പഞ്ചായത്തിലെ കച്ചേരി നോർത്ത് എൽപി സ്‌കൂളിലെ 10ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. കുനിയിൽ ആയിശ പത്തു മണിയോടെ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോ ചെയ്തു പോയതായി കണ്ടെത്തി. ഇതേ തുടർന്ന് ഇവർ ടെൻഡർവോട്ട് ചെയ്തു മടങ്ങി.