- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാരുടെ മക്കൾ പോരാട്ടത്തിനൊരുങ്ങി ചവറ; കളമൊരുങ്ങുന്നത് സംസ്ഥാനത്തെ അപൂർവ്വമായ മത്സരത്തിന്; സീറ്റ് നില നിർത്താൻ എൽഡിഎഫ്; നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആർഎസ്‌പി; ജില്ലയിലെ സിപിഎം, സിപിഐ വല്ല്യേട്ടൻ തർക്കം മണ്ഡലത്തിൽ നിർണായകമാകും
കൊല്ലം: ചവറ നിയോജക മണ്ഡലം രൂപീകരിച്ച ശേഷം ഒരു തവണ ഒഴിച്ച് ആർഎസ്‌പി സ്ഥാനാർത്ഥികൾ മാത്രം വിജയിച്ച മണ്ഡലമാണ് ചവറ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 6186 വോട്ടിന് സിഎംപി സ്ഥാനാർത്ഥിയായ വിജയൻ പിള്ള ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയതോടെ മണ്ഡലത്തിലെ ആദ്യത്തെ ആർഎസ്‌പി ഇതര എംഎൽഎയായി വിജയൻ പിള്ള മാറി.
രണ്ട് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായ ഷിബുബേബി ജോൺ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. മാസങ്ങൾക്ക് മുമ്പേ അദ്ദേഹം പ്രചരണം തുടങ്ങി കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ അന്തരിച്ച മുൻ എംഎൽഎ വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്ത് വിജയനാണ് ആദ്യ പരിഗണന. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പാർട്ടി പരിപാടികളിൽ സജീവമാണ് സുജിത്ത്.
കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് എത്തിയപ്പോൾ ഡോ. സുജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം ചിഹ്നത്തിലാണ് ഡോ.സുജിത്ത് മത്സരിക്കുന്നതെങ്കിൽ ജില്ലയിൽ 5 സീറ്റിൽ സിപിഎം മത്സരിക്കും. തൃശൂർ ജില്ല കഴിഞ്ഞാൽ സിപിഐ കൂടുതൽ സീറ്റിൽ മത്സരിക്കുന്നതുകൊല്ലം ജില്ലയിലാണ് 4 സീറ്റിൽ.
ജില്ലയിൽ സിപിഎമ്മിന് ഒരു സീറ്റ് അധികം നൽകാൻ സിപിഐ ജില്ലാ നേതൃത്വം തയ്യാറല്ല. തർക്കം രൂക്ഷമാകുകയാണേൽ കുന്നത്തൂർ സീറ്റ് സിപിഎം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ചവറയിലെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഏരിയ സെക്രട്ടറി ടി. മനോഹരനെ സ്ഥാനാർത്ഥിയാക്കണമെന്നാണവശ്യം സോഷ്യൽ മീഡിയയിൽ അടക്കം പ്രവർത്തകർ അത് പ്രകടമാക്കിയിരുന്നു.
ചവറയിലെ യുഡിഎഫ് ക്യാംപ് ആത്മവിശ്വാസത്തിലാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അഞ്ച് പഞ്ചായത്തിൽ നാലിടത്ത് ഭരണം പിടിക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണ തേവലക്കര പഞ്ചായത്തിൽ മാത്രം ആയിരുന്നു യുഡിഎഫ് ഭരണം ഉണ്ടായിരുന്നത്.
അവസാന വർഷം അവിശ്വാസത്തിലൂടെയുഡിഎഫ് വിമതരുടെ സഹായത്തോടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ചവറയിലെ എൽഡിഎഫിലെ വലിയ തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയും വിമതശല്യവുമാണ് കാരണമെന്നാണ് സിപിഎം വിലയിരുത്തൽ.
അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപറേഷനിലെ 7 വാർഡുകളും ചേരുന്നതാണ് ചവറ നിയോജക മണ്ഡലം. ചവറ മണ്ഡലം രൂപികൃതമായത് 1977ലാണ്. 1977, 1980, 1982,1987,1991, 1996 വരെ മണ്ഡലത്തെ പ്രതിനിധികരിച്ചത് ബേബിജോണായിരുന്നു. 2001 ൽ ആർഎസ്‌പി(ബി) ടിക്കറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷിബുബേബി ജോൺ ആർഎസ്‌പിയിലെ വി.പി രാമകൃഷണപിള്ളയെ പരാജയപെടുത്തി. 2006-ൽ പ്രേമചന്ദ്രൻ ഷിബുബേബിജോണിനെ തോൽപിച്ചു. 2011-ൽ പ്രേമചന്ദ്രനെതിരെ ഷിബുബേബിജോൺ വിജയം നേടി.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർഎസ്‌പി യുഡിഎഫിലെത്തിയതിനെ തുടർന്ന് ആർഎസ്‌പി വിഭാഗങ്ങൾ ഒന്നായി. ആർഎസ്‌പി ലയനത്തിന് ശേഷം നടന്ന 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഷിബുബേബിജോൺ വിജയൻപിള്ളയോട് 6186 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലെ ചവറ, കുന്നത്തൂർ, ഇരവിപുരം , തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, തൃശൂർ ജില്ലയിലെ കയ്പമംഗലം തുടങ്ങി മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും ആർഎസ്‌പി പരാജയപ്പെട്ടിരുന്നു.