- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടന്നുപോയത് പുതിയ യുവനേതാക്കളെ സൃഷ്ടിക്കാത്ത അഞ്ച് വർഷങ്ങൾ; നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പുതുമുഖങ്ങൾക്ക് പ്രായം അല്പം കൂടിയേക്കും; മന്ത്രിമാരെല്ലാം ഇനിയും ഒരങ്കത്തിന് തയ്യാറെന്നും റിപ്പോർട്ടുകൾ; തദ്ദേശ തെരഞ്ഞെടുപ്പിലെ ഓളം നിലനിർത്താൻ അരയും തലയും മുറുക്കി സിപിഎം
തിരുവനന്തപുരം: പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കിയ തീരുമാനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ തിളക്കമാർന്ന വിജയത്തിന് പിന്നിൽ എന്നാണ് എൽഡിഎഫും രാഷ്ട്രീയ നിരീക്ഷകരും കണക്കുകൂട്ടുന്നത്. ഇതേ സ്ട്രാറ്റജി നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മും ഇടതു മുന്നണിയും സ്വീകരിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. അതേസമയം, പുതിയ യുവനേതാക്കളെ സൃഷ്ടിക്കാത്ത അഞ്ചു വർഷമാണ് കടന്നു പോയത് എന്നത് ഇടതു പാർട്ടികൾക്ക് വെല്ലുവിളിയാകുന്നു. അതുകൊണ്ടു തന്നെ സിപിഎമ്മിലും സിപിഐയിലും പുതുമുഖങ്ങൾ സ്ഥാനാർത്ഥികളായാലും അവർക്ക് യുവത്വമിത്തിരി കുറവായിരിക്കും എന്ന് പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന സംസാരം.
സാധാരണയായി പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ് സിപിഎമ്മിനും സിപിഐക്കും ശ്രദ്ധേയരായ യുവജന നേതാക്കൾ രൂപപ്പെട്ട് വരുന്നത്. സമരങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയുമാണ് അത് സാധ്യമാകാറ്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അത്തരത്തിൽ ഒരു പുതിയ മുഖം പോലും സിപിഐക്കോ സിപിഎമ്മിനോ ഉയർന്നു വന്നില്ല. അതുകൊണ്ടു തന്നെ വിദ്യാർത്ഥി-യുവജന പ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും പഴയ നേതാക്കൾ തന്നെയാകും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുക.
തുടർച്ചയായി രണ്ടു ടേം നിന്നവരെ ഒഴിവാക്കണം എന്നതാണു സ്ഥാനാർത്ഥിത്വം സംബന്ധിച്ച സിപിഎം നിബന്ധന. വിജയസാധ്യതയുടെ പേരു പറഞ്ഞ് ഇതിൽ വെള്ളം ചേർക്കുന്ന രീതി തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്നു പരിശോധനയിൽ ബോധ്യമായി. ഇളവു നൽകണമെന്ന ബന്ധപ്പെട്ട ഘടകങ്ങളുടെ ആവശ്യം അംഗീകരിച്ചിടത്തു കൂടുതലും തോൽവിയാണ് ഉണ്ടായത്. താഴേത്തട്ടിൽ ഈ വിശകലനം എത്തിയതോടെ പുതുമുഖങ്ങളും യുവ നേതാക്കളും പ്രതീക്ഷയിലാണ്. അതേസമയം, യാന്ത്രികമായി 2 ടേം നിബന്ധന പാലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു നേതാക്കൾ പറഞ്ഞു. എന്നാൽ പതിവു മുഖങ്ങളെ മാറ്റി പുതുമുഖങ്ങൾക്കു പ്രാമുഖ്യം കൊടുക്കണമെന്ന അഭിപ്രായം പൊതുവിൽ പരിഗണനയിലുണ്ട്. സ്ത്രീകൾക്കും കൂടുതൽ സീറ്റ് നൽകും. നിബന്ധന കർശനമാക്കിയാൽ മന്ത്രിമാർ ഉൾപ്പെടെ ഒരുപിടി നേതാക്കൾ ഒഴിവാകും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭയിലെ മിക്കവാറും എല്ലാ സിപിഎം. അംഗങ്ങളും ഒരിക്കൽക്കൂടി ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔപചാരികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മന്ത്രിമാരെ വ്യവസ്ഥകളൊന്നും നോക്കാതെതന്നെ വീണ്ടും മത്സരരംഗത്തേക്ക് ഇറക്കാനാണ് ധാരണ. എന്നാൽ പ്രവർത്തന മികവിൽ പിന്നോട്ടുപോയ ഒരു മന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അദ്ദേഹത്തെ സംഘടനാ രംഗത്തേക്ക് മാറ്റാനാണ് ആലോചന.
ഈ മാസം 28 മുതൽ 31 വരെ സിപിഎം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ നടക്കും. ഫെബ്രുവരി 2 മുതൽ 4 വരെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളും ചേരും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച മാർഗരേഖയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഈ യോഗങ്ങൾ ചർച്ച ചെയ്യും. കേരളത്തിലാകെ നിയോജകമണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. ആ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ചേർന്നതാണ് ഈ സമിതി. പഞ്ചായത്ത്, ബൂത്ത് തല കമ്മിറ്റികൾ 31ന് മുൻപു രൂപീകരിക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷമേ ഉണ്ടാകൂ.
കേരള യാത്രയും ജനസമ്പർക്കവും
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനസമ്പർക്ക പരിപാടിയുമായി എൽഡിഎഫ് സർക്കാരും. ജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും പെട്ടെന്നു പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ‘സാന്ത്വന സ്പർശം' ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ 18 വരെ നടക്കും. അദാലത്തിനുള്ള മുന്നൊരുക്കങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാർക്കു വിഡിയോ കോൺഫറൻസ് വഴി നിർദ്ദേശം നൽകി. പരാതികൾ ഓൺലൈനായാണു നൽകേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാക്കാത്തവയും പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 1, 2, 4 തീയതികളിൽ കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം കോഴിക്കോട് ജില്ലകളിലാണ് അദാലത്ത്. ഇവിടങ്ങളിലേക്ക് 24 മുതൽ 28 വരെ പരാതികൾ സ്വീകരിക്കും. ഫെബ്രുവരി 8, 9, 11 തീയതികളിൽ കാസർകോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ. 27 മുതൽ ഫെബ്രുവരി 2 വരെ പരാതികൾ നൽകാം. ഫെബ്രുവരി 15,16,18 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ. ഫെബ്രുവരി 3 മുതൽ 9 വരെ പരാതികൾ നൽകാം ആദിവാസി മേഖലകളിലുള്ളവർക്ക് അപേക്ഷ നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യുഡിഎഫ്, എൻഡിഎ ജാഥകൾക്കു പിന്നാലെ എൽഡിഎഫിന്റെ കേരള യാത്രയും വരുന്നു. 27ന് എൽഡിഎഫ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം, സിപിഐ നേതാക്കൾ നയിക്കുന്ന രണ്ട് മേഖലാ ജാഥകൾ നടത്താനാണു സാധ്യത കൂടുതൽ. നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ