- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ ചെങ്കോട്ട കാത്ത് ഇടതുതരംഗം; സതീശൻ പാച്ചേനിയെ നിലംതൊടീക്കാതെ കടന്നപ്പള്ളി; അഴീക്കോട് പുതുമുഖം കെ.വി.സുമേഷിന് മുന്നിൽ അടിതെറ്റി കെ എം ഷാജി; യുഡിഎഫിന്റെ മാനം കാത്ത് ഇരിക്കൂർ; പേരാവൂരിൽ ഇഞ്ചോടിഞ്ച്; മട്ടന്നൂരിലും ധർമ്മടത്തും ഇടതിന് വൻ ഭൂരിപക്ഷം
കണ്ണൂർ: തുടർഭരണത്തിലേക്കുള്ള മുന്നേറ്റത്തിൽ കണ്ണൂരിലെ ചെങ്കോട്ടകൾ കാത്ത് ഇടതുതരംഗം. ജില്ലയിലെ 11 സീറ്റിൽ ഒൻപതിലും എൽഡിഎഫ് വിജയമുറപ്പിച്ചു. പേരാവൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. 2500 ലേറെ വോട്ടുകൾക്ക് യുഡിഫ് മുന്നിലാണ്.
ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫാണു ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്റെ കണക്കിൽപോലുമില്ലാതിരുന്ന കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സതീശൻ പാച്ചേനിയെ രണ്ടാം വട്ടവും മലർത്തിയടിച്ചതാണു ജില്ലയിലെ അപ്രതീക്ഷിത വിജയം.
അഴീക്കോട് മണ്ഡലം ലീഗിലെ കെ.എം.ഷാജിയിൽനിന്നു പുതുമുഖം കെ.വി.സുമേഷ് പിടിച്ചെടുത്തതും സിപിഎമ്മിനു നേട്ടമായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.കെ.ശൈലജയും രാമചന്ദ്രൻ കടന്നപ്പള്ളിയും മികച്ച വിജയം നേടി. മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ കെ.കെ.ശൈലജ 61,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ജയത്തിലേക്ക് മുന്നേറിയത്. പയ്യന്നൂർ 49,342, കല്യാശേരി 44,393, ധർമ്മടം 49,061, തലശ്ശേരി 36,801 എന്നിങ്ങനെയാണ് ഇടത് സ്ഥാനാർത്ഥികൾ നേടിയ ഭൂരിപക്ഷം.
9-2 എന്ന നിലയ്ക്കാണു സിപിഎം ജില്ലയിൽ വിജയം കണക്കുകൂട്ടിയത്. എണ്ണത്തിന്റെ കാര്യത്തിൽ ഈ കണക്കുകൂട്ടൽ കടുകിട തെറ്റിയില്ല. അതേസമയം, സിപിഎം പ്രതീക്ഷിക്കാത്ത കണ്ണൂർ മണ്ഡലം ലഭിക്കുകയും ചെയ്തു. പ്രതീക്ഷിച്ച പേരാവൂരിൽ കനത്ത പോരാട്ടം നടക്കുകയുമാണ്. 6-5 എന്നതായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
കണ്ണൂർ, ഇരിക്കൂർ, പേരാവൂർ, അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ വിജയം പ്രതീക്ഷിച്ച യുഡിഎഫിന് മലയോര മണ്ഡലങ്ങളായ ഇരിക്കൂറിലും പേരാവൂരിലും മാത്രമാണ് ആ പ്രതീക്ഷ കാക്കാനായത്. അഴീക്കോട്ടും കൂത്തുപറമ്പിലും മത്സരിച്ച മുസ്‌ലിം ലീഗിന് രണ്ടിടത്തെയും പരാജയത്തോടെ, കണ്ണൂർ ജില്ലയിൽ എംഎൽഎ ഇല്ലാതായി.
ഹാട്രിക് ലക്ഷ്യമിട്ട് മൂന്നാം തവണയും തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ കെ.എം. ഷാജിക്ക് മേൽ 5000 ലേറെ വോട്ടിന്റെ ലീഡാണ് കെ.വി. സുമേഷിനുള്ളത്.
2016-ൽ 2287 വോട്ടിനാണ് അഴീക്കോട് മണ്ഡലം എൽ.ഡി.എഫിനെ കൈവിട്ടത്. മണ്ഡലം നിലനിർത്താൻ ശക്തനായ സ്ഥാനാർത്ഥിയെന്ന നിലയ്ക്കാണ് മൂന്നം തവണയും ഷാജിയെ യു.ഡി.എഫ്. മത്സരത്തിനിറക്കിയത്. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച വിജയിച്ച ഷാജിയെ ഇത്തവണയും അഴീക്കോട് തുണയ്ക്കുമെന്ന് യു.ഡി.എഫ്. പാളയത്തിന് വർധിച്ച ആത്മവിശ്വാസവുമുണ്ടായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും വരാനില്ലെന്ന പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കെ.എം. ഷാജി ഉയർത്തിയത്.
എന്നാൽ അത് വിധേനെയും മണ്ഡലം തിരിച്ചുപിടിക്കാനായി ജനകീയനായ കെ.വി. സുമേഷിനെയാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.വി. സുമേഷിന്റെ ജനകീയ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറിയെന്ന് വേണം കണക്കുകൂട്ടാൻ.
2016ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ 8-3 എന്ന സ്‌കോറാണ് കണ്ണൂരിൽ നേടിയത്. ഇത്തവണ അഞ്ച് സീറ്റുകൾ നേടുമെന്ന യു.ഡി.എഫിന്റെ ഉറച്ച പ്രതീക്ഷകൾക്കാണ് മങ്ങലേറ്റത്.