- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ശരാശരി പോളിങ് മാത്രം; രേഖപ്പെടുത്തിയത് 74.02 ശതമാനം; വടക്കൻ ജില്ലകളിൽ മുന്നേറ്റം; കുറവ് പത്തനംതിട്ടയിൽ; വെബ്കാസ്റ്റിങ് നടന്നത് 20478 ബൂത്തുകളിൽ; ത്രികോണ മത്സരം 'കടുപ്പിച്ച' മണ്ഡലങ്ങളിൽ കനത്ത പോളിങ്; വോട്ടെടുപ്പ് ദിനത്തിലും 'കത്തിയത്' ശബരിമല; കല്ലുകടിയായി സംഘർഷവും കള്ളവോട്ടും; പരിശ്രമം പാഴാകില്ലെന്ന് മുഖ്യമന്ത്രി; ഐതിഹാസിക വിജയം നേടി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ്; ഇനി ഫലമറിയാൻ കാത്തിരിപ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ശരാശരി പോളിങ് മാത്രം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.53 ശതമാനം പോളിങ് നടന്ന സംസ്ഥാനത്ത് ഇത്തവണ ഇതുവരെ ലഭിച്ച കണക്ക് അനുസരിച്ച് 74.02 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ 74.53 ശതമാനം പോളിംഗും രേഖപ്പെടുത്തി.
കേരളത്തിൽ 114 മണ്ഡലമായിരിക്കെ 1960ലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്85.72%. സംസ്ഥാനത്ത് 140 മണ്ഡലമായതിനു ശേഷം ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 1987ലാണ് 80.54%. അതിനു ശേഷം ഏറ്റവും കൂടുതൽ പോളിങ് ശതമാനം 2016ലായിരുന്നു77.35%. പോളിങ് ശതമാനത്തിൽ വിശ്വാസമർപ്പിച്ചും ആശങ്ക പുലർത്തിയും ഇനി കണക്കുകൂട്ടലിന്റെ ദിവസങ്ങൾ. മെയ് 2നു ഫലമറിയാം.
അന്തിമ കണക്കുകൾ പുറത്തു വരുമ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായ പോളിങ് ശതമാനത്തിലേക്ക് ഉയരും എന്നാണ് മുന്നണികളുടെ പ്രതീക്ഷ.
ഇത്തവണ മറ്റിടങ്ങളേക്കാൾ വടക്കൻ കേരളത്തിൽ പോളിങ് ശതമാനം ഉയർന്നു. ഉയർന്ന പോളിങ് കോഴിക്കോട്78.3%. കുറഞ്ഞ പോളിങ് പത്തനംതിട്ടയിൽ67.1%. ബിജെപി പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തി-76.61%. 2016ൽ 76.31%. നേമത്ത് പോളിങ് ശതമാനം കുറഞ്ഞു69.65%. 2016ൽ 74.11%. പോളിങ് ആരംഭിച്ച് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോഴാണ് 10% പിന്നിട്ടത്. രാവിലെ പത്തുമണിയോടെ പോളിങ് 20 ശതമാനത്തിനു മുകളിലായി. ഉച്ചക്ക് ഒരുമണിക്ക് 40% പിന്നിട്ടശേഷം രണ്ടുമണിയോടെ 50 ശതമാനത്തിനു മുകളിലായി. വൈകിട്ട് ആറുമണിക്കാണ് പോളിങ് 70% കടന്നത്.
ജില്ലകളിലെ പോളിങ് ശതമാനം(ബ്രാക്കറ്റിൽ 2016ലെ ശതമാനം): കാസർകോട്74.8 (78.51), കണ്ണൂർ 77.8 (80.63), വയനാട് 74.7(78.22), കോഴിക്കോട് 78.3(81.89), മലപ്പുറം 74.0(75.83), പാലക്കാട് 76.1(78.37), തൃശൂർ 73.6 (77.74), എറണാകുളം 74.0 (79.77), ഇടുക്കി 70.3(73.59), കോട്ടയം 72.1(76.90), ആലപ്പുഴ 74.4(79.88), പത്തനംതിട്ട 67.1 (71.66), കൊല്ലം 73(75.07), തിരുവനന്തപുരം 70.2 (72.53).
മധ്യകേരളത്തിൽ മഴപെയ്തത് കോട്ടയം ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പിനെ മന്ദഗതിയിൽ എത്തിച്ചെങ്കിലും പിന്നീട് പോളിങ് ശതമാനം കൂടുന്ന സ്ഥിതി വിശേഷമായിരുന്നു ഉണ്ടായത്. കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ താരതമ്യേനേ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്.
ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് 150 ബാലറ്റ് യൂണിറ്റുകളും 150 കൺട്രോൾ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും ആണ് തിരഞ്ഞെടുപ്പിനിടയിൽ തകരാറിലായത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ബാലറ്റ് യൂണിറ്റുകളും നാലു കൺട്രോൾ യൂണിറ്റുകളും 33 വിവിപാറ്റ് മെഷീനുകളും തകരാറിലായി. സംസ്ഥാനതലത്തിൽ 0.33 ശതമാനം ബാലറ്റ് യൂണിറ്റുകളും 0.33 ശതമാനം കൺട്രോൾ യൂണിറ്റുകളും 1.6 ശതമാനം വിവിപാറ്റുകളുമാണ് തകരാറിലായി മാറ്റിവയ്‌ക്കേണ്ടി വന്നത്. 20478 ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തി.
ശബരിമല യുവതീപ്രവേശന വിഷയത്തിലായിരുന്നു വോട്ടിങ് ദിനത്തിൽ നേതാക്കളുടെ പ്രധാന പ്രതികരണം. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എ.കെ.ബാലൻ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
വയനാട്, കാസർകോട് അടക്കമുള്ള ജില്ലകളിൽ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവിൽ പോളിങ് നടന്നിട്ടില്ല. മാനന്തവാടിയിൽ കഴിഞ്ഞ തവണ 77 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഇക്കുറി ഇതുവരെ 74 ശതമാനം പോളിങ്ങുണ്ടായി. സുൽത്താൻ ബത്തേരി 78/ 73 കൽപ്പറ്റ 79/ 73 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ 2016-ലേയും 2021-ലേയും പോളിങ് ശതമാനം.
വയനാട്ടിൽ കഴിഞ്ഞ തവണ വലിയ പോളിങ് ഉണ്ടായപ്പോൾ എൽഡിഎഫിനാണ് ഗുണം ചെയ്തത്. അതിനാൽ പോളിങ് കുറഞ്ഞാൽ എൽഡിഎഫിനും പോളിങ് കൂടിയാൽ യുഡിഎഫിനും നേട്ടമുണ്ടാക്കും എന്ന തിയറി രാഷ്ട്രീയ നിരീക്ഷകർ തന്നെ തള്ളിക്കളയുകയാണ്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. കനത്ത ത്രികോണ മത്സരം നടന്ന കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥിമാരില്ലാത്തതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇരട്ടവോട്ട് ആരോപണത്തിൽ കാര്യമായ തർക്കങ്ങളുണ്ടായില്ല.
വോട്ടിങിനിടെ ചിലയിടത്ത് സംഘർഷമുണ്ടായി. കഴക്കൂട്ടത്ത് ബിജെപി സിപിഎം സംഘർഷത്തിൽ 5 ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. ഒരു സിപിഎം പ്രവർത്തകനും പരുക്കേറ്റു.തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകന്റെകാർ അടിച്ചുതകർത്തു. തുടർന്ന് പൊലീസ് രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ആന്തൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി. പ്രവർത്തകർ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി.-കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
തന്നെ ബൂത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡി.വൈ.എഫ്‌ഐ. പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നാണ് ധർമജന്റെ ആരോപണം. ആറാട്ടുപുഴയിൽ വീണാ ജോർജിനെതിരെ കൈയേറ്റ ശ്രമവും അസഭ്യവർഷവും ഉണ്ടായി. കോൺഗ്രസ്- ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് സിപിഎം ആരോപണം
വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽപ്പറ്റയിൽ വോട്ടിങ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അൻസാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കു പകരം മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയർന്നത്. തുടർന്ന് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. തുടർന്ന് കളക്ടറേറ്റിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീൻ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
പോളിങ് ബൂത്തിൽ മന്ത്രിമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. 51-ാം നമ്പർ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തിൽ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നീക്കംചെയ്തു
ന്യൂസ് ഡെസ്ക്