- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2007ൽ 206 സീറ്റ് നേടി യുപി ഭരിച്ച മായാവതി; 2012ൽ നേടിയത് 80 സീറ്റുകൾ; 2017ൽ 19 ആയി ചുരുങ്ങി; ഇത്തവണ നാല് സീറ്റുകൾ; ജാട്ട് സമുദായവും കൈവിട്ടതോടെ ബി എസ് പിയുടെ പൂർണ പതനം; ദേശീയ രാഷ്ട്രീയത്തിൽ 'ആന' അപ്രത്യക്ഷമാകുന്ന കാലം
ലക്‌നൗ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവസാന ചിത്രം വ്യക്തമായിരിക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ബഹുജൻ സമാജ് പാർട്ടി അപ്രത്യക്ഷമാകുന്നു. 2007ൽ ഉത്തർ പ്രദേശിൽ 403 സീറ്റുകളിൽ 206 മണ്ഡലങ്ങളിൽ വിജയിച്ച് ഭരണത്തിലേറിയ ബിഎസ്‌പി പിന്നീട് വന്ന മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിൾ കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്. ഉത്തർപ്രദേശിൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് ബിഎസ്‌പി മുന്നേറുന്നത്. പഞ്ചാബിൽ സീറ്റുകളേ ലഭിച്ചിട്ടില്ല. ഉത്തരാഖണ്ഡിൽ ഒരു സീറ്റിൽ മാത്രമാണ് മുന്നേറാനായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തിരിച്ചടി ഭയന്ന് മായാവതി മത്സരിക്കിക്കാൻ തയ്യാറായിരുന്നില്ല.
യുപിയിൽ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ അടിത്തറയുണ്ടായിരുന്ന ബിഎസ്‌പിയുടെ പ്രകടനം 2017 നേക്കാൾ ശോചനീയമാണ്. 2017 ൽ 19 സീറ്റുകൾ ബിഎസ്‌പിക്ക് നേടാനായിരുന്നു. 22.3 ശതമാനം വോട്ടാണ് അന്ന് നേടാനായത്. ഇത്തവണ 12 ശതമാനം വോട്ട് വിഹിതത്തിലേക്ക് ചുരുങ്ങി. 20 ശതമാനത്തിൽ താഴെ ബിഎസ്‌പിയുടെ വോട്ട് വിഹിതം താഴില്ലെന്ന അനുമാനവും ഇത്തവണ തെറ്റി.
2007 ലാണ് യുപിയിൽ അവസാനമായി ബിഎസ്‌പി സർക്കാർ അധികാരത്തിൽ വന്നത്. 403 സീറ്റുകളിൽ 206 സീറ്റുകൾ ബിഎസ്‌പി അന്ന് നേടി. അത് ശേഷം ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ബിഎസ്‌പി താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. 2012 ലെ തെരഞ്ഞെടുപ്പിൽ 80 സീറ്റുകൾ ബിഎസ്‌പി നേടി. 2017 ൽ ഇത് 19 ആയി ചുരുങ്ങി. ഇത്തവണയാകട്ടെ മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്.
യുപി രാഷ്ട്രീയത്തിൽ നിന്നും ബിഎസ്‌പി അപ്രത്യക്ഷമാവുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ജാട്ട് സമുദായം വലിയ തോതിൽ ബിഎസ്‌പിയെ കൈവിട്ടിരിക്കുന്നു. ബിഎസ്‌പി അശക്തമായിരിക്കുന്നു എന്ന തോന്നൽ ജാട്ട് സമുദായത്തിന് വന്നിട്ടുണ്ട്. ഇത് മൂലം ബിഎസ്‌പി വോട്ടുകൾ ബിജെപിയിലേക്ക് പോയി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജാട്ട് സമുദായം ബിജെപിയുടെ ധനക്ഷേമ പദ്ധതികളിൽ ആകൃഷ്ടരാവുകയും ചെയ്തതാണ് മായവതിയുടെ ബി എസ് പി കനത്ത തിരിച്ചടി നേരിടാൻ ഇടയാക്കിയത്.
ആർ.പി.ഐക്ക് അംബേദ്കറുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ കഴിയില്ലെന്നും ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പുതിയൊരു രാഷ്ട്രീയപ്പാർട്ടി വേണമെന്നതാണ് ബി.എസ്‌പിയുടെ രൂപീകരണത്തിനു പിന്നിലെ യുക്തി. കാൻഷിറാമിന്റെ സ്വപ്നങ്ങളെ പൂർത്തീകരിക്കുകയാണ് ബി.എസ്‌പി പ്രഖ്യാപിത ലക്ഷ്യമായി മുന്നോട്ട് വച്ചിരുന്നത്.
എന്നാൽ കുറച്ചുവർഷങ്ങളായി ബി.എസ്‌പിക്ക് പ്രത്യയശാസ്ത്രപരമായ ആവേശവും തിരഞ്ഞെടുപ്പിൽ വോട്ടുകളും കുറഞ്ഞുവരികയാണ്. തുടക്കകാലത്തെ സമരോത്സുകമായ ബഹുജൻ രാഷ്ട്രീയത്തിൽ നിന്നും അത് മാറിയിരിക്കുന്നു. അതോടെ ബഹുജൻ ഹിതായ എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും സർവജൻ ഹിതായ എന്ന മുദ്രാവാക്യത്തിലേക്ക് പാർട്ടി മാറുന്ന കാഴ്ചയാണ് കണ്ടത്.
പ്രായോഗിക രാഷ്ട്രീയത്തിന്റെ ശക്തമായ പ്രവാഹം ബി.എസ്‌പിയുടെ പരുക്കൻ അരികുകളെ മിനുസപ്പെടുത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മറ്റേതൊരു രാഷ്ട്രീയ പാർട്ടിയേയും പോലെ തന്നെയാണ് ബി എസ് പി. ബിജെപിയുമായി ചേർന്ന് ലക്‌നൗവിൽ മൂന്നുതവണ സർക്കാർ രൂപീകരിക്കുകയും ഗുജറാത്ത് കലാപത്തിനു ശേഷവും ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയതും പാർട്ടിയുടെ അടിത്തറ ഇല്ലാതാക്കി.
എല്ലാത്തിനുമുപരിയായി മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകുന്ന ബില്ലിന് അവർ പിന്തുണ കൊടുത്തു.
ഒരു കാലത്ത് ബഹുജൻ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുകയും പ്രവർത്തിക്കുകയും പിന്നീട് ബി.എസ്‌പിയുടെ സർവജൻ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിരാശരായി പോവുകയും ചെയ്ത ആളുകളെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതാണ് ഇപ്പോൾ ബിജെപി ഭരണം നിലനിർത്തുന്നതിലേക്ക് ഉണ്ടായ മുന്നേറ്റം.
2014ലേയും 2019ലേയും ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഉയർന്ന ജാതിയിൽപ്പെട്ടവർ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ദളിത് വിഭാഗത്തിന്റെയടക്കം വോട്ടുകൾ നേടാനും വിഭജിച്ച് തിരഞ്ഞെടുപ്പ് അനുകൂലമാക്കാനും സാധിക്കുന്നു.
ന്യൂസ് ഡെസ്ക്