- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചിൽ നാലിടത്തും താമരക്കാലം; ഉത്തർ പ്രദേശിൽ ചരിത്രം കുറിച്ച് യോഗി വീണ്ടും അധികാരത്തിലേക്ക്; ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു; പ്രതിസന്ധി മറികടന്ന് ഗോവയും ഒപ്പം; കോൺഗ്രസിനെ വീഴ്ത്തി പഞ്ചാബ് പിടിച്ചെടുത്ത് ആം ആദ്മിയുടെ അത്ഭുതം; തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നു കൊണ്ടിരിക്കെ അഞ്ചിൽ നാലിടത്തും ഭരണം ഉറപ്പിച്ച് ബിജെപിയുടെ മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബിജെപി കനത്ത ലീഡ് നേടി മുന്നേറുന്നത്. അതേ സമയം തിരിച്ചടി പ്രതീക്ഷിച്ച ഗോവയിൽ ഇരുപത് സീറ്റുകളിൽ ബിജെപിക്ക് മുന്നേറാനായി. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
അതേ സമയം ഭരണപക്ഷത്തിരുന്ന കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയത്തിൽ കരുത്ത് തെളിയിച്ചു മുന്നേറുന്ന കാഴ്ചയാണ് പഞ്ചാബിൽ കാണുന്നത്. ഡൽഹിക്ക് അപ്പുറത്തേക്കും ആം ആദ്മി പാർട്ടിക്ക് ചുവടുവയ്ക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്. അഞ്ചിടങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഉത്തർപ്രദേശിൽ ഒറ്റ അക്കത്തിൽ തന്നെ തുടരുന്ന ബി എസ് പി ദേശീയ രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന കാഴ്ചയാണുള്ളത്.
യോഗിയുടെ തേരിലേറി യുപിയിൽ ബിജെപിക്ക് ഭരണത്തുടർച്ച
ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നിലയോടെയാണ് ബിജെപി കുതിപ്പ് തുടരുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പിക്കുന്നത്. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 263 സീറ്റുകളിലാണ് പാർട്ടി ലീഡ് നിലനിറുത്തുന്നത്. കോൺഗ്രസ്, കർഷക സമര ശക്തികേന്ദ്രങ്ങളും ഇതിൽപ്പെടും. മുഖ്യമന്ത്രി യോഗി ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പ്രമുഖരും ലീഡ് ചെയ്യുന്നു.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി സഖ്യം 263 സീറ്റുകളാണു നേടിയത്. ശക്തമായ മത്സരം കാഴ്ചവച്ച സമാജ്വാദി പാർട്ടി (എസ്‌പി) 135 സീറ്റ് നേടി. എസ്‌പിക്ക് 86 സീറ്റുകൾ അധികം കിട്ടിയപ്പോൾ ബിജെപിക്കു കുറഞ്ഞത് 62 സീറ്റ്. കഴിഞ്ഞ തവണത്തേതിൽനിന്ന് 18 സീറ്റ് നഷ്ടപ്പെട്ട് ബിഎസ്‌പി ഒരു സീറ്റിലൊതുങ്ങി. 5 സീറ്റുകൾ കൈമോശം വന്ന കോൺഗ്രസിന്റെ സമ്പാദ്യം 2 സീറ്റാണ്.
ഉത്തർപ്രദേശിൽ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വർഷം അധികാരത്തിലിരുന്ന ശേഷം തുടർഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് യോഗി ആദിത്യനാഥ്.
ഉത്തർപ്രദേശിൽ മുൻപ് നാല് മുഖ്യമന്ത്രിമാർ രണ്ടാംവട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാൽ അവരാരും അഞ്ച് വർഷം അധികാരത്തിൽ തുടർന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ സവിശേഷമാക്കുന്നത്. 37 വർഷത്തിനു ശേഷമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നത്.
1985ൽ കോൺഗ്രസിന്റെ നാരായൺ ദത്ത് തിവാരി ആണ് ഉത്തർപ്രദേശിൽ തുടർ ഭരണത്തിലെത്തിയ അവസാനത്തെ മുഖ്യമന്ത്രി. കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന സമ്പൂർണാനന്ദ് (1957), ചന്ദ്രഭാനു ഗുപ്ത (1962), എച്ച്. എൻ ബഹുഗുണ (1974) എന്നിവരാണ് രണ്ടുവട്ടം അധികാരത്തിലെത്തിയ മറ്റുള്ളവർ.
രണ്ടാംവട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. അഞ്ച് വർഷ കാലാവധി പൂർത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയാണ് അദ്ദേഹം. ബഹുജൻ സമാജ് പാർട്ടി മുഖ്യമന്ത്രി മായാവതി (2007 - 12), സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവ് (2012 - 17) എന്നിവരാണ് മറ്റു രണ്ടുപേർ.
പഞ്ചാബിൽ ചരിത്രം തിരുത്തി എഎപി
പഞ്ചാബിൽ കോൺഗ്രസ് വൻ തകർച്ചയാണ് ഇത്തവണ ഏറ്റുവാങ്ങിയത്. ഡൽഹിയിലെ ഭരണനേട്ടങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പഞ്ചാബിലേക്കും പടരാനുള്ള ആം ആദ്മി പാർട്ടിയുടെ കരുതലോടെയുള്ള മുന്നൊരുക്കങ്ങൾ പഞ്ചാബിൽ ഫലം കണ്ടു. ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിന് മുന്നിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ ബിജെപിയുടെയും ശിരോമണി അകാലി ദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. മത്സരിച്ച രണ്ട് സീറ്റിലും നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ദയനീയമായി പരാജയപ്പെട്ടു.
കടുത്ത മത്സരം നടന്ന പഞ്ചാബിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ചായിരുന്നു എഎപി മുന്നേറ്റം. ആകെയുള്ള 117 സീറ്റുകളിൽ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരം പിടിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് 18 സീറ്റിലൊതുങ്ങി; കഴിഞ്ഞ തവണത്തേതിൽനിന്നു നഷ്ടമായത് 59 സീറ്റ്. 11 സീറ്റ് നഷ്ടപ്പെട്ട് ശിരോമണി അകാലിദൾ 4 സീറ്റിലും ഒരു സീറ്റ് നഷ്ടപ്പെട്ട ബിജെപി സഖ്യം 2 സീറ്റിലുമാണു ജയിച്ചത്.
മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാൽ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും പരാജയപ്പെട്ടു. സിദ്ദു രണ്ടാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. 34257 വോട്ടുകളുമായി എഎപിയുടെ ജീവൻ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്.
മുഖ്യമന്ത്രി തോറ്റിട്ടും ഉത്തരാഖണ്ഡിൽ ബിജെപി
എക്‌സിറ്റ് പോൾ ഫലങ്ങൾ ആശങ്ക ഉയർത്തിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ മുതൽ നേടിയ മുൻതൂക്കത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണം ഉറപ്പിച്ചു. എന്നാൽ ഖാത്തിമയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോട് 6,932 വോട്ടിനു തോറ്റത് ആഘോഷത്തിനിടെയും ബിജെപിക്ക് തിരിച്ചടിയായി.
ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പം പോരാടിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ മറികടന്നത്. 70 അംഗ നിയമസഭയിൽ നിലവിൽ 48 സീറ്റുകളിൽ ബിജെപിയാണു ലീഡ് ചെയ്യുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ലീഡ് ചെയ്യുന്നതു കേവലം 18 സീറ്റുകളിൽ മാത്രമാണ്. മറ്റുള്ളവർ നാല് സീറ്റിലും മുന്നിട്ടു നിൽക്കുന്നു. സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണെന്നിരിക്കെ, സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ബിജെപി തുടങ്ങിക്കഴിഞ്ഞതായായി മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചു.
നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്കൊപ്പം കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ഇതു തിരിച്ചടിയുടെ തിരഞ്ഞെടുപ്പായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. സിറ്റിങ് സീറ്റായ ഖാത്തിമയിൽ ധാമിയും ലാൽഖുവ മണ്ഡലത്തിൽ ഹരീഷ് റാവത്തും തോറ്റു. ലാൽഖുവയിൽ ബിജെപി സ്ഥാനാർത്ഥിയെക്കാൾ 16,000ൽ അധികം വോട്ടിനു പിന്നിലുള്ള ഹരീഷ് റാവത്ത് തോൽവി ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം, പുഷ്‌കർ സിങ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന സംസ്ഥാനത്തിന്റെ ചുമതയലുള്ള ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ വോട്ടെണ്ണലിനിടെയുള്ള പ്രഖ്യാപനം ബിജെപിയിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിരിക്കുകയാണ്. ഖാത്തിമയിൽ ജയിക്കാനായില്ലെങ്കിലും ധാമി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
59. 51 ശതമാനമായിരുന്നു തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. മോദി തരംഗം ആഞ്ഞടിച്ച 2017ലെ തിരഞ്ഞെടുപ്പിൽ, 57 സീറ്റുകൾ നേടിയാണ് സംസ്ഥാനത്തു ബിജെപി അധികാരത്തിലേറിയത്. അന്നു കോൺഗ്രസ് വെറും 11 സീറ്റിലൊതുങ്ങിിയുരുന്നു.
ഭരണവിരുദ്ധ വികാരം വിധി നിർണയത്തിൽ സ്വാധീനിക്കാറുള്ള ഉത്തരാഖണ്ഡിൽ, 2000ലെ സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ ഒരു മുന്നണിക്കും തുടർഭരണം ലഭിച്ചിട്ടില്ല. തുടർഭരണത്തിന് കളമൊരുങ്ങുന്നതോടെ, ദേശീയതലത്തിൽതന്നെ ബിജെപി ചർച്ചയാക്കി മാറ്റും.
മണിപ്പൂർ നിലനിർത്തി ബിജെപി
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ 312 സീറ്റുകളിൽ ബിജെപി മുന്നേറുന്നു. 9 സീറ്റുകളിൽ ലീഡ് ചെയ്യുന്ന എൻപിപിയാണ് രണ്ടാം സ്ഥാനത്ത്. നാല് സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുകയാണ്. മറ്റുള്ളവർ പതിനാറ് സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥി ഒക്രം ഇബോബി സിങ് തൗബൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഒക്രം ഇബോബി. മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് പുറമെ മണിപ്പൂർ പി സി സി പ്രസിഡന്റ് എൻ ലോകെൻ സിങ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിങ് എന്നിവരുടക്കം 173 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.
എക്‌സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞത്.
മണിപ്പൂരിൽ 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺ?ഗ്രസിന് (ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. കോൺഗ്രസ് സിപിഎം,സിപിഐ, ആർഎസ്‌പി, ജനതാദൾ എസ്, ഫോർവേർഡ് ബ്ലോക്ക് എന്നീ ആറ് പാർട്ടികളുടെ സഖ്യമാകും മണിപ്പൂരിൽ ബിജെപിയെ നേരിടുക.
എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺ?ഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
ഗോവയിൽ ബിജെപി തുടരും
കൂറുമാറ്റ രാഷ്ട്രീയം അധികാരം നിർണയിക്കുന്ന ഗോവയിൽ ഇക്കുറി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേക്ക്. നിലവിൽ 20 സീറ്റുകളിൽ മുന്നേറുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റുകൂടി മതി. ഇതിനായി സ്വതന്ത്രരേയും ചെറുകക്ഷികളേയും കൂട്ടുപിടിച്ച് അധികാരം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാമ്പ്.
ഏറ്റവും വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും കഴിഞ്ഞതവണ കോൺഗ്രസിനെ കാഴ്ചക്കാരാക്കി ഭരണം പിടിച്ചെടുത്ത ബിജെപി ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 2017-ൽ വെറും 13 സീറ്റുകൾ മാത്രം നേടിയാണ് ബിജെപി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷം തികച്ച് അധികാരത്തിലെത്തിയത്. ഗോവയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം കൃത്യമായി വീക്ഷിച്ച് തന്ത്രങ്ങൾ പയറ്റാൻ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെറുകക്ഷികളുമായും വിജയിച്ച സ്വതന്ത്രരുമായും ബിജെപി ചർച്ചകൾ സജീവമാക്കിയതായാണ് വിവരം.
കഴിഞ്ഞ തവണ 17 സീറ്റുകളിൽ ജയിച്ച കോൺഗ്രസ് നിലവിൽ മുന്നേറുന്നത് 12 സീറ്റുകളിൽ മാത്രമാണ്. മൂന്ന് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് സഖ്യവും മുന്നിലാണ്. ആറിടങ്ങളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
മുമ്പ് ഗോവയിൽ ബിജെപി എന്നാൽ മനോഹർ പരീക്കറായിരുന്നു. എന്നാൽ ഇത്തവണ പരീക്കറില്ലാതെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി, 2017ലേതിനെക്കാൾ നില മെച്ചപ്പെടുത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാംതവണയാണ് ബിജെപി ഗോവയിൽ അധികാരത്തിലേക്കെത്തുന്നത്. ഗോവയിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ സാധിക്കാതിരുന്നതാണ് കോൺഗ്രസിന് തിരിച്ചടിയായത്.
ഗോവയിൽ ആകെയുള്ള 40 സീറ്റുകളിൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മുന്നിലെത്തിയത്; കൂടിയത് 7 സീറ്റ്. കയ്യിലുണ്ടായിരുന്ന 8 സീറ്റ് നഷ്ടപ്പെട്ട കോൺഗ്രസിനു കിട്ടിയത് 12 മണ്ഡലം. അക്കൗണ്ട് തുറന്ന തൃണമൂൽ രണ്ട് സീറ്റ് നേടി. എഎപിക്ക് 3 സീറ്റ് കിട്ടി.
വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ ഗോവയിൽ ഭരണത്തുടർച്ചയ്‌ക്കൊരുങ്ങുകയാണ് ബിജെപി. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാർത്ഥികളാണ് അങ്കം കുറിച്ചത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷണമുള്ള ഈ തിരഞ്ഞെടുപ്പുകൾ ബിജെപിക്ക് വലിയ ആത്മവിശ്വാസമാണു പകരുന്നത്. പ്രവർത്തനരീതി അടിമുടി മാറ്റിയാലേ രക്ഷയുള്ളൂവെന്നതാണു കോൺഗ്രസ് മനസ്സിലാക്കേണ്ട പാഠം.
മറുനാടന് ഡെസ്ക്