- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപിക്ക് തടസ്സമായത് ശൈലജയും രണ്ടു ടേമും; എംവിയെ കിടത്തി കോവിഡും; പിജെയ്ക്ക് വില്ലനായത് ആർമി കരുത്തും; കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പു കാലം; പിണറായി നാളെ എത്തുന്നത് നേതാവ് താൻ മാത്രമെന്ന സന്ദേശം നൽകാൻ; അനുസരണക്കേട് കാട്ടിയാൽ കടക്ക് പുറത്തും; കണ്ണൂരിൽ നേട്ടമുണ്ടാക്കാൻ സുധാകരനും കോൺഗ്രസും; ധർമ്മടത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ പ്രമുഖനെത്തും
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിനിടെ കണ്ണൂരിലെ സിപിഎം കോട്ട കാക്കാൻ ജയരാജന്മാർ ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മൂന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ജയരാജത്രയത്തിൽ ആരും അങ്കത്തട്ടിൽ ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പിന് കണ്ണൂർ സാക്ഷിയാകാൻ പോകുന്നത്.
മൂന്നാമൂഴം വേണ്ടെന്ന പാർട്ടി തീരുമാനമാണ് ഇപിക്ക് തിരിച്ചടിയായത്. എന്നാൽ പി.ജയരാജന് സീറ്റ് നിഷേധിച്ചതാണ് പാർട്ടി അണികളെ പോലും അമ്പരപ്പിച്ചത്.
പി.ജയരാജനെ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കണ്ണൂരിൽ ഉയർന്നത്.
രണ്ടു ടേം നിബന്ധനയിൽ ഒരു ഇളവും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സി പി എം നേതൃത്വം തീരുമാനിച്ചതോടെയാണ് മന്ത്രി ഇ പി ജയരാജന് തിരിച്ചടിയായത്. കൂടാതെ കെ കെ ശൈലജയ്ക്ക് സുരക്ഷിതമായ മണ്ഡലം ഒരുക്കണമെന്ന പാർട്ടി നിർദേശവും സീറ്റ് നിഷേധിക്കാൻ കാരണമായി. കോവിഡ് ബാധിതനായതാണ് എം വി ജയരാജന് തിരിച്ചടിയായത്.
കാൽ നൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നവരാണ് സിപിഎം കണ്ണൂർ ഘടകത്തിലെ ജയരാജന്മാർ. 1987ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യം. 87 ൽ അഴീക്കോട്ട് എംവി രാഘവനെതിരെ പോരാട്ടത്തിനിറങ്ങിയാണ് മന്ത്രി ഇ.പി.ജയരാജൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചത്. വിജയം പക്ഷേ എംവിആറിനൊപ്പമായിരുന്നു. 91-ൽ അഴീക്കോട് ജയരാജൻ പിടിച്ചെടുത്തു. 96 മുതൽ പാർട്ടി സംഘടന സംവിധാനത്തിന്റെ ഭാഗമായി. 2011ലും 16 ലും മട്ടന്നൂരിൽ നിന്ന് ജയിച്ചു കയറി.
91 ലെ കന്നിയങ്കത്തിൽ എടക്കാട് എംവിക്കും കാലിടറിയിരുന്നു. ഒരു കാലത്ത് ജയരാജത്രയത്തിലെ ഏറ്റവും കരുത്തനായ പി. ജയരാജൻ 2001 എം വി ജയരാജനൊപ്പം നിയമസഭയിലെത്തി. കൂത്തുപറമ്പിലെ ഈ വിജയം കോടതി അസാധുവാക്കിയെങ്കിലും തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ജയരാജൻ എംഎൽഎ ആയത്. 2006ലും കൂത്തുപറമ്പ് പി.ജയരാജനെ നിയമസഭയിലെത്തിച്ചു. സീറ്റില്ലെങ്കിലും ഇ.പി. ജയരാജൻ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് എത്തുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എം വിജയരാജനാകട്ടെ പാർട്ടിയുടെ ഉരുക്ക് കോട്ടയായ കണ്ണൂരിന്റെ നേതൃത്വത്തിലുണ്ട്.
2001 മുതൽ രണ്ടു വട്ടം എംഎൽഎ. 2010 മുതൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി. കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിക്ക് പിൻഗാമി എന്ന് ഉറച്ച ഘട്ടത്തിലാണ് വ്യക്തിവാദത്തിന്റെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഭികാമ്യമല്ല എന്ന ഓർമ്മപ്പെടുത്തലുമായി പിജെ നിയന്ത്രിക്കപ്പെടുന്നത്.
സംസ്ഥാന സമിതി അംഗമെന്ന പദവി മാത്രമാണ് കണ്ണൂർ ഘടകത്തിലെ കരുത്തനായ പി.ജയരാജന് ഇപ്പോഴുള്ളത്. പിജെയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പാർട്ടിക്കുള്ളിൽ ഇതിനോടകം കലാപക്കൊടി ഉയർന്നു കഴിഞ്ഞു.
രണ്ടര ലക്ഷത്തോളം വരുന്ന സൈബർ സേനയ്ക്ക് കാര്യങ്ങളൊന്നും ഇനിയും ദഹിച്ചിട്ടുമില്ല. സി എച് കണാരന് ശേഷം പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും അതേ പടി മനസ്സിലാക്കാൻ ശേഷിയുള്ള നേതാവായാണ് അവർ പിജെയെ കാണുന്നത്. പോർമുഖങ്ങളിൽ ഒത്തുതീർപ്പിന്റെയും പിന്മാറ്റത്തിന്റേയും രാഷ്ട്രീയം അംഗീകരിക്കാത്ത പ്രവർത്തകർക്ക് പി ജയരാജൻ സമരസാക്ഷ്യമാണ്.
പ്രാദേശിക പ്രതിഷേധങ്ങളെ വകവയ്ക്കാതെ പല പ്രമുഖരേയും മാറ്റിയതിന് പിന്നിലെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച ഉറച്ചനിലപാടാണ്.
വ്യക്തി വേണോ പാർട്ടി വേണോ എന്ന ഒറ്റ ചോദ്യത്തിൽ അണികളെ ശാന്തരാക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് എനിക്കും അടുത്ത തവണ ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതേസമയം, ടേം ബാധമാകാത്ത പി ജയരാജന് സീറ്റ് നിഷേധിച്ചത് കണ്ണൂരിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക സി പി എമ്മിന് ബുദ്ധിമുട്ടാണ്. ഈ വിഷയം നാളെ സി പി എം സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് വന്നേക്കും.
സ്ഥിരമായി ജയിച്ചവർ തുടർന്നതാണ് പാർട്ടിക്ക് ബംഗാളിൽ അടിത്തറയിളക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ. ബംഗാളിലെ ഒരു നിര നേതാക്കൾക്ക് പ്രായമായപ്പോഴേക്കും നയിക്കാൻ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാർട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. കീഴ്ഘടകങ്ങളിലേക്ക് ബംഗാളിനെ ഉദ്ധരിച്ചാകും പാർട്ടി വിശദീകരണം നടത്തുക.
മറുനാടന് മലയാളി ബ്യൂറോ