- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ നിർമ്മാണ സഭ ജനാധിപത്യത്തിന്റെ ശ്രീകോവിൽ; എംഎൽഎമാർ അത് നശിപ്പിക്കാൻ ശ്രമിക്കുന്നതിൽ എന്ത് പൊതുതാൽപ്പര്യം; സർക്കാരിനെ മുൾമുനയിൽ നിർത്തി സുപ്രീം കോടതി; പ്രോസിക്യൂഷൻ നടപടി തുടരാനാകില്ലെന്ന് സർക്കാരും; നിയമസഭാ കയ്യാങ്കളിക്കേസ് വിധി പറയാൻ മാറ്റി
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. അപേക്ഷയിലെ വാദങ്ങൾ മനസിലാകുന്നില്ലെന്നും സുപ്രധാന വിഷയം ആയതുകൊണ്ടാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
വാദത്തിനിടെ കടുത്ത ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്നതിൽ തർക്കമില്ല. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നാൽ അതിന്റെ പേരിൽ കോടതി സാമഗ്രഹികൾ നശിപ്പിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭ. അത് എംഎൽഎമാർ നശിപ്പിക്കാൻ ശ്രമിക്കുന്നതിൽ എന്ത് പൊതുതാൽപ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു.
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചപ്പോൾ, ഒരു എം എൽ എ തോക്കെടുത്ത് വന്ന് വെടിവച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ, സഭയിലെ വസ്തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറുചോദ്യം.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആർ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, കെ എം മാണിക്ക് എതിരായ പരാമർശമെന്ന നിലപാട് സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ തിരുത്തി. സർക്കാരിനെതിരായ പ്രതിഷേധമായിരുന്നു അതെന്നും വനിതാ എം എൽ എമാർക്ക് അടക്കം അന്ന് പരിക്കേറ്റിരുന്നുവെന്നും വനിതാ അംഗങ്ങളെ പുറത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് സംഘർഷമുണ്ടായതെന്നും രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞു.
ഇതിന് മറുപടിയായി, കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നുവച്ച് കോടതിയിലെ വസ്തുക്കൾ തല്ലിത്തകർത്താൽ അതിന് ന്യായീകരണമുണ്ടോയെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.നിങ്ങൾ പ്രതികൾക്ക് വേണ്ടിയല്ല ഹാജരാകുന്നത് എന്നോർക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് ഇവിടെ വാദം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വാദത്തിന്റെ ഒരു ഘട്ടത്തിൽ അഭിഭാഷകനോട് പറഞ്ഞു.
രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ സംസ്ഥാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് ?, സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി എങ്ങനെ ഈ കേസ് പിൻവലിക്കാൻ കഴിയും തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉയർത്തി.
കേസ് പിൻവലിക്കാനുള്ള പൊതു താൽപ്പര്യം എന്താണെന്നും കോടതി ചോദിച്ചു. നിയമസഭയ്ക്ക് അകത്തു നടന്ന പ്രതിഷേധമാണ്. നിയമസഭ അംഗങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കണം. നിയമസഭയുടെ അധികാരം സംരക്ഷിക്കണം.
അന്നത്തെ സംസ്ഥാന സർക്കാരിന്റെ അഴിമതി ആരോപണത്തിനെതിരായ പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രതിഷേധങ്ങൾ സ്വഭാവികമാണെന്നായിരുന്നു സർക്കാർ വാദം. പ്രോസിക്യൂഷൻ നടപടി തുടരാനാകില്ലെന്നും സർക്കാർ പറഞ്ഞു.
അതിനോട്, ഏതു രീതിയിലും പ്രതിഷേധിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. പ്രതിഷേധം എന്നതിന്റെ പേരിൽ അക്രമം ഉണ്ടാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. പ്രഥമദൃഷ്ട്യാ തന്നെ കേസിൽ പ്രതികളായവർ പ്രോസിക്യൂഷൻ നടപടികൾ നേരിടണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.
കേസിൽ കക്ഷി ചേർന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേസ് പിൻവലിക്കാനുള്ള ഹർജിയെ എതിർത്തു. എല്ലാത്തിനും സഭയ്ക്ക് പരമാധികാരം അവകാശപ്പെടാനാകില്ല എന്നാണ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത്. ക്രിമിനൽ നടപടികൾ ചെയ്തിട്ടുണ്ടെങ്കിൽ പ്രോസിക്യൂഷൻ നേരിട്ടേ പറ്റൂ. കേസെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രമേ സ്പീക്കറുടെ അനുമതി ആവശ്യമുള്ളതെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്