- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ആനിയമ്മയ്ക്ക് ആരുമില്ല; പഞ്ചമിയുടെ മരണം അനാഥയാക്കിയത് പാതി തളർന്ന അമ്മയെ; അസീസി ആശുപത്രിയിലെ ചികിൽസാ പിഴവ് ജീവനെടുത്തത് പ്രതിസന്ധികളോട് പട വെട്ടി ജീവിച്ച സയോമിയയെ
എരുമേലി: ആശുപത്രിക്കാർക്ക് പറയാൻ പലതുണ്ട് ന്യായങ്ങൾ. എന്നാൽ ഈ അമ്മയുടെ കണ്ണീരിന് ആര് ഉത്തരവാദിത്തം പറയും? എല്ലാം നഷ്ടമായ ആനിയമ്മയുടെ അവസാന പ്രതീക്ഷയായിരുന്ന സയോമിയ. അവളെയാണ് ചികിൽസാപിഴവിലൂടെ നഷ്ടമായത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ആനിയമ്മയുടെ സംരക്ഷണം അസീസി ആശുപത്രി ഏറ്റെടുക്കും. ആനിയമ്മയുടെ നഷ്ടത്തിന്റെ തീവ്രത ആരുടേയു
എരുമേലി: ആശുപത്രിക്കാർക്ക് പറയാൻ പലതുണ്ട് ന്യായങ്ങൾ. എന്നാൽ ഈ അമ്മയുടെ കണ്ണീരിന് ആര് ഉത്തരവാദിത്തം പറയും? എല്ലാം നഷ്ടമായ ആനിയമ്മയുടെ അവസാന പ്രതീക്ഷയായിരുന്ന സയോമിയ. അവളെയാണ് ചികിൽസാപിഴവിലൂടെ നഷ്ടമായത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ആനിയമ്മയുടെ സംരക്ഷണം അസീസി ആശുപത്രി ഏറ്റെടുക്കും. ആനിയമ്മയുടെ നഷ്ടത്തിന്റെ തീവ്രത ആരുടേയും കരളലിയിപ്പിക്കും. അതുകൊണ്ട് തന്നെയാണ് വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധത്തിന് എരുമേലിക്കാർ ഒരുമിച്ചതും
മക്കളില്ലാതിരുന്നതിനെ തുടർന്ന് രണ്ട് പതിറ്റാണ്ട് മുൻപാണ് മുക്കൂട്ടുതറ ചെന്തിട്ടയിൽ കുഞ്ഞ് ആനിയമ്മ ദമ്പതികൾ ഒരു പെൺകുട്ടിയെ ദത്തെടുത്തത്. പിന്നെ ആ കുട്ടിയായി അവരുടെ സന്തോഷം. ഇതിനിടെയാണ് ആനിയമ്മയെ വിട്ട് കുഞ്ഞ് പോയത്. പിന്നീട് പഞ്ചമിയെന്ന സയോമിയയായി ആനിയമ്മയുടെ ഏക പ്രതീക്ഷ. മകളെ വളർത്താനായി പിന്നെയുള്ള ജീവിതം. കണ്ണിലുണ്ണിയായി തന്നെ അവളെ വർത്തി. ഇതിനിടെ വിധിയുടെ പരീക്ഷണമായി എത്തിയ രോഗം ആനിയമ്മയെ പാതി തളർത്തിയെങ്കിലും താങ്ങും തണലുമായി നിന്ന മകൾ സയോമിയ വെളിച്ചമായി നിന്നു. അമ്മയ്ക്ക് മരുന്നു കൊടുക്കുന്നതിനും വീട്ടിലെ കാര്യങ്ങൾ ഓടി നടന്നു ചെയ്യുന്നതിനുമൊപ്പം പ്രതിസന്ധികളോട് മല്ലടിച്ച് പഠനവും മുൻപോട്ടു കൊണ്ടു പോയിരുന്നു സയോമിയ. അതുകൊണ്ട് തന്നെ നാട്ടുകാർക്കും പ്രിയങ്കരിയായിരുന്നു അവൾ.
നിസാര പരിക്കുമായി ആശുപത്രിയിലേക്ക് പോയ സയോമിയ മരിച്ചു എന്ന വാർത്ത താങ്ങാൻ കഴിയാതെ കണ്ണീരണിഞ്ഞ അയൽവാസികളും നാട്ടുകാർക്കും മുൻപിൽ ആനിയമ്മ നൊമ്പരക്കാഴ്ചയാണ്. സ്വന്തമായി എഴുന്നേൽക്കാൻ പോലുമാകാത്ത ആനിയമ്മയെ വീണ്ടും വിധി അനാഥയാക്കി. അതുകൊണ്ട് തന്നെയാണ് ആശുപത്രിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതും. പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാനാകാത്ത ആനിയമ്മയുടെ സംരക്ഷണം ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. എങ്കിലും അനാഥത്വം നൽകുന്ന ജീവിതത്തിലേക്ക് വീണ്ടും കടക്കുമ്പോൾ ആനിയമ്മയുടെ നഷ്ടം നികത്താൻ പകരമൊന്നിനുമാകില്ലെന്നാതാണ് യാഥാർത്ഥ്യം.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ വിറക് വെട്ടുന്നതിനിടെ ഇടത് കൈയുടെ തള്ളവിരൽ അറ്റതിനെതുടർന്ന് സയോമിയയുടെ മുക്കൂട്ടുതറ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രണ്ട് തവണ ടെസ്റ്റ് ഡോസ് കുത്തിവയ്‌പ്പ് എടുത്തതോടെ ബോധം കെടുകയും മരിക്കുകയുമായിരുന്നു. ഇന്നലെ രാത്രി ആശുപത്രിയിലും മുക്കൂട്ട്തറയിലും പ്രതിഷേധം നടന്നു. മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിയിലേയ്ക്ക് മാർച്ചിന് ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ എരുമേലിയിലേയ്ക്കുള്ള ശബരിമല തീർത്ഥാടകരുടെ പാത ഉപരോധിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം ഈ റോഡിലൂടെയുള്ള ഗതാഗതം അസാധ്യമായി. ഈ സാഹചര്യത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്ത്.
പ്രദേശത്ത് വലിയ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു വരുമ്പോഴാണു സംഭവം. മുക്കൂട്ടുതറയിൽ കത്തോലിക്കാ അധികൃതരുടെ ഉടമസ്ഥതയിലുള്ള അസ്സീസി ആശുപത്രിക്കു മുന്നിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇതുവഴി വരാതിരിക്കാൻ വേണ്ടി മറ്റൊരു വഴിയിലൂടെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പൊലീസ് അകമ്പടിയോടെ മുക്കൂട്ടുതറയിലേക്കു കടത്തിവിട്ടത്. എരുമേലിമുക്കൂട്ടുതറ റോഡിലാണ് ഈ ആശുപത്രിയുള്ളത്. എന്നാൽ, ഈ റോഡിലൂടെ കൊണ്ടുവരാതിരിക്കാനാണു പൊലീസ് പരമാവധി ശ്രമിച്ചത്. ആശുപത്രിക്കു മുന്നിലെത്തിക്കാതെ മറ്റൊരു വഴിയെയാണു പൊലീസ് മൃതദേഹവുമായി എത്തിയ ആംബുലൻസിനെ നയിച്ചത്. എന്നാൽ ആംബുലൻസും കാത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുന്നുണ്ടായിരുന്നു.
വഴിമാറി വന്നിട്ടും പൊലീസ് വാഹനവും ആംബുലൻസും തടഞ്ഞ നാട്ടുകാർ മൃതദേഹവുമായി ആശുപത്രിയിലേക്കു മാർച്ചു ചെയ്തു. മുക്കൂട്ടുതറ ജങ്ഷനു സമീപത്തു വച്ച് വൻ സന്നാഹവുമായി എത്തിയ പൊലീസ് മാർച്ച് തടഞ്ഞു. ഇതെത്തുടർന്നാണു സംഘർഷമുണ്ടായത്. പൊലീസ് ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെ ജനങ്ങൾക്കിടയിൽ നിന്നു കല്ലേറുമുണ്ടായി. നിരവധി പേർക്കു പരിക്കേറ്റു. സംഘർഷം തുടർന്നതോടെ മുക്കൂട്ടുതറയിൽ ജങ്ഷനിലെ കടകളൊക്കെ അടപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നെ പണിപ്പെടുകയും ചെയ്തു. ഒടുവിൽ ആർഡിഒ സ്ഥലത്തെത്തി ജനങ്ങളുമായി ചർച്ച നടത്തി. തുടർന്നാണ് അസീസിയ ആശുപത്രിയിലെ ഡോ.സജിൻ ലൂക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കേരളത്തിൽ ചികിത്സ നടത്താനുള്ള ലൈസൻസില്ലെന്ന് പൊലീസ് അറിയിച്ചു. ഈ ചികിൽസാ പിഴവ് ആനിയമ്മയ്ക്കുണ്ടാക്കിയത് താങ്ങാനാവത്ത നഷ്ടമാണ്.
അസ്സീസി ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലാണ് 23 വയസുകാരിയായ സയോമിയ എന്ന യുവതി മരിച്ചത്. എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ചെമ്പിട്ടയിൽ പരേതനായ ദേവശ്യയുടെയും ആനിയമ്മയുടെയും മകളാണ് പഞ്ചമി എന്നറിയപ്പെടുന്ന സയോമിയ. വിറകുവെട്ടുന്നതിനിടെയാണു സയോമിയയുെട ഇടതുകൈയുടെ തള്ളവിരലിന്റെ അഗ്രഭാഗത്ത് വെട്ടേറ്റ് മുറിഞ്ഞത്. തുടർന്ന് അടിയന്തര ചികിത്സയെന്ന നിലയിലാണ് മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തുന്നലിടുന്നതിനായി മരവിപ്പിക്കാൻ ഡോക്ടർ ടെസ്റ്റ് ഡോസ് കുത്തിവെപ്പ് നൽകി. എന്നാൽ റിയാക്ഷൻ പ്രകടമാകാത്തതിനെ തുടർന്ന് രണ്ടാമതും മരുന്നു കുത്തിവച്ചു. ഇതോടെ സയോമിയയുടെ ബോധം പോകുകയായിരുന്നു. ഓവർഡോസ് നൽകിയതാണ് പ്രത്യക്ഷത്തിൽ പ്രശ്‌നമുണ്ടാകാൻ കാരണമായത്.
ആശുപത്രിയിൽ ബോധംകെട്ട് വീണ സലോമിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സയോമിയ മരിക്കുകയായിരുന്നു. യുവതി മരിച്ചതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ആളുകൾ സംഘടിച്ച് എത്തുകയും ചെയ്തു. ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. സംഭവം വിവാദമായതോടെ കേസ് ഒതുക്കാൻ ആശുപത്രി അധികൃതർ തന്നെ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു. എന്നാൽ നാട്ടുകാർ വഴങ്ങിയില്ല. ആനിയമ്മയുടെ ജീവിതാവസ്ഥ അധികാരികളെ ബോധ്യപ്പെടുത്തി. ഇതോടെ ആസീസിയയ്ക്കും ആനിയമ്മയെ കൈവിടാനാവാത്ത അവസ്ഥ വന്നു.