തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തോലിക്കാ സഭയിൽ വിപ്ലവത്തിന്റെ കാഹളം മുഴക്കുകയാണ് പുതിയതായി ചുമതലയേറ്റ പോപ്പ് ഫ്രാൻസിസ്. പോപ്പിന്റെ വിപ്ലവം പക്ഷേ, കേരളത്തിലെ സഭാനേതൃത്വം മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. സിംഹാസനങ്ങളിൽ നിന്നും ഇറങ്ങിവരാൻ മടിക്കുന്ന തമ്പുരാക്കന്മാരെപ്പോലെയാണ് കേരളത്തിലെ മെത്രാന്മാരും സഭാനേതൃത്വവും എന്ന ആക്ഷേപം പണ്ടേയുണ്ട്. ഈ പൗരോഹിത്യത്തിനെതിരെ സഭയ്ക്കുള്ളിൽ പ്രതിഷേധം ഉയർത്തുന്നവരെ വിമതർ എന്നു മുദ്രകുത്തപ്പെട്ട് മാറ്റി നിർത്തുകയാണ് ഇക്കൂട്ടർ. എന്നാൽ ഒരു കവിതയിലൂടെ വിമർശനം ഉന്നയിച്ചിരിക്കയാണിപ്പോൾ. അത് പ്രസിദ്ധീകരിച്ചതാകട്ടെ ഒരു കത്തോലിക്കാ പ്രസിദ്ധീകരണയവും. 'നീ മാപ്പർഹിക്കുന്നില്ല പുരോഹിതാ' എന്ന തലകെട്ടോടെയുള്ള ഒരു കവിത സഹിതമാണ് ഈ ലക്കം അസ്സീസി മാസിക പുറത്തിറങ്ങിയിരിക്കുന്നത്. അസ്സീസി മാസിക പ്രസിദ്ധീകരിക്കുന്ന കപ്പൂച്ചിൻ സഭയിലെ അംഗമാണ് കവിതയുടെ രചയിതാവ്..

'ചിരന്തന വിചിന്തനത്തിനുശേഷം കാലം ചോദിക്കുമ്പോൾ നിന്റെ പൊക്കണത്തിൽ എന്തുണ്ട് ചരിത്രത്തിനു നല്കാൻ?..' എന്ന വരികളോടെയാണ് കവിത തുടങ്ങുന്നത്. തുടർന്നുള്ള വരികളിൽ പൗരോഹിത്യത്തിന്റെ സുഖവാസത്തെ ശരിക്കും പ്രഹരിക്കുന്നു. നിനക്ക് നൽകിയ കരുതലും തണലും പാവപ്പെട്ട ആദിവാസിക്കോ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനോ നൽകിയിരുന്നെങ്കിൽ ചരിത്രം ഓർത്തേനെ എന്നാണ് കവിയുടെ ആത്മഗതം. അതുകൊണ്ട് പൗരോഹിത്യം മാപ്പർഹിക്കുന്നില്ലെന്നും കവിതയിൽ പറയുന്നു.

സഭാ നേതൃത്വത്തിന്റെ കച്ചവട - രാഷ്ട്രീയ താൽപ്പര്യങ്ങളെയും മൂർച്ചയുള്ള വാക്കുകളിലൂടെ കവിത വിമർശിക്കുന്നു. 'ചൊറിഞ്ഞു ചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ ഇടംവലം കാലുകൾ പൊട്ടുന്നു.. എന്നാണ് ക്രൈസ്തവ പൗരോഹിത്യത്തിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കെതിരായ വാക്കുകൾ. പല വൈദികരുടെയും പ്രവൃത്തിയും പെരുമാറ്റവും രണ്ട് വിധത്തിലാണെന്ന വിമർശനവും പറയാതെ പറയുകയാണ് കവിത. 'ആത്മാവും സത്യവുമില്ലാത്ത സങ്കീർത്തനങ്ങൾ അരോചകമാണെന്നാണ്' കവിതയിലെ വരികൾ. പുരോഹിതന്മാരുടെ പീഡനങ്ങളെയും മറ്റ് മോശം പ്രവണതകളെയും ചൂണ്ടിക്കാട്ടി ഒരു ആത്മ വിമർശനത്തിന് സഭ ഒരുങ്ങണമെന്നും കവി പറയുന്നു. ആയുരാരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും സഭയ്ക്കുള്ള കച്ചവട തൽപ്പര്യങ്ങളെയും കവിത വിമർശിക്കുന്നു.

ഭരണങ്ങാനം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ കപ്പൂച്ചൻ സഭ പൊതുവ വ്യത്യസ്ത നിലപാടു കൊണ്ട് ശ്രദ്ധേയമാണ്. തുറന്നു പറഞ്ഞാൽ കേരളത്തിൽ അസ്സീസി മാസികയും തീരെ മോശമല്ല. എന്നാൽ പുരോഹിത വർഗത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ കവിത ആദ്യമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ സഭയിലെ മോശം പ്രവണതകൾക്കെതിരെ നടപടി കൈക്കൊള്ളുമ്പോൾ കേരളത്തിൽ അത്തരമൊരു നടപടിക്ക് തുടക്കമായിട്ടില്ല. ഇതിനിടെയാണ് പൗരോഹിത്യത്തെ വെല്ലുവിളിക്കുന്ന കവിത അസീസിയിൽ പ്രസിദ്ധീകരിച്ചത്.

വരും ദിവസങ്ങളിൽ ഈ കവിത സഭാനേതൃത്വത്തിൽ ചർച്ച ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് സഭയിലെ തിരുത്തൽവാദികൾ. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പോലെയുള്ള ഗ്രൂപ്പുകൾ ഈ കവിതയ്ക്ക് വലിയ തോതിൽ പ്രചാരണം നൽകിത്തുടങ്ങിയിട്ടുണ്ട്. കവിതയുടെ പൂർണ്ണരൂപമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

നീ മാപ്പർഹിക്കുന്നില്ല പുരോഹിതാ!

'വൃക്ഷങ്ങളുടെ വേരിന് കോടാലി വയ്ക്കപ്പെട്ടു കഴിഞ്ഞു, നല്ല ഫലംകായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടിതീയിലെറിയപ്പെടും.'' (ലൂക്കാ. 3:9)

ചിരന്തന വിചിന്തനത്തിനുശേഷം കാലം ചോദിക്കുമ്പോൾ
നിന്റെ പൊക്കണത്തിൽ എന്തുണ്ട് ചരിത്രത്തിനു നല്കാൻ?
നിനക്കു നല്കപ്പെട്ട കരുതലും തണലും
ആദിവാസിയുടെ തുളവീണ നിക്കറുകാരന് നൽകിയിരുന്നെങ്കിൽ
ജയിലിൽ തൂക്കുമരത്തിനു ദിനമെണ്ണുന്നവന് ലഭ്യമായിരുന്നെങ്കിൽ
ഒരു ഗണികയുടെ ഇടറിപ്പോയ ജീവിതവഴിയിൽ വെളിച്ചമായിരുന്നെങ്കിൽ
എന്നേ അവരീ ചരിത്രത്തിന്റെ ഗതി 180 ഡിഗ്രി തിരിച്ചേനേ!
നിനക്കു മാപ്പില്ല പുരോഹിതാ, നീ മാപ്പർഹിക്കുന്നില്ല!

നിനക്കു നല്കപ്പെട്ടതെല്ലാം കൂടിപ്പോയി
എന്റെ പൊന്നുമക്കൾ ഈ ലോകനരകത്തീയിലെരിയുമ്പോൾ
അവർക്കൊരു സ്വർഗം പണിയാതിരിക്കാനെനിക്കാവില്ല
നിനക്കുള്ള ശിക്ഷ ഒരുക്കാതിരിക്കാനും.
വാകൊണ്ടും വാക്കുകൊണ്ടും വണക്കമാസംകൊണ്ടും
ആത്മാവും സത്യവുമില്ലാതെ നീ ഒരുക്കിയ
സങ്കീർത്തനങ്ങൾ എനിക്കിന്നരോചകമാണ്
എന്റെ പെൺകുഞ്ഞിന്റെ മാനമല്ല, വിശുദ്ധി കൊത്തിപ്പറിച്ച്
വഴിയോരക്കഴുകന്മാർ വിരുന്നുണ്ണുന്നു, ഒപ്പം നീയും.

എന്റെ ജീവന്റെ ആദ്യസ്പന്ദനത്തിൽ തന്നെ കഠാരയും
കടലുപ്പുംകൊണ്ടെന്റെ കുഞ്ഞിളം നെഞ്ചു കീറുന്നു
ക്യാൻസർ കടിച്ചുപറിച്ചെന്റെ മക്കൾക്കു പേ പിടിക്കുന്നു
വേദന കടിചിറക്കാനാവാതെ തമ്പാക്കുവച്ചെന്റെ
യുവത്വത്തിന്റെ മുഖത്ത് ആസിഡ്തുള വീഴുന്നു.
ചൊറിഞ്ഞുചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ
ഇടംവലം കാലുകൾ പൊട്ടുന്നു
ഇനിയും ഞാൻ പൊറുക്കണോ? ഇനിയും ഞാൻ ക്ഷമിക്കണോ?

ഇല്ലാ, അണുബോംബും ആറ്റംബോംബുമല്ല
കടുത്ത ഭൂമികുലുക്കവും അഗ്നിപർവതസ്‌ഫോടനവുമല്ല
കരയെ കടലെടുക്കട്ടെ, മരുഭൂമിയെരിഞ്ഞുതീരട്ടെ
ഉഷ്ണംമൂത്ത് ഭൂമി വിയർത്തുകുളിക്കട്ടെ!

നീ നരകമായി രൂപാന്തരപ്പെടുത്തുന്ന എന്റെ പറുദീസയിൽനിന്ന് ചാക്കുടുക്കാതെ, ചാരംപൂശാതെ,
ഒരു കുഞ്ഞോ കുരുന്നോ
നിന്റെ വംശത്തിൽനിന്നു രക്ഷപ്പെടില്ല, തീര്ച്ച!
പ്രവൃത്തിയിലേയ്ക്ക്, ഇടപെടലുകളിലേയ്ക്ക് നീ നിന്റെ ഊർജ്ജപ്രവാഹങ്ങളെ തിരിച്ചുവിടുന്നില്ലെങ്കിൽ
മദം അണപൊട്ടിയൊഴുക്കുക ജലബോംബുകളാവില്ല
അഗ്നിയും ഗന്ധകവും മഞ്ഞുമലകളുമായിരിക്കും
നീയും നിന്റെ കുലവും തല മുണ്ഡനംചെയ്ത്
സ്വയം വിനീതരാവുക, ഭൂമിയോളം കുനിഞ്ഞ് മാപ്പിരക്കുക
അഹങ്കാരത്തിന്റെ ബാബേൽപള്ളിപണി ഉപേക്ഷിക്കുക
ഹൃദയങ്ങൾകൊണ്ടും കരങ്ങൾകൊണ്ടും ദേവാലയം പണിയുക

വരൂ കുഞ്ഞേ, നമുക്കേദനിലെയ്ക്ക് മടങ്ങിപ്പോയി
വള്ളിക്കുടിലിൽ പൂങ്കുരുവിയുടെ ഗാനം കേട്ട്
ഒരു കപ്പു ചായ കുടിക്കാം...