കുവൈറ്റിലെ വയനാട് ജില്ല സംഘടനയായ 'കുവൈറ്റ് വയനാട് അസ്സോസിയേഷൻ ' ഒന്നാം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അബ്ബാസിയ ചാചൂസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10.30 മുതൽ 5 മണി വരെയായിരുന്നു പ്രോഗ്രാം. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ശ്രുതിലയ ഓർക്കസ്ട്രയുടെ ഗാനമേള, പൊതുയോഗം, സമ്മാനദാനം, മാജിക് ഷോ എന്നിവയായിരുന്നു മുഖ്യ ഇനങ്ങൾ. പ്രസിഡന്റ് റോയ് മാത്യുവിന്റെ അഭാവത്തിൽ വർക്കിങ് പ്രസിഡന്റ് അക്‌ബർ വയനാട് അധ്യക്ഷനായ യോഗത്തിനു ജനറൽ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതം ആശംസിച്ചു. രക്ഷാധികാരിയും കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും വാക്മിയുമായ ബാബുജി ബത്തേരി, പ്രോഗ്രാം കൺവീനർ അലക്‌സ് മാനന്തവാടി, മാണി ചാക്കോ, മിനി കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2015 -2016-വർഷത്തെ വാർഷിക റിപ്പോർട്ടും കണക്കുകളും യോഗം ഭേദഗതി കൂടാതെ അഗീകരിച്ചു. ട്രഷറർ എബി പോൾ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു.