ഷിക്കാഗോ: ഷിക്കാഗോയിലെ കേരളാ അസോസിയേഷൻ 2018 ഡിസംബർ 30-നു ഹിൻസ്ഡെയിൽ കമ്യൂണിറ്റി ഹൗസിൽ വച്ചു സാമുദായിക നേതാക്കളുടേയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടേയും ഷിക്കാഗോയിലെ മറ്റു സംഘടനകളുടെ പ്രതിനിധികളേയും സാക്ഷിയാക്കി നാൽപ്പത്തൊന്നാമത് ക്രിസ്തുമസ്- പുതുവത്സരാഘോഷം വർണ്ണാഭമായി നടത്തി.

ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനാലാപനത്തിനുശേഷം ഭദ്രദീപം തെളിയിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചത്. രക്ഷാധികാരികളുടെ ചെയർപേഴ്സണായ ഡോ. പോൾ ചെറിയാൻ സ്വാഗതം പറഞ്ഞു. കെ.എ.സിയുടെ കേരള പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങൾ അദ്ദേഹം സദസിനെ അറിയിക്കുകയുണ്ടായി.

കെ.എ.സി പ്രസിഡന്റ് ജോർജ് പാലമറ്റം, യേശുദേവന്റെ പ്രവർത്തികളുടെ പൂർണ്ണതയിലേക്കായി നിരാലംബർക്ക് സഹായഹസ്തം ഏകുന്ന സ്നേഹത്തിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന സന്ദേശം പകർന്നുകൊണ്ട് സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചടങ്ങിലെ വിശിഷ്ടാതിഥിയായ റവ. ജോസഫ് കപ്പിലുമക്കൽ ക്രിസ്തുമസിന്റെ ചരിത്രവും പ്രാധാന്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.

കെ.എ.സിയുടെ യുവജനസംഘം കരോൾ ഗാനങ്ങളും, സാന്റാക്ലോസുമായി (ഫിലിപ്പ് നങ്ങച്ചിവീട്ടിൽ) ക്രിസ്തുമസ് വരവ് അറിയിച്ചപ്പോൾ അവതാരകരായി സാൽവിയോ ബിനോയിയും, സോഫിയ സാക്കറും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. ബ്രിസ്റ്റോ, ശ്രീരാജ്, ഷാൻ എന്നിവർ ഗാനങ്ങളുമായും, സെറാഫിൻ, മനീഷ, ബെറ്റ്സി എന്നിവർ നൃത്തച്ചുവടുകളുമായി ആഘോഷപരിപാടികൾക്ക് മിഴിവേകി.

ചടങ്ങിൽ ദുപേജ് കൗണ്ടി ബോർഡ് മെമ്പർ സത്യ കോവേർട്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് സ്റ്റെഫനി കിഫോവിട്, ഓക് ബ്രുക് മേയർ ഡോക്ടർ ഗോപാൽ ലാൽമലാനി, എന്നിവർ പങ്കെടുത്തു. സെക്രട്ടറി റോസ്മേരി കോലഞ്ചേരി സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകിച്ച് എല്ലാത്തിനും സഹകരിച്ചു ചടങ്ങു വർണശബളമാക്കിയ കെ .എ. സി. ഭാരവാഗികൾക്കു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.