കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ 750 സിടി, 750 എംആർഐ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 34-ാം സ്ഥാപക ദിനത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി സൗജന്യ പരിശോധനകൾ ഒരുക്കുന്നത്. ഇതിനുള്ള അപ്പോയിന്റ്മെന്റ് asterfreein.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ വൈകീട്ട് 5 വരെയും ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 8 വരെയുമായിരിക്കും സൗജന്യ പരിശോധനകൾ. ഡിസംബർ 11 വരെയോ ബുക്കിങ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും ഈ സൗജന്യം ലഭ്യമാകുക. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന് പുറമേ സർക്കാർ അധികൃതരിൽ നിന്നോ തദ്ദേശ സ്ഥാപന അധികൃതരിൽ നിന്നോ ഉള്ള കത്ത്, വരുമാന സർട്ടിഫിക്കറ്റ്, ബിപിഎൽ കാർഡ്, റേഷൻ കാർഡ് ഇവയിൽ ഏതെങ്കിലും ഒരു പ്രൂഫ് സഹിതം ബുക്കിങ്ങ് സമയത്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ബുക്കിങ്ങ് എസ്എംഎസ്സിലൂടെ സ്ഥിരീകരിക്കുന്നതായിരിക്കും.

ചേരാനെല്ലൂർ പഞ്ചായത്ത് നിവാസികൾ, സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും റഫർ ചെയ്ത രോഗികൾ, 60 വയസിന് മുകളിൽ പ്രായമുള്ള രോഗികൾ എന്നിവർക്ക് മുൻഗണന ലഭിക്കും. 2021 ഡിസംബർ 11 വരെയാണ് സൗജന്യ പരിശോധനകൾ ലഭ്യമാകുക. ആസ്റ്റർ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, നടൻ അജു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിശദ വിവരങ്ങൾക്ക് 96671 41142 എന്ന നമ്പറിൽ ബന്ധപ്പെടുക.