കൊച്ചി: ലോകമെമ്പാടും ആരോഗ്യ സംരക്ഷണ മേഖലയിൽ സവിശേഷമായ ദൗത്യം നിർവ്വഹിക്കുന്ന നഴ്സുമാരുടെ സേവനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് പ്രഖ്യാപിച്ചു. 2.5 ലക്ഷം യുഎസ് ഡോളറാണ് അവാർഡ്. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും, സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലും ചിന്തിക്കാതെ ലോകമെമ്പാടുമുള്ള രോഗികളെ പരിചരിക്കുന്നതിലും, ആശ്വാസമേകുന്നതിലും നഴ്സിങ്ങ് സമൂഹം പ്രധാന പങ്ക് വഹിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ അംഗീകാരത്തിന് പ്രസക്തിയേറെയാണ്.

ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് അവരുടെ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രസ്തുത സൈറ്റിലൂടെ നാമനിർദ്ദേശമായി സ്വയം സമർപ്പിക്കാവുന്നതിനൊപ്പം, അർഹരായ നഴ്സുമാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മറ്റുള്ളവർക്കും അവാർഡിന് നാമനിർദ്ദേശം സമർപ്പിക്കാവുന്നതാണ്. ഈ ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ്.

ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ലായ നഴ്‌സുമാർ രോഗികളുടെ പരിചരണത്തിൽ ഏറ്റവും നിർണായകമായ പങ്കാണ് വഹിക്കുന്നതെന്ന് ഈ അവസരത്തിൽ സംസാരിച്ച ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പ്രൊഫഷണൽ, വ്യക്തിഗത പരിചരണത്തിലൂടെ അവർ രോഗമുക്തി സാധ്യമാക്കാൻ സഹായിക്കുന്നു. രോഗികളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന നഴ്സുമാർ അവരുടെ യഥാർത്ഥ സംരക്ഷകരാണ്. അരക്ഷിതാവസ്ഥയും, വെല്ലുവിളികളും നിറഞ്ഞ നിലവിലെ മഹാമാരി പോലുള്ള സാഹചര്യത്തിലും മുഴുവൻ സമയവും ജോലി ചെയ്യേണ്ടി വരുന്ന അവർ, രോഗികൾക്ക് പ്രതിബദ്ധതയോടെയും സമർപ്പണ ബോധത്തോടെയും സേവനം നൽകിക്കൊണ്ടിരിക്കുകയാണ്. രോഗികളോടുള്ള കടമ നിറവേറ്റി അവരുടെ ദൗത്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അവർക്ക് അവരുടെ കുടുംബത്തെക്കാളും, പ്രിയപ്പെട്ടവരെക്കാളൂം മുൻഗണന രോഗികൾക്ക് നൽകേണ്ടി വരുന്നു. എന്നാൽ നഴ്സുമാരുടെ ഈ സമർപ്പണം വേണ്ട രീതിയിൽ അംഗീകരിക്കപ്പെടുകയോ, ആവശ്യത്തിനുള്ള സാമ്പത്തിക പിന്തുണ ലഭ്യമാക്കുകയോ ചെയ്യുന്നില്ല. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിലൂടെ, അവരുടെ ത്യാഗങ്ങളും പ്രതിബദ്ധതയും വെളിച്ചത്തേക്ക് കൊണ്ടുവരുവാനും ആഗോളതലത്തിൽ ആഘോഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

ഈ ദൗത്യത്തിലേക്ക് ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുഎസ്എ, കാനഡ, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ മേഖല തിരിച്ചുള്ള അപേക്ഷകൾ ഉടൻ തന്നെ സ്വീകരിക്കാൻ ആരംഭിക്കുന്നതാണ്. ഒരു തേർഡ് പാർട്ടി എക്സ്റ്റേണൽ ഏജൻസിയും, അറിയപ്പെടുന്ന അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ അടങ്ങുന്ന ഒരു സ്വതന്ത്ര ജൂറിയും നിയന്ത്രിക്കുന്ന വിവിധ തലങ്ങളിലൂള്ള കർശനമായ അവലോകന പ്രക്രിയയ്ക്ക് ശേഷമായിരിക്കും അവാർഡ് നിർണ്ണയിക്കുക. നിശ്ചിത മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക അവലോകനത്തിന് ശേഷം, ഷോർട്ട്‌ലിസ്റ്റ് ചെയ്ത നാമനിർദ്ദേശങ്ങൾ വോട്ടിങ്ങ് പ്രക്രിയയ്ക്ക് വിധേയമാക്കും. തുടർന്ന് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്ത് ജൂറിയുമായി അഭിമുഖങ്ങളും, ആശയവിനിമയങ്ങളും നടത്തുന്നതിനായി അവാർഡ് ദാന ചടങ്ങിന്റെ വേദിയിലേക്ക് കൊണ്ടുവരും. തിരഞ്ഞെടുക്കപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് ജേതാവിനെ 2022 മെയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പ്രഖ്യാപിക്കും. 2.5 ലക്ഷം യുഎസ് ഡോളറിന്റെ ഒന്നാം സമ്മാനത്തിന് പുറമെ, മറ്റ് 9 ഫൈനലിസ്റ്റുകൾക്കും സമ്മാനത്തുകയും, അവാർഡുകളും സമ്മാനിക്കുന്നതാണ്.