തിരുവനന്തപുരം: ഡിജിപി: ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറായി തുടരുന്നതു ചട്ടവിരുദ്ധമായെന്നു തെളിഞ്ഞ സാഹചര്യത്തിൽ വിജിലൻസിന് പുതിയ നായകനെ നിയമിച്ച് നിർമൽ ചന്ദ്ര അസ്താന. കേരളത്തിൽ 12 ഡിജിപിമാരാണുള്ളത്. ഇതിൽ നാലു ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥർക്കു മാത്രമാണു കേന്ദ്രസർക്കാരിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും അംഗീകാരമുള്ളത്. ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, നിർമൽ ചന്ദ്ര അസ്താന എന്നിവരാണിത്. ഇതിൽ നിന്നും ഒരാളെ തന്നെ നിയമിച്ച വിവാദം ഒഴിവാക്കുകയാണ് സർക്കാർ. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നിർമൽ ചന്ദ്ര അസ്താന.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡർ പദവിയിലുള്ള വിജിലൻസ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെ ആയിരുന്നു. വിജിലൻസ് കമ്മിഷൻ രൂപീകരിക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ, വിജിലൻസ് ഡയറക്ടർ സ്ഥാനം എക്‌സ് കേഡർ പദവിയാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് കേന്ദ്രം ഉടൻ അംഗീകരിക്കില്ലെന്ന സൂചന പിണറായി സർക്കാരിന് കിട്ടി. ഇതോടെയാണ് നിർമൽ ചന്ദ്ര അസ്താനയെ വിജിലൻസ് ഏൽപ്പിക്കുന്നത്. ഋഷിരാജ് സിംഗിന് പദവി നൽകിയാലുള്ള തലവേദന തിരിച്ചറിഞ്ഞാണ് തീരുമാനം.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ തിരിച്ചെത്തിയ നിർമ്മൽ ചന്ദ്ര അസ്താന നിലവിൽ മോഡൈണസേഷൻ ഡിജിപിയാണ്. വ്യക്തിപരമായ ചില അസൗകര്യങ്ങൾ കാറണം സംസ്ഥാനത്തെ പ്രധാന ചുമതചലവഹിക്കേണ്ട സ്ഥാനങ്ങളിൽ പൂർണമായി ശ്രദ്ധിക്കാനാവില്ലെന്നും ഡൽഹിൽ തുടരാനാണ് താൽപര്യമെന്നും അസ്താന സർക്കാർ വൃത്തങ്ങളെ നേരത്തെ അറിയിച്ചിരുന്നു. അസ്താന ഡൽഹിയിലെ കേരള ഹൗസിലെ ഓഫീസിലാണ് പ്രവർത്തിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അസ്താനയെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കേഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാൾ വഹിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ഈ സാഹചര്യത്തിലാണ് അസ്താനയ്ക്ക് നറുക്ക് വീണത്. ബെഹ്‌റയെ കൂടാതെ സംസ്ഥാനത്തു ഡിജിപി റാങ്കിൽ 11 ഉദ്യോഗസ്ഥരുണ്ട്. നാലുപേർക്ക് ഏതാനും മാസം മുൻപാണു ഡിജിപി പദവി നൽകിയത്. എന്നിട്ടും വിജിലൻസിന് പൂർണ്ണ ചുമതലയുള്ള ഡിജിപിയെ നിയോഗിച്ചില്ല.

ജയിൽ ഡിജിപി ശ്രീലേഖയേയും അനിൽകാന്തിനേയും വിജിലൻസ് ഡയറക്ടറാക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ കേഡർ പദവി ഇല്ലാത്തത് വിനയായി. സ്ഥിരം വിജിലൻസ് ഡയറക്‌റെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമർശിച്ചിരുന്നു. എന്നാൽ, ബെഹ്‌റയെ പോലെ പറ്റിയ ഒരാളെ കിട്ടാത്തതിനാൽ സർക്കാർ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സർക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതിൽ കോടതി ഇടപെടേണ്ടതില്ലെന്നുമാണു സർക്കാർ നിലപാട്. എന്നാൽ കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഉണ്ടാകാനുള്ള സാധ്യത സർക്കാർ മുന്നിൽ കണ്ടു. അതുകൊണ്ടാണ് അസ്താനയെ നിയോഗിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്‌റയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്. സെൻകുമാർ വിരമിച്ച ശേഷം ബെഹ്‌റയെ പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നൽകി. പിന്നീട് പൂർണ ചുമതലയും നൽകി. ഇതിനു മുൻപ് ഒരു സർക്കാരും ഈ രണ്ടു സുപ്രധാന പദവികളിൽ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിരുന്നില്ല.

വി എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിക്ഷ്‌കാര കമ്മിഷൻ വിജിലൻസ് കമ്മിഷൻ രൂപീകരിക്കണമെന്ന ശുപാർശ നൽകിയിട്ടുണ്ട്. അതു സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. കമ്മിഷൻ തലപ്പത്തു സിവിൽ സർവീസിലെ ഉന്നതൻ എത്തുമെന്നാണ് സൂചന.