ഭോപ്പാൽ: സർക്കാർ ആശുപത്രികളിൽ ജ്യോതിഷികളുടെ സേവനവും. മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിലാണ് രോഗികൾക്ക് ഇനി മുതൽ ജ്യോതിഷികളുടെ സേവനവും ലഭ്യമാകുക. ജ്യോതിഷികളുടെ ഒപി വിഭാഗം (ആസ്ട്രോളജി ഒപി) ആരംഭിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുമതി നൽകിയതായാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ ഇത് പ്രവർത്തിച്ചു തുടങ്ങുമെന്നാണ് വിവരം.

സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മഹാരാഷി പതഞ്ജലി സംസ്‌കൃത് സൻസ്ഥാൻ(എംപിഎസ്എസ്)ആവും ഈ ഒപി വിഭാഗത്തിലേക്ക് ജ്യോതിഷികളേയും വിദഗ്ധരേയും നിയമിക്കുക. ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂർ വീതം ഒപികളിൽ ജ്യോതിഷികൾ, വാസ്തു വിദഗ്ദ്ധർ, ഹസ്തരേഖ ശാസ്ത്രജ്ഞർ, വേദാചാര്യന്മാർ തുടങ്ങിയവരുടെ സേവനം ലഭ്യമാകും.  മറ്റ് ഒപി വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാർക്ക് ജൂനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമാവുന്നതു പോലെ ആസ്ട്രോളജി ഒപിയിലും വിദഗ്ധരെ സഹായിക്കുന്നതിനായി സഹായികൾ ഉണ്ടാവും.

സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എംപിഎസ്എസിൽ ജ്യോതിഷം, വാസ്തു, പൂജാകർമ്മങ്ങൾ, ഹസ്തരേഖാശാസ്ത്രം തുടങ്ങിയവയിൽ പരിശീലനം നൽകുന്ന വിദഗ്ധരായിരിക്കും ചികിത്സയ്ക്കും മേൽനോട്ടം വഹിക്കുക. ജ്യോതിഷ ഒപിയിൽ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തേണ്ടവർ ആശുപത്രിയിൽ അഞ്ച് രൂപ രജിസ്ട്രേഷൻ ഫീസ് ആയി അടയ്ക്കണം. ജ്യോതിഷം എന്നാൽ ഊഹമല്ലെന്നും ഗണിതത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ശാസ്ത്രമാണെന്നും ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരത്തിലൊരു ഉദ്യമമെന്ന് എംപിഎസ്എസ് ഡയറക്ടർ പിആർ തിവാരി പറഞ്ഞു.

രോഗികളുടെ ജാതകങ്ങളുടെ ഗ്രഹനിലയും കാലവും ഈ വിഭാഗത്തിലെ വിദഗ്ദ്ധർ പരിശോധിക്കും. ജാതകമില്ലാതെ വരുന്നവരുടെ രോഗങ്ങൾ പ്രശ്‌ന കുണ്ഡലി വിദ്യ ഉപയോഗിച്ച് പരിശോധിച്ച് രോഗശുശ്രൂഷയ്ക്കായി എന്ത് ചെയ്യണമെന്ന കാര്യങ്ങളും കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങുന്ന ആസ്ട്രോളജി ഡിപ്പാർട്ട്മെന്റുകൾ വിജയകരമായാൽ വ്യാപിപ്പിക്കാനാണ് പദ്ധതി. സംസ്ഥാനത്ത് പരിശീലനം നേടിയ ജ്യോതിഷികളുടെയും വാസ്തു വിദഗ്ദ്ധരുടെയും പാനൽ സൃഷ്ടിക്കാമെന്ന ആശയം വിദ്യാഭ്യാസ മന്ത്രി കുംവർ വിജയ് സിങ് ആണ് മുന്നോട്ട് വച്ചതെന്നും തിവാരി കൂട്ടിച്ചേർത്തു