- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്വാലയുടെ വളർച്ചയ്ക്കിടെ അശ്വതിക്കു നേരിടേണ്ടി വന്നതു പ്രതിസന്ധികളുടെ വൻ മല; എതിർത്തവരിൽ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ; അമൃതാനന്ദമയി ആകാനുള്ള ശ്രമമാണോ എന്നും പരിഹാസം; ഇനി ലക്ഷ്യം തെരുവിൽ അലയുന്നവർക്കു വേണ്ടിയുള്ള പുനരധിവാസ കേന്ദ്രം
നിത്യവൃത്തിക്കുപോലും വകയില്ലാത്ത കുടുംബത്തിൽ ജനിച്ചുവളർന്ന അശ്വതി എന്ന ഇരുപത്തെട്ടുകാരിയുടെ ഭക്ഷണപ്പൊതി വരുന്നതും കാത്ത് ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ തെരുവോരങ്ങളിൽ നിരവധി മനുഷ്യ ജീവിതങ്ങൾ ഉണ്ട്. യാചകർ, മാനസിക രോഗികൾ, അനാഥരായ കുട്ടികൾ അങ്ങനെ കടത്തിണ്ണകളിലും മരച്ചുവട്ടിലും അന്തിയുറങ്ങുന്ന തെരുവിലെ ജീവിതങ്ങൾക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയാണ് അശ്വതി. ദുരിതങ്ങളും പട്ടിണിയും മാത്രം കണ്ടു ചേരിയിൽ ജനിച്ചുവളർന്ന അശ്വതിയുടെ മനസ്സിൽ ഉദിച്ച ആശയത്തിനു സഹായഹസ്തവുമായി നൂറുകണക്കിന് ഫേസ്‌ബുക്ക് സുഹൃത്തുകൾ ഉണ്ട് . ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്കിടയിലും ചില കോണുകളിൽ നിന്നു നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും തിക്താനുഭവങ്ങളെക്കുറിച്ചും അശ്വതി മറുനാടനു മുന്നിൽ മനസു തുറക്കുന്നു. ജ്വാല പിറവിയെടുത്തത്? 2013ൽ ആയിരുന്നു ഈ ആശയത്തിന്റെ തുടക്കം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ ശോചനീയ അവസ്ഥയെക്കുറിച്ചു ധാരാളം വാർത്തകൾ അപ്പോൾ മാദ്ധ്യമങ്ങളിൽ വരാറുണ്ടായിരുന്നു. ആര
നിത്യവൃത്തിക്കുപോലും വകയില്ലാത്ത കുടുംബത്തിൽ ജനിച്ചുവളർന്ന അശ്വതി എന്ന ഇരുപത്തെട്ടുകാരിയുടെ ഭക്ഷണപ്പൊതി വരുന്നതും കാത്ത് ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ തെരുവോരങ്ങളിൽ നിരവധി മനുഷ്യ ജീവിതങ്ങൾ ഉണ്ട്. യാചകർ, മാനസിക രോഗികൾ, അനാഥരായ കുട്ടികൾ അങ്ങനെ കടത്തിണ്ണകളിലും മരച്ചുവട്ടിലും അന്തിയുറങ്ങുന്ന തെരുവിലെ ജീവിതങ്ങൾക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയാണ് അശ്വതി.
ദുരിതങ്ങളും പട്ടിണിയും മാത്രം കണ്ടു ചേരിയിൽ ജനിച്ചുവളർന്ന അശ്വതിയുടെ മനസ്സിൽ ഉദിച്ച ആശയത്തിനു സഹായഹസ്തവുമായി നൂറുകണക്കിന് ഫേസ്‌ബുക്ക് സുഹൃത്തുകൾ ഉണ്ട് . ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്കിടയിലും ചില കോണുകളിൽ നിന്നു നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും തിക്താനുഭവങ്ങളെക്കുറിച്ചും അശ്വതി മറുനാടനു മുന്നിൽ മനസു തുറക്കുന്നു.
- ജ്വാല പിറവിയെടുത്തത്?
2013ൽ ആയിരുന്നു ഈ ആശയത്തിന്റെ തുടക്കം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ ശോചനീയ അവസ്ഥയെക്കുറിച്ചു ധാരാളം വാർത്തകൾ അപ്പോൾ മാദ്ധ്യമങ്ങളിൽ വരാറുണ്ടായിരുന്നു. ആരോരുമില്ലാത്ത അനാഥരായ രോഗികൾ മാത്രം കിടക്കുന്ന ഒമ്പതാം വാർഡിൽ ഭക്ഷണം എത്തിക്കുകയാണെങ്കിൽ അത് രോഗികൾക്കു വലിയ ആശ്വാസമാകും. ഞാൻ അന്ന് മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി നോക്കുകയായിരുന്നു. മോശമല്ലാത്ത ശമ്പളവും ഉണ്ടായിരുന്നു.
ഒരുപാടു പ്രതീക്ഷകളോടെയും സന്തോഷത്തോടെയും ഒരു ദിവസം ഞാനും എന്റെ സുഹൃത്തുക്കളും കൂടി ഭക്ഷണസാധനങ്ങളുമായി ജനറൽ ആശുപത്രിയിൽ എത്തി. എന്നാൽ ഞങ്ങളെ ആശുപത്രി അധികൃതർ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിച്ചില്ല. റൂറൽ മെഡിക്കൽ ഓഫീസറുടെ അനുമതി വാങ്ങിവന്നാലേ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്നവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ അനുവാദത്തിനു വേണ്ടി റൂറൽ മെഡിക്കൽ ഓഫീസറുടെ അടുത്ത് ചെന്നു. എന്നാൽ ആ ഉദ്യോഗസ്ഥന്റെ മറുപടി ഞങ്ങളെ തീർത്തും നിരാശരാക്കി. 'നിങ്ങളെപ്പോലുള്ള കുറെ കോളേജ് പിള്ളേർ വേഷോംകെട്ടി ചാരിറ്റി എന്നും സാമൂഹ്യ സേവനോം എന്നും പറഞ്ഞു ഇറങ്ങീട്ടുണ്ട്. ഇവിടെ ഇപ്പോൾ ആവശ്യത്തിന് ഞങ്ങൾ അവർക്ക് ആഹാരം കൊടുക്കുന്നുണ്ട്. തൽക്കാലം എനിക്ക് ഇതിന് അനുമതി തരാൻ കഴിയില്ല'.
ആ സമയത്ത് ആഹാരവും മറ്റു പരിചരണവും ലഭിക്കാതെ ഒമ്പതാം വാർഡിലെ പല രോഗികളും മരിച്ചതായുള്ള വാർത്തകൾ പത്രങ്ങളിൽ വരാറുണ്ടായിരുന്നു. അനാഥരായതുകൊണ്ട് ആരും ചോദ്യം ചെയ്യാനും വരില്ല. എനിക്ക് സത്യത്തിൽ വാശിയായി. ഞാൻ ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ടു കാര്യം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മറുപടി ഞങ്ങളെ ഞെട്ടിച്ചു. 'നിങ്ങൾ ഈ ഭക്ഷണം ഒക്കെ കൊടുത്താൽ അവസാനം അവറ്റകളുടെ വയറ്റീന്നു പോകുന്ന മലം വാരാൻ പോലും ഇവിടെ സ്റ്റാഫ് ഇല്ല'.
ഞാനും എന്റെ സുഹൃത്തുകളും തീർത്തും നിരാശരായി. അവസാനം അത് നടക്കില്ല എന്ന് മനസിലായപ്പോൾ ആണ് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ തെരുവിൽ അലഞ്ഞു തിരിയുന്നവർക്കു ഭക്ഷണം കൊടുത്താൽ നന്നായിരിക്കും എന്ന് തോന്നിയത്. എന്നാൽ വിചാരിച്ചതുപോലെ അത് അത്രയ്ക്ക് എളുപ്പമായിരുന്നില്ല.
തെരുവിൽ കിടക്കുന്ന ആളുകളിൽ ചിലരുടെ അടുത്തേയ്ക്ക് ഒന്നും പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. മാനസിക നില തെറ്റി സ്വബോധം നശിച്ച നിരവധിപേർ ഉണ്ട്. അവർ എന്തുചെയ്യുമെന്ന് പറയാൻ കഴിയില്ല. കുറേ നേരം നിരീക്ഷിച്ചശേഷം മാത്രമേ അവരുടെ അടുത്തേയ്ക്ക് പോകാൻ കഴിയൂ. തമ്പാനൂർ ഭാഗത്ത് നിന്ന് ഇത്തരം രോഗികളും ആയി സംസാരിച്ചു നിൽക്കുമ്പോൾ പലരും അടുത്ത് വന്നു 'കൂടെ വരുന്നോ' എന്ന് ചോദിച്ചിട്ടുണ്ട്. തമ്പാനൂർ ഭാഗത്ത് ഒരു സ്ഥലത്ത് ഒതുങ്ങി ഏതെങ്കിലും സ്ത്രീ നില്ക്കുകയാണെങ്കിൽ ഇത്തരക്കാർ അടുത്ത് വന്നു അസഭ്യങ്ങൾ പറയുന്നത് പതിവാണ്. അത്തരം സംഭവങ്ങൾ ഒന്നും മനസ്സിനെ തളർത്തിയില്ല.
ദിവസവും പത്തു പേർക്കെന്ന കണക്കിലായിരുന്നു ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്. എന്നാൽ ഒരു മഴപെയ്താൽ തന്നെയും അവർക്ക് ഉടുക്കാൻ വസ്ത്രമോ ഭക്ഷണം കഴിക്കാൻ ഒരിടമോ ഇല്ലാത്ത അവസ്ഥയിൽ ഭക്ഷണ പൊതി വിതരണം ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് എനിക്ക് തോന്നി. അങ്ങനെ പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടു തെരുവിൽ കിടക്കുന്ന മാനസിക രോഗികളെ അങ്ങോട്ടേയ്ക്ക് മാറ്റി. പിന്നീടാണ് ജ്വാല ഫൗണ്ടേഷൻ എന്ന സംഘടന രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരുന്നു ആരോരുമില്ലാതെ തെരുവിൽ കിടക്കുന്നവരെ ഒരു സ്ഥലത്തുകൊണ്ടുവന്നു ഒരു മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. എയ്ഡ്‌സ്, ക്യാൻസർ, ക്ഷയം തുടങ്ങിയ മാരകമായ അസുഖം ബാധിച്ചവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പല രോഗികളെയും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. തെരുവിൽ നിന്നും അസുഖം ഒന്നുമില്ലതവരെ കണ്ടെത്തി കാര്യം പറഞ്ഞു മനസിലാക്കി ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരാക്കി. അപ്പോൾ അവരുടെ മരുന്നിനും മറ്റും വലിയ തുക ആവശ്യമായി വന്നു. ഈ വാർത്തകളെല്ലാം ഞാൻ ഫേസ്‌ബുക്കിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകണ്ട് പലരും സഹായഹസ്തവുമായി വന്നു. അവരെല്ലാം അയച്ചുതന്ന പണം കൊണ്ട് മരുന്നും മറ്റു ആശുപത്രി ചിലവുകളും നടത്തി.
നടക്കാൻപോലും കഴിയാത്ത പലരും രോഗമെല്ലാം ഭേദമായി എണീറ്റ് നടക്കാം എന്ന അവസ്ഥയിൽ ആയി. എന്നാൽ രോഗം ഭേദമായതിനു ശേഷം വീണ്ടും അവരെ തെരുവിലേയ്ക്ക് തന്നെ വിടാൻ എനിക്ക് മനസ് വന്നില്ല. ഇത്രയുമൊക്കെ ചെയ്തതിൽ പിന്നെ അർത്ഥമൊന്നും ഇല്ലാതാകും. രോഗം ഭേദമായവരിൽ നിന്ന് 25 പേരെ തിരഞ്ഞെടുത്തു ഉപജീവന മാർഗം എന്ന നിലയിൽ ഒരാൾക്ക് 2000 രൂപ വീതം എന്ന കണക്കിൽ ലോട്ടറി വില്ക്കുന്ന ബോർഡ് ഉൾപ്പെടെ ലോട്ടറി ടിക്കറ്റ് എടുത്തു കൊടുത്തു. അതിനു ജ്വാല ഭാഗ്യ തെരുവ് എന്ന പേരും കൊടുത്തു. അതിൽ ഇരുപതോളംപേർ നല്ല രീതിയിൽ തന്നെ ടിക്കറ്റ് വിറ്റ് അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ജീവിക്കാൻ തുടങ്ങി. മാത്രമല്ല മാസങ്ങൾ കഴിഞ്ഞപ്പോൾ പലരുടെയും കീഴിൽ ഒരാളെ കൂടി വച്ച് ബിസിനസ്സായി വിപുലീകരിക്കുകയും ചെയ്തു. അതെല്ലാം കണ്ടപ്പോൾ എനിക്കും എന്റെ കൂടെയുള്ളവർക്കും വളരെ സന്തോഷമായി. ഞങ്ങളുടെ പ്രവർത്തനനങ്ങൾ സമൂഹത്തിൽ ഫലം കണ്ടു തുടങ്ങിയതിൽ ഞങ്ങൾക്ക് ആത്മവിശ്വാസം വർധിക്കുകയാണുണ്ടായത്.
ലോട്ടറി ടിക്കറ്റ് വില്പനയിൽ വിജയിച്ചവരിൽ നിന്നും ഞങ്ങൾ ഒരാൾക്ക് 20,000 രൂപ ചെലവിൽ പെട്ടിക്കട കച്ചവടം നടത്താനുള്ള ഏർപ്പാടുണ്ടാക്കി. മൊത്തം കവറിങ് ചെയ്തു പെട്ടിക്കടയ്ക്കാവശ്യമായ സാധനങ്ങൾ എല്ലാം ഞങ്ങൾ വാങ്ങിക്കൊടുത്തു. ഇതുവരെ തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിൽ ആയി 12 പെട്ടിക്കടകൾ ഞങ്ങൾ വിതരണം ചെയ്തു. അവർ അത് വിജയകരമായി നടത്തിവരികയും ചെയ്യുന്നു. എല്ലാമാസവും അവരുടെ കച്ചവടവും മറ്റു കാര്യങ്ങളും ശരിയായ രീതിയിൽ തന്നെയാണോ നടക്കുന്നതെന്ന് ഞങ്ങൾ പരിശോധിക്കുകയും ചെയ്യും.
ഇതിനിടയിൽ തന്നെ ഞാൻ എൽഎൽബിക്ക് ചേർന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഉള്ള നിയമപരമായ അറിവുകൾക്കും പിന്നെ ഒരു ധൈര്യത്തിനും കൂടിയായിരുന്നു അത്. ഫേസ്‌ബുക്കിലൂടെ മാസംതോറും സ്ഥിരമായി പതിനഞ്ചുപേർ ഒരു നിശ്ചിത തുക എനിക്ക് അയച്ചുതരാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്തകളൊക്കെ അറിഞ്ഞു പല സ്ഥലങ്ങളിൽ നിന്നും പേരുപോലും അറിയാത്ത നിരവധി ആളുകൾ എനിക്ക് കാശു അയച്ചു തരാറുണ്ട്. ഇപ്പോൾ ദിവസവും 150 പേർക്ക് ഉച്ചഭക്ഷണം നല്കുന്നുണ്ട്. അതിനുവേണ്ടി 7000 രൂപ മാസ വാടക കൊടുത്ത് ഒരു വീട് എടുത്തിട്ടുണ്ട്. ആദ്യം എന്റെ അമ്മയായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. പിന്നീടു ഭക്ഷണപ്പൊതികളുടെ എണ്ണം കൂടിവന്നപ്പോൾ ഒരു സ്റ്റാഫിനെയും കൂടിവച്ചു. ഉച്ചയ്ക്കു ഭക്ഷണം എത്തിക്കാനായി 250 രൂപ കൂലികൊടുത്ത് ഓട്ടോയും ഏർപ്പാടാക്കി.
- സാധാരണ വീട്ടിൽ ജനിച്ചു വളർന്ന അശ്വതിക്ക് ഇത്തരം സാമൂഹിക പ്രവർത്തണനങ്ങൾക്കുള്ള പ്രചോദനം എന്തായിരുന്നു?
തിരുവനന്തപുരം മുട്ടത്തറയിലെ ഒരു ചേരിയിലാണ് ഞാൻ ജനിച്ചു വളർന്നത്. കുട്ടിക്കാലത്ത് പലപ്പോഴും ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എനിക്ക് നാലു വയസുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു. ഞങ്ങൾ മൂന്നു മക്കൾക്കും ഒരുനേരത്തെ ആഹാരത്തിനായി അമ്മ കഷ്ടപ്പെടുന്ന കാഴ്ചകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. ചേരിയിലെ എല്ലാത്തരം കാഴ്ചകളും ഞാൻ കണ്ടിട്ടുണ്ട്. പല വീടുകളിലും വീട്ടു ജോലിക്ക് പോയി ആണ് അമ്മ ഞങ്ങളെ വളർത്തിയത്.
വിശപ്പിന്റെയും ആഹാരത്തിന്റെയും വില എന്തെന്ന് നല്ലതുപോലെ എനിക്ക് അറിയാമായിരുന്നു. ഈ കഷ്ടതകൾക്കിടയിലും അമ്മ ഞങ്ങൾക്കു നല്ല വസ്ത്രവും ഭക്ഷണവും നല്കി പഠിപ്പിച്ചു. അമ്മയുടെ അവസ്ഥ ഞങ്ങൾക്ക് ഉണ്ടാകരുതേ എന്ന് അമ്മ ആഗ്രഹിച്ചു. എനിക്ക് വേണമെങ്കിൽ എന്റെയും കുടുംബത്തിന്റെയും കാര്യം നോക്കി ജീവിക്കാമായിരുന്നു. പക്ഷെ ഒരു നേരത്തെ ആഹാരത്തിനായി തെരുവിൽ അലഞ്ഞു തിരിയുന്നവരെ കാണുമ്പോൾ സങ്കടം തോന്നും. അവർക്ക് ആഹാരം കൊടുക്കുമ്പോഴും, സഹായിക്കുമ്പോഴും കിട്ടുന്ന സന്തോഷവും ഒരുതരം ലഹരിയും പറഞ്ഞറിയിക്കാൻ കഴിയില്ല. ആ ലഹരിയിൽ ആണ് ഞാനും എന്റെ കുടുംബവും ഇന്ന് ജീവിക്കുന്നത്.
- ജനങ്ങളുടെ പ്രതികരണത്തെക്കുറിച്ച്?
പലതരം ആക്ഷേപങ്ങൾ ഇതിനോടകം ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ചെയ്യുന്ന ഇത്തരം കാര്യങ്ങളുടെയെല്ലാം ഫോട്ടോയും വാർത്തകളും ഞാൻ ഫേസ്‌ബുക്കിൽ ഇടാറുണ്ട്. പലരുടെയും കമന്റുകൾ കണ്ടാൽ മനസു തളർന്നു പോകും. അമൃതാനന്ദമയി ആകാനുള്ള ശ്രമമാണോ എന്ന് ഒരാൾ ചോദിച്ചു. ഇങ്ങനെ ഫോട്ടോ ഇട്ടു പബ്ലിസിറ്റി നേടുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്കു പോകുന്നതല്ലേ എന്നും ചോദിച്ചവരുണ്ട്. ഇത്തരം കമന്റുകൾ കാണുമ്പോൾ ആദ്യം മനസൊന്നു വേദനിക്കുമെങ്കിലും പിന്നീട് അർഹിക്കുന്ന അവജ്ഞയോടെ ഞാൻ അത് തള്ളിക്കളയും. എനിക്ക് എല്ലാവിധ പിന്തുതണയും നല്കിക്കൊണ്ട് എന്റെ ഭർത്താവും അമ്മയും സുഹൃത്തുക്കളും എപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. അശ്വതി നായർ എന്നായിരുന്നു ആദ്യം ഞാൻ ഫേസ്‌ബുക്ക് പ്രൊഫൈൽ നെയിം ആയി ഇട്ടിരുന്നത്. അതിന്റെ പേരിലും പലരും ആക്ഷേപവുമായി എത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വർഗീയ വിഷം ചീറ്റുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അങ്ങനെ ഞാൻ എന്റെ പ്രൊഫൈൽ നെയിം അശ്വതി ജ്വാല എന്നാക്കി. കാരണം ജ്വലയ്ക്ക് മുന്നോട്ട് പോകാൻ എല്ലാവരുടെയും സപ്പോർട്ട് ആവശ്യമായിരുന്നു.
ഇന്ന് അനവധി സംഘടനകൾ തിരുവനന്തപുരം നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എല്ലാവരും മെഡിക്കൽ കോളേജിലും മറ്റു ആശുപത്രികളിലും കൊണ്ടുവന്നാണ് കൊടുക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഒരു കിലോ അരിക്ക് 35 രൂപ കൊടുത്താണ് ഓരോ ദിവസവും ഭക്ഷണം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അത് അർഹതപ്പെട്ട കൈകളിൽ ആണോ ലഭിക്കുന്നത് എന്ന് ആരും പരിശോധിക്കാറില്ല.
- എന്താണ് ജ്വാലയുടെ ഭാവി പ്രവർത്തനങ്ങൾ?
തെരുവിൽ കിടക്കുന്നവർക്കു വേണ്ടിയുള്ള സമഗ്രമായ ഒരു പുനരധിവാസ കേന്ദ്രമാണ് ജ്വാലയുടെ സ്വപ്നം. ഈ വർഷം തന്നെ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും. അവരവരുടെ പ്രായത്തിനനുസരിച്ചുള്ള തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുക. കുട്ടികൾക്ക് വിദ്യാഭ്യാസം, സ്ത്രീകൾക്കു കുടുംബശ്രീയുമായി ചേർന്നുള്ള തൊഴിലവസരങ്ങൾ ഉണ്ടാക്കുക അങ്ങനെ ബൃഹത്തായ പദ്ധതിയാണ് മനസ്സിൽ. സോഷ്യൽ മീഡിയയിലെ എന്റെ സുഹൃത്തുകളും ആയി കൂടിയാലോചന നടത്തിയും വേണ്ട ഉപദേശങ്ങൾ സ്വീകരിച്ചും മാത്രം നടപ്പിലാക്കുന്ന ഒരു പദ്ധതിയായിരിക്കും അത്.
പല അനാഥാലയങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. നമ്മൾ അവിടെ ചെല്ലുമ്പോൾ കാണുന്ന ഒരു കാഴ്ചയുണ്ട്. കരളലിയിക്കുന്ന കാര്യങ്ങൾ കാണുന്ന തരത്തിലാകും അവിടങ്ങളിൽ ക്രമീകരണം. ചെന്നു കാണുന്നവർ വലിയ ഒരു തുക സംഭാവനയായി നല്കിയ ശേഷം മടങ്ങുന്നു. പിന്നീട് അവിടെ എന്ത് നടക്കുന്നു എന്ന് ആർക്കും അറിയില്ല. വലിയ ലാഭമുള്ള ബിസിനസായി ഇന്ന് വയോധികസദനം നടത്തുന്നവർ ഒരുപാടുപേർ ഉണ്ട്. രാഷ്ട്രീയക്കാരോ സെലിബ്രിറ്റികളോ വരുമ്പോൾ വെറും പ്രദർശനവസ്തുക്കളായി അവരെ ഇരുത്തുന്നു. അത്തരം സമീപനങ്ങളൊക്കെ മാറുംവിധത്തിൽ പുനരധിവാസ കേന്ദ്രം തുടങ്ങണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ചാരിറ്റി പ്രവർത്തനങ്ങളിൽ വളരെയധികം മത്സരം നടക്കുന്ന നഗരമാണ് തിരുവനന്തപുരം. പുതിയ ആളുകൾ ചാരിറ്റി പ്രവർത്തനങ്ങളിലേക്കു കടന്നുവരുന്നത് പലർക്കും ഇഷ്ടമല്ല. നമ്മൾ കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവങ്ങളായി കാണുന്ന പലരും എനിക്കെതിരെ പല കുപ്രചാരണങ്ങളും നടത്തിയിട്ടുണ്ട്. പലരുടെയും പേരിൽ എനിക്ക് വനിതാ കമ്മീഷനിൽ കേസ് കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. സമൂഹത്തിൽ എന്ത് നല്ല പ്രവർത്തനങ്ങൾ ചെയ്താലും ഒരു വിഭാഗം അതിനെ ശക്തമായി വിമർശിക്കുന്നു. എനിക്ക് കോടികളുടെ വിദേശഫണ്ട് ഉണ്ട് എന്ന് പ്രചാരണം നടത്തുന്നവർ വരെ ഉണ്ട്. എന്നാൽ എന്റെ എല്ലാ പ്രവർത്തനങ്ങളും മനസിലാക്കി വളരെ സത്യസന്ധമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയയിലെ സുഹൃത്തുകൾ ആണ് എന്റെ ശക്തിയും വിശ്വാസവും.