- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്വതി അച്ചു തേൻകെണിക്കായി ഉപയോഗിച്ചത് കാക്കനാട്ടെ സഹോദരിമാരുടെ ചിത്രങ്ങൾ; സുഹൃത്തുക്കളിൽ ഒരാൾ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കു വെപ്പോൾ അലർട്ടായി; നിശ്ചദാർഢ്യത്തോടെ പരാതി നൽകി ഉറച്ചു നിന്നു; തുടക്കത്തിൽ പൊലീസ് ഉദാസീനരായപ്പോൾ സ്വന്തം നിലയിൽ അന്വേഷിച്ചിച്ചപ്പോൾ നീതി ലഭിച്ചു
കൊച്ചി: 'അശ്വതി അച്ചു' എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പണം തട്ടിയ കൊല്ലം ശൂരനാട് പതാരം സ്വദേശിനി അശ്വതിയെ(34) യുവതിയെ അറസ്റ്റ് ചെയ്യാൻ ഇടയായത് കാക്കനാട് സ്വദേശികളായ സഹോദരിമാരുടെ നിശ്ചയദാർഢ്യം. കാക്കനാട് ഉഷാലയത്തിൽ പ്രഭാ സുകുമാരൻ, രമ്യാ ഷിജിത്ത് എന്നീ സഹോദരിമാരാണ് കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടർന്ന് സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും പിന്നീട് കൊല്ലം റൂറൽ പൊലീസിൽ പരാതി നൽകി അറസ്റ്റിലേക്കെത്തിക്കുകയും ചെയ്തത്. ഇരുവരുടെയും ഫെയ്സ് ബുക്കിലെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു അശ്വതി അച്ചു, അനുശ്രീ, അനു അപ്പു തുടങ്ങീ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങി അശ്വതി യുവാക്കളെ തേൻകെണിയിൽ വീഴ്ത്തിയിരുന്നത്. സുഹൃത്തുക്കളിൽ ഒരാൾ പ്രഭയ്ക്ക് ഈ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കു വച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്.
ഒരുമാസം മുൻപാണ് വ്യാജ അക്കൗണ്ടുകളെ പറ്റി ഇരുവരും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും തൃക്കാക്കര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. പരാതിയെ തുടർന്ന് സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. തൃക്കാക്കര പൊലീസ് യുവതികളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്ന് ഇവർ ആരോപിക്കുന്നു. ഒരു മാസമായതല്ലേയുള്ളൂ... വർഷങ്ങളായ പല കേസുകളും ഇവിടെ ഇപ്പോഴും കിടപ്പുണ്ട് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും യുവതികൾ പറയുന്നു. രണ്ടിടങ്ങളിൽ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടർന്ന് യുവതികൾ സ്വന്തം നിലയിൽ അന്വേഷണം തുടർന്നു. ഇതിനിടയിൽ വ്യാജ പ്രൊഫൈലിൽ അശ്വതി നൽകിയിരുന്ന ഫോൺ നമ്പർ യുവതികൾക്ക് ലഭിച്ചു.
നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ അശ്വതിയുടെ വിശദ വിവരങ്ങൾ ലഭിച്ചു. ഇതോടെ അശ്വതിയുടെ പൊലീസ് സ്റ്റേഷനായ ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതികളുടെ പരാതിയിന്മേൽ ശൂരനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ അശ്വതി തട്ടിപ്പുാരിയാണെന്ന് കണ്ടെത്തി. സമുദായ സംഘടനയിൽ തിരിമറി നടത്തി പണം തട്ടിയെടുത്തതും സർക്കാർ ഉദ്യോഗസ്ഥയാണെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചതടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
കൊച്ചി സിറ്റി പൊലീസിനെ വിശ്വസിച്ച് നീതി കാത്തിരുന്നെങ്കിൽ ഒന്നും നടക്കില്ലെന്നായിരുന്നു യുവതികളുടെ പ്രതികരണം. സ്വന്തം നിലയിൽ അന്വേഷിച്ചിറങ്ങിയപ്പോൾ വളരെ വേഗം തന്നെ നീതി ലഭിച്ചു. പൊലീസിന്റെ ഉപേക്ഷ കുറ്റംകൊണ്ടാണ് കാര്യങ്ങൽ ഇത്രത്തോളം പോയത്. കൂടാതെ ഒരു സാധാരണ സ്ത്രീ പരാതിയുമായെത്തുമ്പോൾ പൊലീസ് കാണിക്കുന്ന നിസംഗതയുടെ ഉദാഹരണം കൂടിയാണിതെന്ന് യുവതികൾ പറയുന്നു. ഇങ്ങനെയുള്ള നിലപാടുകൾ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമ്പോൾ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടും. ശൂരനാട് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ മഞ്ജു വി നായരുടെ ഇടപെടലാണ് വേഗത്തിൽ നീതി ലഭിക്കാൻ ഇടയായതെന്നും അവർ വ്യക്തമാക്കി.
നാലു വർഷക്കാലമായി നടക്കുന്ന തട്ടിപ്പ് പുറത്തായതോടെയാണ് പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്. നാലു ലക്ഷം രൂപയാണ് ആയൂർ സ്വദേശിയായ യുവാവിൽ നിന്ന് അശ്വതി തട്ടിയെടുത്തത്. ഫേസ്ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ് യുവാവിനെ ഇവർ കുടുക്കിയത്. വിവാഹവാഗ്ദാനം നൽകി ശേഷം സ്വയം പരിചയപ്പെടുത്തിയത് കോന്നിയിൽ എൽ.ഡി ക്ലർക്ക് എന്നായിരുന്നു. അനുശ്രീയുടെ വിവാഹ ആലോചനയുമായി യുവാവിന്റെ വീട്ടിലേക്ക് എത്തിയത് വ്യാജ അക്കൗണ്ട് ഉടമയായ അശ്വതി തന്നെയായിരുന്നു. അടുത്ത ബന്ധുവാണ് എന്ന് തെറ്റിദ്ദരിപ്പിച്ചാണ് യുവാവുമായി ബന്ധം സ്ഥാപിച്ചത്. പലപ്പോഴായി നാലു ലക്ഷത്തിനടുത്ത് അശ്വതി എന്ന വീട്ടമ്മ അനുശ്രീക്കാണെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തു. എന്നാൽ അനുശ്രീയുമായി വിവാഹം വരെ എത്തിയ യുവാവ് വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ട്. വഞ്ചിതരായവരിൽ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവർത്തകർ വരെ ഉൾപ്പെടുന്നു. എൽ.എൽ.ബിക്ക് പഠിക്കുന്ന യുവതി എന്ന രീതിയിലാണ് യുവജനസംഘടനാ നേതാക്കളുമായി വീട്ടമ്മ വ്യാജ അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിക്കുകയും പണത്തിന് അത്യാവശ്യമുണ്ടെന്ന് അറിയിച്ചപ്പോൾ അടുത്ത ബന്ധു വന്ന് കൈപ്പറ്റും എന്ന് പറഞ്ഞ് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തി തട്ടിപ്പ്കാരി പണം കൈപറ്റുകയായിരുന്നു. പിന്നീടാണ് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് യുവാക്കളും തിരിച്ചറിഞ്ഞത്.
കാക്കനാട് സൈബർ പൊലീസിന് തലവേദനയായ കേസിൽ സ്വന്തം നിലയിൽ അന്വേഷിച്ചാണ് നിർണായകമായ തെളിവുകൾ കണ്ടെത്തിയതെന്ന് തട്ടിപ്പിന് ഇരയായ പ്രഭ പറയുന്നു. നാലു വർഷത്തിനിടെ സമാന രീതിയിൽ തട്ടിപ്പിനിരയായ യുവാക്കൾ ഈ അക്കൗണ്ടുകൾ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തൃക്കാക്കര ഇൻഫോപാർക്ക് സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പ്രൊഫയിലുകളിൽ കയറിപ്പറ്റിയ പ്രഭ അതിലെ മ്യൂച്ചൽ ഫ്രണ്ടായ യുവാക്കളെ കണ്ടെത്തിയ ശേഷം തന്റെ ഫോട്ടോ ഉപയോഗിച്ച് നിങ്ങളെ കബളിപ്പിക്കുകയാണ് എന്ന് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് ഇത്രയും നാൾ തങ്ങൾ ചാറ്റ് ചെയ്തത് വ്യാജ പ്രൊഫയിലോനാടാണ് എന്ന് യുവാക്കളും തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണങ്ങളിൽ അറിയാൻ സാധിച്ചത് തട്ടിപ്പിന്റെ നീണ്ട കഥ. സംഭവം വിവരിച്ച് കാക്കനാട് സൈബർ പൊലീസിന് പരാതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസെടുക്കാൻ സൈബർ പൊലീസും മടിച്ചു. ഇതോടെയാണ് ശൂരനാട് സ്റ്റേഷനെ ബന്ധപ്പെട്ടത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.