തിരുവനന്തപുരം: ലിഗയുടെ ബന്ധുക്കളെ സഹായിച്ചതിന്റെ പേരിൽ സർക്കാറിന്റെ കണ്ണിലെ കരടായ അശ്വതി ജ്വാലക്കെതിരെ കേസെടുത്തതിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് അശ്വതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ടീസ്ത സെത്തൽവാദിനെതിരെ ഗുജറാത്ത് സർക്കാർ കൈക്കൊണ്ട നടപടികളുമായാണ് അശ്വതിക്കെതിരായ പൊലീസ് നടപടി വിലയിരുത്തപ്പെടുന്നത്. ഇതിനിടെ അശ്വതിയുടെ മഹത്വം വ്യക്തമാക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. മുരളീ കൃഷ്ണൻ നായർ ഷെയർ ചെയ്ത പോസ്റ്റ് ആരെഴുതി എന്ന കാര്യത്തിൽ വ്യക്തതയില്ല. സൈബർ ലോകം ഏറ്റെടുത്തിരിക്കയയാണ് ഇ ഫേസ്‌ബുക്ക് പോസ്റ്റ്.

ഇവൾ അശ്വതി നായർ ( ജ്വാല)

കഴിഞ്ഞ കുറെ വർഷങ്ങളായി, സമയം ഉച്ചക്ക് ഒരു മണിയോടടുക്കുമ്പോൾ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെന്നോ വെയിലെന്നോ നോക്കാതെ ചുവന്ന ഇരുചക്രവാഹനത്തിൽ ഒരു പെൺകുട്ടി ചുറ്റുന്നത് കാണാം. അവളുടെ വാഹനത്തിലെ സഞ്ചിയിൽ നിറയെ ഭക്ഷണ പൊതികളാണ്. തെരുവിലുപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ അഗതികളുടെ ജീവാമൃതം നിറച്ച പൊതികൾ. ഒരു വീട്ടുജോലിക്കാരിയുടെയും അവരുടെ രണ്ടു പെൺമക്കളുടെയും അധ്വാനത്തിൽ നിന്നും മിച്ചം പിടിച്ചു, ഉറ്റവരും ഉടയവരും ഇല്ലാത്തവരെ ഊട്ടുന്നവൾ - അശ്വതി നായർ, തിരുവനന്തപുരം മുട്ടത്തറ സ്വദേശി. തന്റെ കണ്ണുനീർ മാത്രമല്ല തെരുവിൽ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടുന്നവരുടെയും സങ്കടങ്ങൾ കാണാൻ അശ്വതിക്കു കഴിയുന്നത് വിശപ്പെന്തെന്നു നന്നായി മനസിലാക്കിയതുകൊണ്ടാണ്.

ഭർത്താവുപേക്ഷിച്ചു പോയപ്പോൾ സമീപവീടുകളിൽ പകൽ സമയ ജോലിയും സന്ധ്യമുതൽ അർദ്ധരാത്രിയോളം തട്ടുകടജോലിയും ചെയ്യുമ്പോൾ നന്നായി പഠിക്കുന്ന മക്കളിൽ ആയിരുന്നു വിജയകുമാരിയമ്മയുടെ സ്വപ്നങ്ങൾ, പ്രത്യേകിച്ചും മകൾ അശ്വതിയിൽ. കടുത്ത പട്ടിണിയിലും ദാരിദ്രത്തിലും പ്ലസ്ടു വരെ അശ്വതിയുടെ വിദ്യാഭ്യാസം വലിയ അല്ലലില്ലാതെ മുന്നോട്ടു പോയി. ഈ സമയം വിജയകുമാരിയമ്മയുടെ മൂത്തമകൻ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയിരുന്നു. പ്ലസ്ടുവിനു ശേഷം നേഴ്‌സ് ആകാൻ ആഗ്രഹിച്ചു എഴുതിയെങ്കിലും എന്ട്രൻസ് അശ്വതിക്ക് കിട്ടിയില്ല. അതിനാൽ കേരളത്തിന്റെ പുറത്ത് പഠിക്കാൻ ശ്രമിച്ചെങ്കിലും, പട്ടിണികിടന്നും കടം മേടിച്ചുംസ്വരൂപിച്ച അഡ്‌മിഷൻ പണം കബളിപ്പിച്ചുകൊണ്ടു ഏജന്റ് മുങ്ങി. അതോടെ ബീകോമിന് പാരലൽ ആയി പഠിക്കുകയും ഒപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ മെഡിക്കൽ റിപ്രസെന്റെറ്റീവ് ജോലിയും തുടങ്ങി.

സ്വന്തം ചേരിയിൽ പെട്ട ഒരാൾ ഒരിക്കൽ വിശന്നു കരഞ്ഞു ഭക്ഷണം ചോദിച്ചപ്പോഴാണ് തന്റെ ചുറ്റും ഒരു നേരത്തെ ആഹാരത്തിനു ഗതിയില്ലാത്ത അനേകരുണ്ടെന്നു അവൾ ശ്രദ്ധിച്ചത്. അവർക്കും കൂടി ഭക്ഷണം കൊടുത്താലോ എന്നു അമ്മയോടു അശ്വതി പറഞ്ഞപ്പോൾ പട്ടിണിയും ഒറ്റപ്പെടലും ആരെക്കാൾ നന്നായി അറിയാവുന്ന ആ സ്ത്രീ സന്തോഷിക്കുകയാണുണ്ടായത്. The poor people are often the most generous എന്നതാണല്ലോ സത്യം. അടുത്തദിവസം രാവിലെ ആറു പൊതി ചോറുമായാണ് അശ്വതി ജോലിക്കിറങ്ങിയത്. അതിന്റെ എണ്ണം നാൾക്കുനാൾ നാൾ പിന്നെ കൂടി വന്നു.രാവിലെ വീടു ജോലിക്ക് പോകുന്നതിനു മുൻപായി ആ അമ്മ പൊതികൾ തയ്യാറാക്കി വെയ്ക്കും.മകൾ അതുമെടുത്തു ജോലിക്ക് പോകും, ഉച്ചയാകുമ്പോൾ തിരുവനന്തപുരത്തെ തെരുവോരങ്ങളിൽ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് പോകും. ഇതു അശ്വതിയും അമ്മയും അനുജത്തി രേവതിയും മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

ജേഷ്ഠൻ വിവാഹിതനായി കുടുംബജീവിതം തുടങ്ങിയിരുന്നു. പിന്നീട് മെഡിക്കൽകോളേജിൽ ഒൻപതാം വാർഡിലെ രോഗികളുടെ ദയനീയ സാഹചര്യം നേരിട്ടു കാണാനിടയായി, അവരെ സഹായിക്കാൻ ശ്രമിച്ചെങ്കിലും വളരെ ക്രൂരമായ സമീപനമാണ് അധികാരികളിൽ നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും ഉണ്ടായത്, അവസാനം മനുഷ്യാവകാശകമ്മീഷനെ പ്രശ്‌നത്തിലേക്ക് ഇടപെടുത്തിയത്തിനു ശേഷമാണ് അനുമതി ലഭിച്ചത്. ബീകോമിന് ശേഷം LLB ഈവനിങ് കോഴ്‌സിനു ചേർന്നു. ഇതിനിടെ സോഷ്യൽമീഡിയകളിൽ കൂടി മറ്റും അറിഞ്ഞും കേട്ടും ചിലർ സഹായിക്കാൻ തുടങ്ങി. അവരോടൊപ്പം ചേർന്നു ജ്വാല എന്ന സംഘടന രൂപീകരിച്ചു. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഉപേക്ഷിക്കപ്പെട്ട രോഗികളെയും പുനരധിവസിപ്പിക്കാൻ ഒരു വീടു വാടകയ്ക്ക് എടുത്തു. സ്വന്തം കാലിൽ നിൽക്കാൻ അനേകരെ പ്രാപ്തരാക്കാൻ സഹായിക്കാൻ ലോട്ടറി ടിക്കെട്ടും ബോർഡും അവർക്ക് വാങ്ങിക്കൊടുക്കുന്ന ഒരു ആശയം അടുത്തിടെ മുതൽ പ്രാവർത്തികമാക്കാൻ തുടങ്ങി.

ഭിക്ഷാടനത്തെ പല കാരണങ്ങളാലും പ്രോൽസാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന അശ്വതി, അർഹരായവരിൽ തന്നെയാണ് തന്റെ സഹായം ചെല്ലുന്നത് എന്നു ആദ്യംമുതലേ ഉറപ്പുവരുത്തിയിരുന്നു. മാറാരോഗമായതിനാൽ ഭർത്താവും മക്കളും കല്ലെറിഞ്ഞോടിച്ച ഒരു അന്യഭാഷ നടിയും, അമ്മയെ അച്ഛൻ ക്രൂരമായി കൊല്ലുന്നത് കണ്ടു സ്വയം ഭ്രാന്തഭിനയിച്ചു വീടുവിട്ടിറങ്ങി അലഞ്ഞുതിരിയുന്ന സമ്പന്നനായിരുന്ന യുവാവും, ജീവിതസായാന്ഹത്തിൽ മക്കൾ നടതള്ളിയവരും എല്ലാം കണ്ടുമുട്ടിയ അനേകരിൽ ചിലർ. അവർക്കാണ് അശ്വതി ഇന്നു താങ്ങും തണലുമാകാൻ ശ്രമിക്കുന്നത്. യൂത്ത് ഐക്കൺ ഓഫ് ദി ഇയർ തുടങ്ങി ,ലഭിച്ച അനേകം ബഹുമതികളിൽ നിന്നും കിട്ടുന്ന തുകയും തന്റെ അന്നദാന പ്രവർത്തികൾക്കായി വിനിയോഗിക്കുന്നു.

ഇതൊക്കെയാണെങ്കിലും സമൂഹത്തിൽ നിന്നും വളരെ ഏറെ എതിർപ്പുകളും അവഹേളനങ്ങളും ഇവർ നേരിടുന്നുണ്ട്. ചുറ്റിനും മാധ്യമപ്പടയെയും ക്യാമറകൂട്ടങ്ങളെയും നിരത്തി 'സേവനം നടത്തി' അതെടുത്ത് Facebookൽ ബൂസ്റ്റട് പോസ്റ്റും ഇടുന്ന സെലിബ്രിട്ടികളിൽ നിന്നും, നിക്ഷിപ്ത താത്പര്യത്തോടെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരിൽ നിന്നും, ജീവിതത്തിന്റെ അവസാനനാളുകളിൽ സമ്പാദിച്ചു മടുക്കുമ്പോൾ അവശേഷിക്കുന്ന ആത്മീയമായ ശൂന്യത അവസാനിപ്പിക്കാൻ ജീവകാരുണ്യത്തിലേക്കു മൊക്കെ തിരിയുന്നവരിൽ നിന്നും വളരെ വ്യത്യസ്തമാണ് അശ്വതിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. തന്റെ പേരിനെ മുതലെടുക്കാൻ വരുന്നവരെ അകറ്റി നിർത്താനും അതോടൊപ്പം അനാവശ്യ മാധ്യമശ്രദ്ധയും ഒഴിവാക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.

പട്ടിണി എന്നാൽ രുചിയില്ലാത്തതിനാലോ, ബന്ധുക്കളോടു പിണങ്ങിയോ ദേവപ്രീതിക്കോ ഒരു നേരമോ രണ്ടു നേരമോ ആഹാരമുപേക്ഷിക്കുന്നതിനെ പറയുന്നതല്ല; അനുഭവിച്ചാൽ മാത്രം മനസിലാവുന്ന ക്രൂരമായ അവസ്ഥയാണ്. പട്ടിണിയാൽ നൊന്തുപെറ്റമക്കളേയും സ്വശരീരവും വിൽക്കുന്നവരേയും അതിനു പോലും ഗതിയില്ലാത്തവരേയും പറ്റി നാം ചിന്തിച്ചിട്ടുണ്ടോ. പേരുകേട്ട ദേവാലയങ്ങളിൽ ഭക്തവേഷം കെട്ടുന്നവർക്കു പേരും നാളും വിലാസവും രേഖപ്പെടുത്തി അന്നദാനം നടത്തുന്നതിലും കോടി പുണ്യവും മനസ്സമാധാനവും ഇത്തരം രീതിയിൽ അർഹിക്കുന്നവർക്ക് കൊടുത്താൽ കിട്ടും എന്നതല്ലേ സത്യം, അതല്ലേ നമ്മൾ ചെയ്യേണ്ടത്.
ഇവൾ പണക്കാരികുട്ടിയല്ല ,അധ്വാനിച്ചു സമ്പാദിക്കുന്ന ,അതിലെ ഏറിയ പങ്കും വഴിയരികിലെ നിരാലംബർക്ക്.ആഹാരം നൽകാൻ ചിലവഴിക്കുന്ന പെൺകുട്ടി..നമ്മൾ കാണാതെ പോകരുത് ഈ നന്മമരങ്ങളെ, ഒപ്പം എളിയ രീതിയിലെങ്കിലും പകർത്താനും...

നഗരം അന്ന് ഉത്രാടപാച്ചിലിലായിരുന്നു. മക്കളാലും ചെറുമക്കളാലും ഉപേക്ഷിക്കപ്പെട്ട, തെരുവിലിഴഞ്ഞും നിരങ്ങിയും, ഒരു തണൽ കോണിലുറങ്ങിയും ചുക്കിചുളിഞ്ഞ ഒരമ്മ. ഭക്ഷണപ്പൊതി കൊടുത്തപ്പോൾ, വിശപ്പില്ല പിന്നെ കഴിച്ചോളാമെന്ന്. ഒന്നു തലോടി കുശലം പറഞ്ഞു തിരിഞ്ഞപ്പോൾ, കൈയിലെ പിടിത്തം വിടാനൊരു മടി, തിരിഞ്ഞുനോക്കിയപ്പോൾ പീലികൾ കൊഴിഞ്ഞു കുഴിയിലാണ്ട, പാടമൂടിയ കണ്ണുകളിൽ എന്തോ സംശയം.
''ഉം എന്തേ !....''
'' നാളെ തിരുവോണമാണ്, മോൾക്കു അവധിയാണോ അതോ ചോറു കൊണ്ടുവരുമോ.......''