- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്തിമ ലൊക്കേഷൻ സർവേ, ലാന്റ് പ്ലാൻ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ല; പദ്ധതിയിലെ ഗൗരവമായ സാങ്കേതിക പ്രശ്നങ്ങൾ ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി'; ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെ നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനാവില്ലെന്നാണ് അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അശ്വതി വൈഷ്ണവിന്റെ പ്രതികരണം.
അന്തിമ ലൊക്കേഷൻ സർവേ, ലാന്റ് പ്ലാൻ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. പദ്ധതിയിലെ ഗുരുതരമായ പിഴവുകൾ ഈ ശ്രീധരൻ ചൂണ്ടിക്കാട്ടിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
Metroman Shri E Sreedharan Ji explained serious technical issues in the SilverLine project. Without FLS, land plan and sanction, land acquisition cannot be done. pic.twitter.com/hT8nHMKhx0
- Ashwini Vaishnaw (@AshwiniVaishnaw) February 4, 2022
കേന്ദ്രമന്ത്രി വി മുരളീധരൻ, മെട്രോമാൻ ഈ ശ്രീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരുൾപ്പെടുന്ന ബിജെപിയുടെ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയതോതിൽ ഉയർന്ന പ്രതിഷേധം ബിജെപി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തടുത്തുകയും ചെയ്തു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകൾ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയിൽവേമന്ത്രി പറഞ്ഞതായി വി മുരളീധരൻ വ്യക്തമാക്കി. കെ റെയിലിന് നിലവിലെ ഡിപിആർ അപര്യാപ്തമാണ്. പദ്ധതി പൂർത്തിയാക്കാൻ 10-12 വർഷം വരെ വേണ്ടിവരുമെന്ന് ഇ ശ്രീധരൻ പറഞ്ഞു.
'സാർത്ഥകമായ കൂടിക്കാഴ്ച. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ പൊള്ളത്തരവും അപകടവും റെയിൽവേ മന്ത്രിയെ ധരിപ്പിച്ചു. മെട്രോമാന്റെ സാന്നിധ്യം കൂടുതൽ പ്രയോജനകരമായി,' കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതി.
കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ബിജെപി നേതാക്കളുടെ സംഘം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനവും സംഘം മന്ത്രിക്ക് കൈമാറി.
അതേസമയം, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്ന് കെ റെയിൽ വിശദീകരിച്ചിരുന്നു. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. സിൽവർലൈൻ ഡി.പി.ആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയിൽ തന്നെ വിശദീകരണമുണ്ട്. റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നതല്ലെന്നും കെ റെയിൽ വൃത്തങ്ങൾ വിശദീകരിച്ചിരുന്നു.
ഡി.പി.ആറിന് അനുമതി കാത്തിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച പല നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. സിൽവർലൈൻ ഡി.പി.ആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയോടൊപ്പം അതിനുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിക്കുന്നുണ്ടെന്ന് കെ റെയിൽ വ്യക്തമാക്കിയിരുന്നു.
സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പറയുമ്പോഴും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അനുമതി നൽകും എന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്നാണ് കെ റെയിൽ പറയുന്നത്.
മന്ത്രാലയം നിർദ്ദേശിച്ച പ്രകാരമാണ് റെയിൽവേയുമായി ചേർന്ന് കെ-റെയിൽ സാങ്കേതിക വിവരശേഖരണം നടത്തുന്നത്. സാമൂഹിക ആഘാത പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. 90 ദിവസത്തെ സമയമാണ് ഇതിന് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള ഈ റിപ്പോർട്ടുകൾകൂടി ലഭിച്ചശേഷം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും.
കഴിഞ്ഞ ദിവസം കെ റെയിൽ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമർപ്പിച്ച ഡിപിആർ അപൂർണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ചശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്