കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത യുവതിയുടെ മൊബൈൽ ഫോണിൽ യുവതികൾ ലഹരി ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്ത ഓച്ചിറ ക്ലാപ്പന അശ്വതി നിവാസിൽ അശ്വനീ കൃഷ്ണ(22)ന്റെ മൊബൈൽ ഫോണിലാണ് യുവതികൾ ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങൾ എക്സൈസ് കണ്ടെത്തിയത്.

അശ്വനിയും ഒപ്പം യുവതികളും യുവാക്കളും അടങ്ങുന്ന സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും മൊബൈൽ ഫോൺ കോടതിയിൽ കൈമാറിയിരിക്കുന്നതിനാൽ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ഫോൺ വാങ്ങും. വിശദമായി അന്വേഷിച്ചതിന് ശേഷം ഇവരെ കസ്റ്റഡിയിൽ എടുക്കാനാണ് എക്സൈസിന്റെ തീരുമാനം. ഫോൺ വിട്ടു കിട്ടാനും അശ്വനിയെ കസ്റ്റഡിയിൽ വാങ്ങാനും കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് എം.ഡി.എം.എയുമായി അശ്വനിയെയും സുഹൃത്തുക്കളായ മലപ്പുറം സ്വദേശികൾ പെരിന്തൽമണ്ണ ഉച്ചാരക്കടവ് ആണിക്കല്ലിങ്ങൽ വീട്ടിൽ രജിത് എ.കെ(26), അങ്ങാടിപ്പുറം സർക്കാർ പോളിടെക്നിക്കിന് സമപം തറയിൽ വീട്ടിൽ നിഷാദ്(27), മലപ്പുറം ചേരാറ്റുകുഴി കുഴിമാട്ടിൽ കളത്തിൽ സൽമാൻ മുഹമ്മദ്(27) എന്നിവരെ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.എൽ വിജിലാലും സംഘവും അറസ്റ്റ് ചെയ്തത്. അഴീക്കൽ ബീച്ചിന് സമീപം നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിന് അടിയിൽ വച്ചാണ് ഇവരെ പിടികൂടുന്നത്. പിടികൂടുന്ന സമയം 0.410 ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

പിടിയിലായ ചെറുപ്പക്കാരിലൊരാൾ അശ്വനിയുടെ കാമുകനാണ്. ബംഗളൂരുവിൽ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കെയാണ് അശ്വനി ലഹരി ഉപയോഗിക്കാൻ തുടങ്ങിയത്. ലഹരി ഉപയോഗത്തിലൂടെയാണ് പിടിയിലായ യുവാക്കളെ പരിചയപ്പെടുന്നതും ഇവരിലൊരാൾ കാമുകനാകുന്നതും. മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ നാട്ടിൽ അവധിക്കെത്തുമ്പോൾ സുഹൃത്തുക്കളുമായി ചേർന്ന് ലഹരി ഉപയോഗിക്കുകയും നാട്ടിൽ പലർക്കും ലഹരിമരുന്ന് എത്തിച്ചു കൊടുക്കുകയും ചെയ്തുവരികയായിരുന്നു.

നിരന്തരമായ ഉപയോഗം മൂലം അശ്വനി മയക്കു മരുന്നിന് അടിമയായി മാറി. കാമുകനും സുഹൃത്തുക്കളും ബംഗളൂരുവിൽ നിന്നും എത്തിച്ച എം.ഡി.എം.എ അശ്വനിക്ക് കൈമാറാനായി ഓച്ചിറയിൽ എത്തിയതായിരുന്നു. പിന്നീട് ഇവരുടെ സ്ഥിരം താവളമായ അഴീക്കലിൽ എത്തി നാലു പേരും കൂടി ലഹരി ഉപയോഗിച്ചു. ഈ സമയം അവിടെയെത്തിയ എക്സൈസ് സംഘം സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

അശ്വനി വീട്ടിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന് പോകുകയാണ് എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിക്കാൻ പോയത്. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി തവണം ലഹരിമരുന്ന ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. പഠിക്കാൻ ഏറെ മിടുക്കിയായിരുന്ന അശ്വനി ഇത്തരത്തിൽ മയക്കു മരുന്ന് ഉപയോഗത്തിലേക്ക് പോയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മാതാപിതാക്കളെ കൂടാതെ ഇളയ ഒരു സഹോദരൻ കൂടിയുണ്ട്. പെൺകുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ പറഞ്ഞു.

യുവതി ആൺ സുഹൃത്തുക്കളുമായി ചേർന്ന് വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നിശ്ചിത ഇടവേളകളിൽ മയക്കുമരുന്ന് നാട്ടിൽ കൊണ്ടുവന്നു തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ലഹരി കൈമാറ്റത്തിലും ഉപയോഗത്തിലും ഏർപ്പെട്ടു വരികയായിരുന്നുവെന്നു ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.സുരേഷിന്റെ പ്രത്യേക നിർദ്ദേശമനുസരിച്ച് ബീച്ചുകൾ, ഹാർബറുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽഎക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കൽ പുതിയ പാലത്തിനു സമീപം വച്ച് സംശയകരമായ തരത്തിൽ യുവതിയെ കാണാനിടയാകുകയും പ്രതികൾ പിടിയിലാവുകയും ചെയ്തത്.

പ്രിവന്റീവ് ഓഫീസർ എസ്. ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി.ഹരികൃഷ്ണൻ, എസ്.കിഷോർ, രജിത്.കെ.പിള്ള. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ജി.ട്രീസ, റാസ്മിയ, സീനിയർ എക്‌സൈസ് ഡ്രൈവർ മനാഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.