ന്യൂഡൽഹി: നാളെയുടെ ലോകത്തെ നയിക്കേണ്ട രാജ്യം ഏതാണെന്ന കാര്യത്തിൽ മികച്ച സാമ്പത്തിക വിദഗ്ദ്ധർക്ക് പോലും യാതൊരു സംശയവുമില്ല. അത് ഇന്ത്യ തന്നെയാണ്. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കി കാണുന്നത്. നരേന്ദ്ര മോദിയെന്ന ധിഷണാശാലിയായ പ്രധാനമന്ത്രിയെ കൂടി ലഭിച്ചതോടെ ഈ പ്രതീക്ഷകൾ വീണ്ടും ഉയർന്നു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ മൂന്നാം വർഷത്തിലേക്ക് രാജ്യം കടക്കുമ്പോൾ സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വൻ മുന്നേറ്റമുണ്ടായി എന്നതാണ് ഏറെ പ്രതീക്ഷകൾക്ക് ഇട നൽകുന്നത്.

ലോകത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു കൊണ്ട് 2016 ആദ്യ പാദത്തിൽ 7.9% സാമ്പത്തിക വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2015 ഡിസംബറിൽ 7.2% ആയിരുന്നു വളർച്ച. നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച പുറത്തുവന്ന ഈ വാർത്ത കേന്ദ്രസർക്കാറിന് ഇരട്ടി മധുരമാകുകയും ചെയ്തു.

ലോകത്തിലെ മറ്റ് വൻ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ. ഇന്ത്യ 7.9 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ 6.7 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക മേഖലയിൽ രേഖപ്പെടുത്തിയ വളർച്ച. ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന വളർച്ചയാണ് നാലാം പാദത്തിൽ ചൈന നേടിയത്.

ഉയർന്ന നാണയപ്പെരുപ്പം ഉള്ളപ്പോഴും കടുത്ത സാമ്പത്തിക അച്ചടക്കം ഇന്ത്യയ്ക്ക് തുണയായി എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. സ്വകാര്യമേഖലയിലാണ് കാര്യമാത്രമായ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതോൽപാദന രംഗത്തും ഖനന മേഖലയിലും വലിയ രീതിയിൽ തന്നെ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. കാർഷിക മേഖലയിലാണ് വിവിധങ്ങളായ കാരണങ്ങളാൽ അൽപമെങ്കിലും തളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയ്ക്ക് പ്രാപ്തമാകുന്നതിനേക്കാൾ കുറവ് വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും എന്നാൽ ഈ വളർച്ചയിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നുവെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചു.

സാമ്പത്തിക വളർച്ചയിൽ തുടക്കത്തിലുണ്ടായ മന്ദിപ്പിനെ മറികടന്നാണ് ഇന്ത്യൻ സാമ്പത്തിക രംഗം അതിവേഗം കുതിച്ചത്. ആദ്യ മൂന്ന് ത്രൈമാസങ്ങളിലും പ്രതീക്ഷച്ചതിനേക്കാൾ താഴെയായിരുന്നു ഇന്ത്യൻ വളർച്ച. എന്നാൽ, നാലാം പാദമായ ജനുവരി - മാർച്ചിൽ ഈ ട്രെൻഡ് ഇന്ത്യ പൊളിച്ചടുക്കി. ഏഴ് ശതമാനത്തിനടുത്താണ് വളർച്ച പ്രതീക്ഷിച്ചത്. എന്നാൽ, ഇന്ത്യ 7.9 ശതമാനം വളർന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനമാണിത്. ഇതുവഴി, ചൈനയെ കടത്തിവെട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. 2009നു ശേഷമുള്ള ഏറ്റവും മോശം വളർച്ചയായ 6.7 ശതമാനമാണ് കഴിഞ്ഞ പാദത്തിൽ ചൈന നേടിയത്. 105.52 ലക്ഷം കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 7.6 ശതമാനം വർദ്ധനയുമായി 113.50 ലക്ഷം കോടി രൂപയിലേക്കാണ് ഇന്ത്യൻ ജി.ഡി.പിയുടെ കുതിപ്പ്. ആളോഹരി വരുമാനം 6.2 ശതമാനം വർദ്ധിച്ച് 77,435 രൂപയിലുമെത്തി. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ 7.5 ശതമാനവും രണ്ടാം പാദത്തിൽ 7.6 ശതമാനവും മൂന്നാം പാദത്തിൽ 7.2 ശതമാനവുമായിരുന്നു വളർച്ച. 2012-13ലെ 5.6 ശതമാനത്തിൽ നിന്ന് അതിവേഗമാണ് 2015-16ഓടെ ഇന്ത്യ 7.6 ശതമാനം വളർച്ചയിലേക്ക് മുന്നേറിയത്.

ഇന്ത്യയുടെ ധനക്കമ്മി ഏപ്രിലിൽ നടപ്പു വർഷത്തെ ബഡ്ജറ്റിൽ വിലയിരുത്തിയതിന്റെ 25.7 ശതമാനത്തിലെത്തി. 1.37 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. കേന്ദ്ര സർക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരമാണിത്. നടപ്പു വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 5.33 ലക്ഷം കോടി രൂപയാണ്. ജി.ഡി.പിയുടെ 3.5 ശതമാനമാണിത്. എട്ട് പ്രമുഖ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയിലും കുതിപ്പ് പ്രകടമാണ്. ഏപ്രിലിൽ 8.5 ശതമാനം വളർച്ച നേടിയ വ്യവസായ മേഖല ഈ പ്രകടനം മെച്ചപ്പെടുത്തുകയാണ് ഉണ്ടായത്. തുടർച്ചയായ അഞ്ചാം മാസമാണ് ഈ കുതിപ്പ്. മാർച്ചിൽ 6.4 ശതമാനവും കഴിഞ്ഞ വർഷം ഏപ്രിലിൽ നൈഗറ്റീവ് 0.2 ശതമാനവുമായിരുന്നു വളർച്ച. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സിമെന്റ്, സ്റ്റീൽ, വൈദ്യുതി എന്നിവയാണ് പ്രമുഖ വ്യവസായ മേഖലകൾ.