വാഷിങ്ടൺ: പരക്കെ നാശം വിതച്ചുകൊണ്ട് വടക്ക് കിഴക്കൻ മേഖലകളിൽ ശക്തമായ കൊടുങ്കാറ്റ് വീശി. മേരിലാൻഡിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കൊടുങ്കാറ്റിൽ ഗതാഗതം താറുമാറാകുകയും ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച വിർജീനിയ മുതൽ ന്യൂ ജഴ്‌സി വരെ വീശിയടിച്ച കാറ്റിനെ തുടർന്ന് കനത്ത പേമാരിയിൽ റോഡുകൾ മിക്കതും മുങ്ങി. മിക്കയിടങ്ങളിലും അര മണിക്കൂറിനുള്ളിൽ 2.5 സെന്റിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ആഞ്ഞുവീശിയ കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നുപോയിട്ടുണ്ട്. തെക്കൻ ന്യൂ ജേഴ്‌സിയിൽ മണിക്കൂറിൽ 70 മൈൽ വേഗത്തിലുള്ള കാറ്റാണ് വീശിയടിച്ചത്. വെസ്റ്റ് വെർജീനിയ, കെന്റക്കി, ടെന്നീസീ എന്നിവിടങ്ങളിലും കൊടുങ്കാറ്റിന്റെ ശക്തി അറിയിച്ച് കാറ്റുവീശിയിരുന്നു.

നോർത്തേൺ വെർജീനിയ, വാഷിങ്ടൺ, ബാൽട്ടിമോർ എന്നിവിടങ്ങളിലുള്ള 74,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതായി പവർ കമ്പനികൾ വെളിപ്പെടുത്തി. കൂടാതെ ന്യൂ ജഴ്‌സിയിൽ തന്നെ 82,000ത്തോളം പേർക്കും ഫിലാഡൽഫിയ മേഖലയിൽ നാലു ലക്ഷത്തിലധികം വീടുകൾക്കും  വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി പിഎസ്ഇജി അറിയിക്കുന്നു.

മോശമായ കാലാവസ്ഥയെ തുടർന്ന് ആംട്രക്ക്, യുഎസ് പാസഞ്ചർ റെയിൽ സർവീസ് എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു. വാഷിങ്ടൺ, ഫിലാഡൽഫിയ, ഹാരീസ്ബർഗ്, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ഗതാഗതം അരമണിക്കൂർ നേരം തടസപ്പെട്ടിരുന്നു.
ന്യൂയോർക്കിലെ ലാ ഗാർഡിയ, ലിബേർട്ടി ഇന്റർനാഷണൽ, ഫിലാഡൽഫിയ ഇന്റർനാഷണൽ എയർപോർട്ടുകളിൽ 200-ലധികം വിമാനസർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.