വിശാഖപട്ടണം: സിപിഐ(എം) എന്ന വിപ്ലവപാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് വിശാഖപട്ടണത്ത് 21ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. ബിജെപിയുടെ മുന്നേറ്റത്തിൽ ബംഗാളിൽ അടിത്തറ തകർന്ന സിപിഎമ്മിനെ ഉടച്ചുവാർക്കാൻ കഴിവുള്ള നേതൃത്വമാണ് വേണ്ടതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. നിലവിലെ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുന്നതോടെ പുതിയ കാലത്തിനൊത്ത് പാർട്ടിയെ നയിക്കാൻ കെൽപ്പുള്ളത് നേതാവിനെയാണ് പാർട്ടി ആലോചിക്കുന്നത്. എന്നാൽ, പാർട്ടി നേതൃത്വത്തിലുള്ള പടലപ്പിണക്കങ്ങളും ബംഗാളിലെ രാഷ്ട്രീയ സാഹചര്യവും കൂടി പരിഗണനയിൽ വരുമ്പോൾ അപ്രതീക്ഷിതമായി എസ് രാമചന്ദ്രൻ പിള്ള സെക്രട്ടറിയാകാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല. ബംഗാളിലെ ദുർബലമായ നേതൃത്വത്തേക്കാൾ ശക്തമായ കേരള ഘടകം വാദിക്കുന്നത് എസ്ആർപിക്ക് വേണ്ടിയാണ്. ഇതിനുള്ള ചർച്ചകൾ സജീവമായിട്ടണ്ട്.

പാർട്ടി നേതൃത്വത്തിനെതിരെ ബലൽ രേഖ തയ്യാറാക്കിയത് വഴി സീതാറാം യെച്ചൂരി നേതൃത്വത്തിന് അനഭിമതനാണ്. മാത്രമല്ല, കേരളത്തിൽ വിഎസിന്റെ രക്ഷകാനായി എത്തുന്ന യെച്ചൂരിയെ കേരളത്തിലെ നേതാക്കൾക്കും അത്രയ്ക്ക് താൽപ്പര്യമില്ല. യെച്ചൂരിക്ക് തിരിച്ചടിയാകുന്ന മറ്റൊരു ഘടകം പാർലമെന്ററി പാർട്ടി നേതൃത്വമാണ്. ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമാണ് സീതാറം യെച്ചൂരി. അഖിലേന്ത്യാ സെക്രട്ടറി ആകുന്നതോടെ ഇരട്ടപദവി ആകുമെന്നതിനാൽ എംപി സ്ഥാനം രാജിവെക്കേണ്ടി വന്നേക്കാം. എന്നാൽ, പകരമായി അംഗത്തെ രാജ്യസഭയിൽ എത്തിക്കാൻ നിലവിലെ കക്ഷിനില വച്ച് സാധിക്കില്ല. അതുകൊണ്ട് സീതാറാം യച്ചൂരി പാർലമെന്ററി രംഗത്ത് തുടർന്നുകൊണ്ട് എസ്ആർപിയെ താൽക്കാലികമായി നേതൃത്വം ഏൽപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

അതേസമയം എസ്ആർപിക്ക് ദേശീയ രാഷ്ട്രീയത്തിൽ മുഖമില്ലെന്നതാണ് അദ്ദേഹത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആക്കുന്നതിന് തിരിച്ചടിയാകുന്ന ഘടകം. യെച്ചൂരിയോട് തന്നെയാണ് പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിന് താൽപ്പര്യം. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ മുഖമായാണ് യെച്ചൂരി പ്രവർത്തിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തെ നയിക്കാൻ കെൽപ്പുള്ള മറ്റൊരാൾ ഇല്ലെന്നതാണ് ഇതിന് തിരിച്ചടിയാകുന്ന ഘടകം.

വൃന്ദാ കാരാട്ടാണ് സെക്രട്ടറിയാകാൻ സാധ്യതയുള്ള മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം. എന്നാൽ, ഭർത്താവ് ഒഴിയുന്ന കസേരയിൽ ഇരിക്കാൻ വൃന്ദയ്ക്ക് താൽപ്പര്യമില്ലെന്നാണ് അറിയുന്നത്. കുടുംബാവാഴ്‌ച്ചയെന്ന ചീത്തപ്പേര് ഉണ്ടാക്കി വെക്കേണ്ടെന്നും അവർ കരുതുന്നു. മാദ്ധ്യമങ്ങളോട് അടുത്ത നിലപാട് സ്വീകരിക്കുന്ന വൃന്ദ സെക്രട്ടറിയായാൽ അത് പാർട്ടിക്ക് ഉണർവ് നൽകുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ യെച്ചൂരിയുടെയും മറ്റ് നേതാക്കളുടെയും നിലപാടും നിർണ്ണായകമാണ്. പോളിറ്റ്ബ്യൂറോ അംഗമായ ബി വി രാഘവുലുവിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.

ഒരു തവണ സെക്രട്ടറി പദവി വഹിക്കാനുള്ള താൽപ്പര്യം എസ് രാമചന്ദ്രൻപിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് എതിർപ്പുമായി അധികമാരുമില്ല. എങ്കിലും വടക്കേ ഇന്ത്യയിലെ നേതാക്കൾക്ക് കൂടുതൽ താൽപ്പര്യം യെച്ചൂരിയോടാണ്. എന്നാൽ, പാർലമെന്ററി പാർട്ടി കാര്യങ്ങൾ പറഞ്ഞ് യെച്ചൂരിയെ അകറ്റി നിർത്താനുള്ള ശ്രമവുമുണ്ട്. അതേസമയം പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറെന്ന് സിപിഐഎം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിയിൽ സ്ഥാനമാനങ്ങളല്ല വലുതെന്നും കമ്മ്യൂണിസ്റ്റുകാർ പദവി ആഗ്രഹിച്ചല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ പാർട്ടി പറഞ്ഞ കാര്യങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാത്ത ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നും പി.ബിയിൽ നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുവരും വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുമില്ല. പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത് സമവായം ഉണ്ടായിട്ടില്ല. അതേസമയം ആരുതന്നെ സെക്രട്ടറിയായാലും പാർട്ടിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. അംഗങ്ങളുടെ എണ്ണം കൂടിയെങ്കിലും പാർട്ടിയിൽ വൻതോതിൽ കൊഴിഞ്ഞുപോക്കു തുടരുന്നുവെന്നു സിപിഐ(എം) കേന്ദ്ര കമ്മിറ്റി, പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയാറാക്കിയ കണക്കുകൾ വ്യക്തമാക്കിയിരുന്നു. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും എണ്ണം കഴിഞ്ഞ പാർട്ടി കോൺഗ്രസിനെക്കാൾ ഇടിഞ്ഞുവെന്നും കണക്കുകളിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം പാർട്ടി അംഗസംഖ്യം 10,44,853ൽ നിന്നും 10,59,060 ആയി ഉയർന്നു എന്നാണു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ പോകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 14,277 അംഗങ്ങളുടെ വർധനവ്. കേരളത്തിൽ 34,692 അംഗങ്ങൾ കൂടിയതാണ് പാർട്ടി അംഗസംഖ്യ ഇടിയാതിരിക്കാൻ സഹായിച്ചത്. പശ്ചിമ ബംഗാളിൽ 39,000 അംഗങ്ങൾ കുറഞ്ഞു. എന്നാൽ പാർട്ടിയിലെ കൊഴിഞ്ഞു പോക്ക് തുടരുന്നുവെന്നാണ് സിസിയുടെ കണ്ടെത്തൽ.

കൊഴിഞ്ഞു പോക്ക് 20102ലെ 5.6 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർന്നു. കാൻഡിഡേറ്റ് അംഗങ്ങളുടെ കൊഴിഞ്ഞു പോക്ക് 41.7 ശതമാനമാണ്. ബഹുജന സംഘടനകളിലെ അംഗസംഖ്യ 5,31,65,356 ആയി കുറഞ്ഞു. 78,74,444 അംഗങ്ങളുടെ കുറവ്. കർഷക, യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയെല്ലാം അംഗസംഖ്യയും ഇടിഞ്ഞു. ഇങ്ങനെ പതനത്തിലേക്ക് പോകുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതു തന്നെയാകും സിപിഐ(എം) പുതിയ സെക്രട്ടറി നേരിടുന്ന കനത്ത വെല്ലുവിളി.