അരീക്കോട്: മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ നടന്ന ദുരഭിമാനക്കൊലയാണ് അരീക്കോട്ട് നടന്നതെന്ന് പൊലീസ്. മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛൻ കുത്തിക്കൊന്നത് പ്രണയ വിവാഹത്തിൽ നിന്ന് പിന്മാറാത്തതു കൊണ്ടാണ്. കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ രാജന്റെ മകൾ ആതിര(22)യാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് രാജനെ പൊലീസ് അറസ്റ്റ്ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

വെള്ളിയാഴ്ച രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തിൽ ആതിരയുടെ വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായിരുന്നു വരൻ. ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന ആതിര പഠനകാലത്താണ് യുവാവുമായി പ്രണയത്തിലായത്. വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ വീട്ടിൽ അറിയിച്ചു. ഇരുവരും തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. താഴ്ന്ന ജാതിക്കാരനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തിൽ രാജന് കടുത്ത എതിർപ്പായിരുന്നു. ഇതേത്തുടർന്ന് പ്രശ്‌നങ്ങളായി.

ഇതോടെ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. തുടർന്ന് പൊലീസ് നടത്തിയ ഇടപെടലിനെത്തുടർന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താൻ തീരുമാനിച്ചത്. സാഹചര്യത്തിന്റെ സമ്മർദത്തിൽ രാജൻ സ്റ്റേഷനിൽവെച്ച് വിവാഹത്തിനു സമ്മതിച്ചു. അപ്പോഴും വീട്ടിൽ രാജൻ ബഹളം തുടർന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം രാജൻ ആതിരയോട് പരുഷമായി പെരുമാറാൻ തുടങ്ങിയതോടെ ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയൽവാസിയുടെ വീട്ടിൽ അഭയംതേടി.

രാജൻ കത്തിയെടുത്ത് ഇവിടെയെത്തി മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ നെഞ്ചിൽ കുത്തുകയായിരുന്നു. ഈസമയം അയൽവീട്ടിൽ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവർ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണം. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജൻ പൊലീസ് എത്തിയപ്പോൾ കീഴടങ്ങി.

മഞ്ചേരി മെഡിക്കൽ കേളേജിൽ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലി ചെയ്യുന്ന ആതിര എസ്.സി വിഭാഗത്തിൽപ്പെട്ട കൊയിലാണ്ടി സ്വദേശിയും സൈനികനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ആതിര തിയ്യ വിഭാഗത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രണയം അച്ഛൻ രാജൻ എതിർത്തതോടെ അടുത്തിടെ രജിസ്റ്റർ മാരേജ് ചെയ്തിരുന്നു. തുടർന്ന് അരീക്കോട് പൊലീസ് സ്‌റ്റേഷനിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾക്കൊടുവിലാണ് വിവാഹം നടത്താൻ സമ്മതിച്ചത്.

ഇന്ന് സൗത്ത് പുത്തലം സാളിഗ്രാമം അമ്പലത്തിൽ വെച്ച് വിവാഹം ചെയ്തു നൽകാമെന്ന രാജന്റെ ഉറപ്പിൽ ആതിര പൂവത്തികണ്ടിയിലുള്ള തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിവാഹത്തിനായി ആഭരണങ്ങളും എടുത്തിരുന്നു. തന്നെ അച്ഛൻ ഉപദ്രവിക്കുമെന്ന് ആതിര ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ഇതു കാര്യമാക്കിയിരുന്നില്ല. ആതിരയുടെ പ്രണയവിവാഹത്തിന് രാജൻ മാത്രമായിരുന്നു എതിര്.

ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി രാജൻ. പൂവത്തിക്കണ്ടിയിലെ സുനിതയാണ് ആതിരയുടെ അമ്മ. അശ്വിൻരാജ്, അതുൽരാജ് എന്നിവർ സഹോദരങ്ങളും.