കണ്ണൂർ: കണ്ണൂരിൽനിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുമ്പോൾ ചർച്ചയാകുന്നത് സംഘത്തിലെ സ്ത്രീകളുടെ സജീവ സാന്നിധ്യം. നേരത്തേയും ഈ കേസിൽ ഭാര്യാ ഭർത്താക്കന്മാരെ അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് സ്റ്റേഷനിലെ ജനാലക്കമ്പിയിൽ തലയിടിച്ചും പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും മയക്കുമരുന്ന് കേസ് പ്രതിയുടെ പരാക്രമവും കഴിഞ്ഞ ദിവസം കണ്ടു. മാർച്ച് 16-ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബ് (35), മരക്കാർകണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അൻസാരി (33), ഇയാളുടെ ഭാര്യ ശബ്ന (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്നും മയക്കുമരുന്നും കണ്ടെടുത്തു.

ഭാര്യയ്‌ക്കൊപ്പം അറസ്റ്റിലായ അൻസാരിയാണ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങളുണ്ടാക്കിയത്. ഭാര്യ ശബ്നയും പൊലീസ് സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു. ശബ്നയും മരക്കാർകണ്ടി സ്വദേശിനിയാണ്. ശരിയായ പേര് ആതിര. ആതിരയുടെ സഹോദരൻ ആദർശും അൻസാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച് അൻസാരി ഈ വീട്ടിൽ നിത്യസന്ദർശകനായി. അങ്ങനെ പ്രണയം തുടങ്ങി.

ഒളിച്ചോടി വിവാഹിതരായി. ആതിര മതംമാറി ശബ്ന എന്ന പേര് സ്വീകരിച്ചു. 11 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. രണ്ട് മക്കളുണ്ട്. അൻസാരി പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. ശബ്ന പ്ലസ് ടു വരെയും. എസ്.ഡി.പി.ഐ. പ്രവർത്തകനാണ് ശബ്‌ന. എസ് ഡി പി ഐ പ്രവർത്തകനെന്ന ലേബൽ മുൻനിർത്തിയായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടം.

നിസാം അബ്ദുൾ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബൾക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നത്. ഒരു ഗ്രാം എം.ഡി.എം.എ. അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വിൽക്കുന്നത്. ഇതാണ് ഈ ഗ്യാങ്ങിന് ആവശ്യക്കാർ കൂടാൻ കാരണം.

മയക്കുമരുന്ന് പിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചെന്നും കണ്ണൂർ അസി. കമ്മിഷണർ പി.പി.സദാനന്ദൻ പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പൊലീസിന്റെ നിരീക്ഷണത്തിലാണ്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനംചെയ്യുന്ന നിസാമും ഇവരും തമ്മിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ഇടപാടുകൾക്കായി മൊബൈൽ ഫോൺ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു.

നിസാം, ദിവസം ശരാശരി ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികളും നിസാമുമായി 20,000-30,000 രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തി. നിസാമിന്റെ സംഘത്തിൽ ഇവർ സമീപകാലത്താണ് ചേർന്നത്.