കുറ്റ്യാടി: പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു. കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രി എക്‌സ്‌റേ ടെക്‌നീഷ്യനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളുമായ ആതിര (19) ആണു മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് ആശുപത്രിക്കടുത്ത് കോഴിക്കോട് റോഡിൽ സ്‌കൂട്ടർ പഠിക്കുകയായിരുന്ന ആതിരയെയും വയനാട് സ്വദേശിനിയായ യുവതിയെയും രാത്രി പട്രോളിങ് നടത്തുകയായിരുന്ന നാദാപുരം ഡിവൈഎസ്‌പി കെ.ഇസ്മായിൽ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയിരുന്നു. പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് ആശുപത്രി അധികൃതരെ വിളിച്ചു വരുത്തിയ ശേഷം യുവതികളെ വിട്ടയച്ചതായി പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്തവർക്കെതിരെ നിരവധി ആരോപണങ്ങൾ പൊലീസ് ഉന്നയിച്ചിരുന്നു ഇതിൽ മനംനൊന്താണ് ആത്മഹത്യ.

പൊലീസ് സ്‌റ്റേഷനിൽ നിന്നും ആശുപത്രിയിൽ തിരിച്ചെത്തിയ ആതിര വിഷം കഴിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതി ഇന്നലെ പുലർച്ചെ മരിച്ചു. സഹപ്രവർത്തകയുടെ ഭർത്താവിന്റെ സ്‌കൂട്ടറായിരുന്നു ഇവർ പഠിക്കാൻ ഉപയോഗിച്ചത്. ഇതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. മോഷണം പോലും പെൺകുട്ടികളുടെ പേരിൽ പൊലീസ് ആരോപിച്ചിരുന്നുവെന്നാണ് സൂചന.

ആതിരയുടെ ഇരട്ട സഹോദരി അഞ്ജലിയും ഇതേ ആശുപത്രിയിലെ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ട്. ആറുമാസം മുൻപാണ് ഇരുവരും ഇവിടെയെത്തിയത്. മാതാവ് മായ. സഹോദരൻ: മനു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വടകര ക്രൈംഡിറ്റാച്ച് മെന്റ് ഡിവൈഎസ്‌പി ജയ്‌സൺ കെ. ഏബ്രഹാമിനാണ് അന്വേഷണച്ചുമതല.