കാസർഗോഡ്: ആതിരയുടെ മതംമാറ്റത്തിന്റെ കഥ ഇങ്ങിനെ. ഇസ്ലാം മത വിശ്വാസിയായിരുന്നില്ലെങ്കിൽ നരകത്തിലെത്തുമെന്ന ഭയത്തിലാണ് ഹിന്ദുമതം വിട്ട് ഇസ്ലാമായതെന്ന് ആതിര. മുസ്ലിം സുഹൃത്തുക്കൾ അതിന് പ്രേരകമായി ഒട്ടേറെ പുസ്തകങ്ങൾ വായിക്കാനും തന്നു. പരലോക ജീവിതമായിരുന്നു അതിലെ മുഖ്യ പരാമർശം. തന്നെ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള സുഹൃത്തുക്കൾ തെറ്റിദ്ധരിപ്പിച്ചാണ് ആയിഷയാക്കിയതെന്ന് കാർസർഗോഡ് സ്വദേശി ആതിര നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഹിന്ദു പുരാണങ്ങളിലെ അവിശ്വാസ്യതയും ദൈവത്തെക്കുറിച്ചുള്ള പുതിയ അറിവും അവർ പകർന്നു തന്നു. അവരുടെ പെരുമാറ്റത്തിലുള്ള ആകർഷണം മൂലം അതെല്ലാം ശരിയെന്ന് തോന്നുകയും ചെയ്തു. നരകഭയമാണ് ഉദുമ കരിപ്പോടി കണിയാം പാടിയിലെ ആതിരയെ ഇസ്ലാമിലേക്ക് ആകർഷിച്ചതെന്ന് ഇതോടെ വ്യക്തമാവുന്നു. ഞങ്ങൾ മുസ്ലീമായി എന്ന പുസ്തകവും അവർ തന്നു. ഇസ്ലാമിലേക്ക് മതം മാറിയതിനുള്ള സാക്ഷ്യമായിരുന്നു അത്.

നബീസ, ഷരീഫ, മുസ്തിൽ, അനീസ, എന്നിവരാണ് പുസ്തകങ്ങൾ നൽകിയത്. അതെല്ലാം വായിച്ചു തീർക്കുകയും ചെയ്തു. കാസർഗോഡ് കോളേജിന് സമീപം ഒരു പരിപാടി നടക്കുന്നുണ്ടെന്നും എല്ലാവർക്കും അതിൽ പങ്കെടുക്കാമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ എനിക്ക് അതിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം കോളേജിലെ സുഹൃത്ത് റയീസിനോട് പറഞ്ഞപ്പോൾ ഹിന്ദുവായ താൻ എന്തിനാണ് അതിൽ പങ്കെടുക്കുന്നതെന്ന് ചോദിച്ചു. ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ അയാൾ കൂടുതലായി പറഞ്ഞു തന്നു. അവസാനമായി ഷഫദത്ത് ചൊല്ലിത്തരികയും അത് ഏറ്റു ചൊല്ലണമെന്ന് പറയുകയും ചെയ്തു. അതോടെ ആതിര മുസ്ലീമായെന്ന് പറഞ്ഞു.

സുഹൃത്തായ ഷരീഫയുടെ സഹോദരൻ വഴി മലപ്പുറത്തുള്ള ആസിഫ് ഉസ്താദിനെ ഫോണിലൂടെ ബന്ധപ്പെട്ടു. അതോടെ ഹിദായത്ത് സിസ്റ്റേഴ്സ് എന്ന ഗ്രൂപ്പിൽ ചേർത്തു. മതം മാറിയ മറ്റ് പെൺകുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അഖിലയെന്ന ഹിദ അപ്പോഴുണ്ടായിരുന്നു. ഹിദ ഇസ്ലാമായത് പ്രണയിച്ചയാൾക്കു വേണ്ടിയാണെന്ന് ഞാൻ മനസ്സിലാക്കിയെന്നും ആതിര പറയുന്നു. തുടർന്ന് എന്റെ വീട്ടുകാരെ ഇസ്ലാമിലേക്ക് കൊണ്ടു വരാൻ ഞാൻ ശ്രമം തുടങ്ങി. അച്ഛനും അമ്മയും ഇസ്ലാമിൽ വിശ്വസിക്കാത്തതുകൊണ്ട് എന്റെ ശ്രമം നടന്നില്ല. ഇസ്ലാമിൽ വിശ്വസിക്കാത്തവർ മാതാപിതാക്കളായാൽ പോലും അവരെ ആ തരത്തിൽ കാണേണ്ടതില്ലെന്നായിരുന്നു അവരുടെ നിർദ്ദേശം.

മതം പഠിക്കാനുള്ള മൂന്ന് സ്ഥാപനങ്ങൾ ഏറ്റവും അടുത്ത സുഹൃത്തായ അനീസയാണ് എനിക്ക് പറഞ്ഞു തന്നത്. നിയമപരമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് നിർദ്ദേശം വന്നു. ഇർഫാൻ എന്ന വക്കീൽ ഗുമസ്തൻ വഴിയാണ് അഫിഡവിറ്റ് തയ്യാറാക്കിയത്. അത് സുഹൃത്തുക്കൾക്ക് നൽകി. നബീസയും സഹോദരൻ സിറാജും ഒരു ബന്ധുവും സഹായങ്ങൾ വാഗ്ദാനം ചെയ്തു. അതോടെയാണ് വീട്ടുകാരെ ഉപേക്ഷിച്ച് താൻ കഴിഞ്ഞ ജൂലായ് 10 ന് വീട് വിട്ട് ഇറങ്ങിയത്. വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്ന ആതിര പറയുന്നു.