കാസർഗോഡ്: വീടുവിട്ടിറിങ്ങി ഇസ്ലാംമതം സ്വീകരിച്ച ആതിര മാതാപിതാക്കൾക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. വീട്ടിലേക്ക് വരാൻ നിർദേശിച്ച് മാതാപിതാക്കൾ രംഗത്തെത്തിയെങ്കിലും ആതിരയ്ക്ക് മനസിടറിയില്ല. കരിപ്പോടി കണിയാംപാടിയിൽ നിന്നും വീട് വിട്ട് ഇറങ്ങിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആതിരയെ വീട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൾക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. മാതാപിതാക്കൾ തന്നെ അംഗീകരിക്കുകയാണെങ്കിൽ താൻ പിന്നീട് പോവുമെന്ന് അവൾ പറയുന്നു.

എന്നാൽ ഇപ്പോൾ അവർക്കൊപ്പം പോകാൻ തയ്യാറല്ലാത്തതിനാൽ പരവനടുക്കത്തെ മഹിളാ മന്ദിരത്തിൽ പാർപ്പിക്കുവാൻ കോടതി നിർദേശിക്കുകയായിരുന്നു. കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്ന് ഇന്നലെയാണ് ആതിരയെ അന്വേഷണ ഉദ്യോഗസ്ഥരായ ബേക്കൽ സിഐ വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്. മുഴുക്കൈയൻ ചുരീദാറും തട്ടവുമണിഞ്ഞ് തികഞ്ഞ മുസ്ലിം യുവതിയുടെ വേഷമായിരുന്നു ആതിരയുടേത്.

കഴിഞ്ഞ 10 ാം തീയ്യതി ആതിര മതപഠനത്തിന് പോകുന്നുവെന്ന് കത്തെഴുതി വച്ചശേഷം വീട് വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് കൂട്ടുകാരിയായ അനീസ എന്ന പെൺകുട്ടിക്കൊപ്പം ഇരിട്ടിൽ താമസിച്ചതായും വളപട്ടണത്തു വച്ച് വേഷം മാറിയതായും അറിഞ്ഞിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ആതിര തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും മത പഠനത്തിനായി സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മതപഠനം തുടരാനാണ് താത്പര്യമെന്നും മജിസ്ട്രേറ്റിനെ അറിയിച്ചു. ഇതേ തുടർന്ന് ആതിരയെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയക്കുകയായിരുന്നു. എന്നാൽ ആതിരയുടെ സംരക്ഷണത്തിന് ആരും ഇല്ലാതിരുന്നതിനാൽ പരവനടുക്കത്തെ മഹിളാ മന്ദിരത്തിൽ പാർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

ആതിരയെ കണ്ട ഉടൻ തന്നെ അച്ഛൻ രവീന്ദ്രനും അമ്മയും വാവിട്ട് നിലവിളിക്കുകയായിരുന്നു. എന്നാൽ അതിലൊന്നും അവളുടെ മനസ്സ് അലിഞ്ഞിരുന്നില്ല. മകളെ വീട്ടിലേക്ക് കൊണ്ടു പോകാനുള്ള അവരുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. ആതിരയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ച ഒരു സംഘം അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അനീസയും അതിലെ ഒരു കണ്ണിയാണ്.

ആതിരക്കുവേണ്ടിയുള്ള അന്വേഷണം സജീവമായപ്പോൾ അവളെ കണ്ണൂരിൽ എത്തിച്ച് തത്ക്കാലം തടി തപ്പാനാണ് ഇതിനു പിന്നിലുള്ളവർ ശ്രമിച്ചത്. ഈ കേസുമായി നേരിട്ട് ബന്ധമുള്ള ഒരാളെ പോലും പൊലീസിന് പിടികൂടാനായിട്ടില്ല. കണ്ണൂരിലുള്ള ഒരു എസ്. ഡി.പി.ഐ. പ്രവർത്തകൻ മതം മാറ്റത്തിനുള്ള ഒത്താശ ചെയ്തിട്ടുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അനീസയെയെങ്കിലും കണ്ടു കിട്ടിയാൽ മാത്രമേ ഇതിന്റെ പിന്നിൽ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ കഴിയൂ.