കോട്ടയം: ''മോളെ കൊന്നു ചാക്കിൽ കെട്ടി വീട്ടിൽ വച്ചിട്ട് അവൻ എന്നെക്കൊണ്ടു 'ജവാൻ' വാങ്ങിപ്പിച്ചു''-  അതിരമ്പുഴയിൽ  കൊല്ലപ്പെട്ട അശ്വതിയുടെ പിതാവ് തമ്പാന്റെ വാക്കുകൾ.  മകൾ മരിച്ചെന്നറിയാതെയാണ്  'സ്‌നേഹമുള്ള' കൊലയാളി നൽകിയ പണം കൊണ്ടു തമ്പാൻ  മദ്യം വാങ്ങിക്കൊടുത്തത്.

21കാരിയായ അശ്വതി കൊല്ലപ്പെട്ടതിനു പിതാവിന്റെ അമിതമായ മദ്യപാനവും കാരണമായി എന്ന് വേണം കരുതാൻ. അശ്വതിയെ കൊന്നു ചാക്കിൽ കെട്ടി വച്ചതിനുശേഷവും പിതാവു തമ്പാനുമായി പ്രതി ബഷീർ മദ്യപിച്ചിരുന്നുവെണ്ണ വാർത്തകളാണ് പുറത്തു വരുന്നത്.

അശ്വതിയുടെ അച്ഛൻ തമ്പാനെക്കൊണ്ടു മദ്യം വാങ്ങിപ്പിച്ചു വീതം വച്ചു കുടിക്കാനും കൊലയാളി മടിച്ചില്ല എന്നതുകൊലയാളിയുടെ ക്രൂരതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. മകൾ കൊല്ലപ്പെട്ടതറിയാതെ തമ്പാൻ മദ്യം വാങ്ങി വരികയും പങ്കു വച്ച് കഴിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ 9.30ഓടെയാണു പ്രതി ബഷീർ കൊല്ലപ്പെട്ട അശ്വതിയുടെ പിതാവ് തമ്പാനെ വിളിച്ചത്. 400രൂപ കൊടുത്ത് ഒരു ലിറ്റർ മദ്യം വാങ്ങാൻ പറഞ്ഞു. തമ്പാൻ പണം മറ്റൊരു സുഹൃത്തുവഴി 360രൂപ വിലയുള്ള ജവാൻ റം വാങ്ങി. പകുതി മറ്റൊരു കുപ്പിയിലാക്കി ബഷീറിനു നൽകി. തന്റെ മകളെ കൊന്നു ചാക്കിൽ കെട്ടി വീടിന്റെ പിന്നിൽ ഒളിപ്പിച്ചതിനുശേഷമാണ് തനിക്കു മദ്യം വാങ്ങി തന്നതെന്ന് അപ്പോഴും തമ്പാൻ അറിഞ്ഞിരുന്നില്ല.

രണ്ടു വർഷമായി ബഷീർ ഇവിടെ താമസം തുടങ്ങിയിട്ട്. അന്നുമുതൽ ഇന്നുവരെ അശ്വതിയുടെ വീട്ടുകാരുമായി ബഷീർ നല്ല സ്നേഹബന്ധത്തിലായിരുന്നു. മിക്ക ദിവസങ്ങളിലും ബഷീറിനുള്ള ഭക്ഷണം അശ്വതിയുടെ വീട്ടിൽനിന്നാണ് നൽകുന്നത്. മൃതദേഹം റബർ തോട്ടത്തിനു സമീപം ഉപേക്ഷിച്ചതിനു ശേഷവും ബഷീർ തമ്പാനുമായി നല്ല സൗഹൃദത്തിലായിരുന്നു. മിക്ക ദിവസവും ബഷീർ തമ്പാനു മദ്യം വാങ്ങിക്കൊടുക്കുമായിരുന്നു. മദ്യം വാങ്ങി നൽകി സൗഹൃദത്തിലായ തമ്പാൻ ഏതു സമയത്തും ഈ വീട്ടിൽ കയറാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയിരുന്നു.

കൊല്ലപ്പെട്ട അശ്വതിയുടെ അമ്മ സിന്ധുവിനു കാഴ്ചക്കുറവും കേൾവിക്കുറവും ഉണ്ട്. തമ്പാൻ പലപ്പോഴും ജോലികഴിഞ്ഞ് രാത്രി വൈകിയാണ് എത്തുന്നത്. അശ്വതിയുടെ സഹോദരൻ മറ്റൊരിടത്താണു താമസിക്കുന്നത്. ഈ സാഹചര്യം മുതലെടുത്താണു പ്രതി പെൺകുട്ടിയെ വഴിവിട്ട ബന്ധത്തിലേക്കു നയിച്ചത്.

പിതാവു മദ്യത്തിന് അടിമ കൂടിയായതോടെ ബഷീറിനു കാര്യങ്ങൾ എളുപ്പമായി. തമ്പാനെ മദ്യപിപ്പിച്ച ശേഷവും മകളുമായി പ്രതി സ്ഥിരമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നാണു വിവരം. അശ്വതി മാത്രമുള്ള സമയത്തും ബഷീർ വീട്ടിൽ എത്തിയിരുന്നു. എങ്കിലും ഈ വരവിൽ അപാകത കാണാൻ വീട്ടുകാർക്കു കഴിഞ്ഞില്ല. ബഷീർ പിടിക്കപ്പെടുകയും കൊല്ലപ്പെട്ടതു അശ്വതിയാണെന്നു നാടുമുഴുവൻ അറിയുകയും ചെയ്തിട്ടും തമ്പാൻ പറഞ്ഞതു കൊല്ലപ്പെട്ടതു തന്റെ മകളല്ലെന്നാണ്. മദ്യലഹരിയിലായിരുന്ന തമ്പാൻ ഇന്നലെ വൈകുന്നേരവും ഓട്ടോറിക്ഷയിൽ മത്സ്യവുമായി വന്നിറങ്ങിയിരുന്നെന്നാണു നാട്ടുകാർ പറയുന്നത്. മൃതദേഹം തിരിച്ചറിയാൻ പോലും ഇയാൾ ചെന്നില്ല. മരിച്ചത് അശ്വതിയാണെന്നു തിരിച്ചറിഞ്ഞശേഷമാണ് ഇത്തരമൊരു പെരുമാറ്റം ഇയാളുടെ ഭാഗത്തുനിന്നുണ്ടായതെന്നും നാട്ടുകാർ പറയുന്നു.