ഏറ്റുമാനൂർ: അതിരുമ്പഴയിൽ ഗർഭിണിയെ കൊന്ന് ചാക്കിൽക്കെട്ടി റബ്ബർതോട്ടത്തിലുപേക്ഷിച്ച കേസിൽ വിവാഹിതനും കാമുകനുമായ യുവതിയുടെ അയൽവാസി കന്നുകുളം മാമ്മൂട്ടിൽ യൂസഫിന്റെ(42) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒന്നിൽ കൂടുതലാളുകളുടെ സഹായമില്ലാതെ യുവതിയെ കൊലപ്പെടുത്താൻ കഴിയില്ലെന്നാണു പൊലീസ് കരുതിയിരുന്നത്. വിശദമായ അന്വേഷണത്തിൽ അമ്മഞ്ചേരി കന്നുകുളം മാമ്മൂട്ടിൽ ബഷീർ യൂസഫ് മാത്രമാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. ജിഷാ വധക്കേസ് അന്വേഷണം പൊലീസിന് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു. അതൊന്നും ഇവിടെ ആവർത്തിക്കപ്പെട്ടില്ല. അതാണ് പ്രതിയിലേക്ക് വേഗത്തിൽ കാര്യങ്ങളെത്തിയത്.

കന്നുകുളം നിരപ്പുകാലായിൽ വിശ്വനാഥന്റെ മകൾ അശ്വതി(20)യെ കൊലപ്പെടുത്തിയത് യൂസഫാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിരമ്പുഴ ഐക്കരക്കുന്നിലെ റബ്ബർ തോട്ടത്തിലാണ് ചാക്കിൽക്കെട്ടിയ നിലയിൽ അശ്വതിയുടെ മൃതദേഹം തങ്കളാഴ്ച കണ്ടത്. പോസ്റ്റുമോർട്ടത്തിൽ യുവതി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ആയിരത്തിലധികം ഗർഭിണികളുടെ വിവരങ്ങൾ ശേഖരിച്ചു. 7000 മൊബൈൽ ഫോൺനമ്പരുകളിൽനിന്ന് സംശയം തോന്നിയ 40 ഫോൺകോളുകൾ കണ്ടെത്തി അന്വേഷണം തുടർന്നു. ഒടുവിൽ മൃതദേഹം പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പ്രതിയെ കുടുക്കി. പ്രതിയ്‌ക്കെതിരെ ഇതുവരെ ഒരു കേസുകൾ പോലുമില്ലെന്നു പൊലീസ് പറയുന്നു. നാട്ടുകാർക്കിടയിലും ജോലി ചെയ്തിരുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലങ്ങളിലും മാന്യനയാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

യൂസഫിന്റെ വീട്ടിൽനിന്നും കാറിൽനിന്നും അശ്വതിയുടെ രക്തക്കറ കണ്ടെത്തി. ബ്രഷിൽനിന്ന് അശ്വതിയുടെ ഡി.എൻ.എ.യും കിട്ടി. വിരലടയാളങ്ങൾ, മുടി തുടങ്ങിയവയും നിർണായക തെളിവായി. പൂർണഗർഭിണിയായിരുന്ന അശ്വതിയെ, ഭാര്യ നാട്ടിലെത്തുമെന്നറിഞ്ഞ് ഒഴിവാക്കാൻ കൊന്നെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. ജൂലായ് 30ന് രാത്രിയിലായിരുന്നു കൊലപാതകം. ഭാര്യ വന്നുപോകുന്നതുവരെ മാറി താമസിക്കാൻ ആവശ്യപ്പെട്ടപ്പോൾ അശ്വതി സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിനുകാരണം. മൃതദേഹം പൊതിഞ്ഞ പടുതയിൽനിന്ന് ബാർകോഡ് കണ്ടെത്തിയത് തുമ്പായി. പടുത പാഴ്‌സലായി അയച്ചതാണെന്നും ഇതിന്റേതാണ് ബാർ കോഡെന്നും വ്യക്തമായി. കന്നുകുളത്ത് താമസിക്കുന്ന യൂസഫിനാണ് പാഴ്‌സൽ വന്നതെന്നറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.വിശദമായി ചോദ്യംചെയ്തപ്പോൾ യൂസഫ് കുറ്റം സമ്മതിച്ചു.

വീട് മാറിത്താമസിക്കാൻ അശ്വതി തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് യൂസഫ് അവരെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാര്യ വിദേശത്തുനിന്ന് വന്ന് മടങ്ങുന്നതുവരെ അതിരമ്പുഴയിലെ തന്റെ വീട്ടിൽനിന്ന് മാറിത്താമസിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.ഗർഭച്ഛിദ്രം നടത്തണമെന്നാണ് ഇയാൾ ആദ്യം ആവശ്യപ്പെട്ടത്. അശ്വതി തയ്യാറായില്ല. പ്രസവശേഷം കുട്ടിയെ ഉപേക്ഷിക്കാൻ പിന്നീട് ഇവർ തീരുമാനിച്ചു. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ-യൂസഫും ഭാര്യയും സൗദി അറേബ്യയിലായിരുന്നു. മൂന്നുവർഷം മുമ്പ് ഇയാൾ മടങ്ങിയെത്തി. കോട്ടയത്ത് ശാസ്ത്രി റോഡിലെ ഒരു സർജ്ജിക്കൽ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായി. അതിരമ്പുഴ കന്നുകുളം ഭാഗത്ത് വീട് പണിതു. ഇതിന് എതിർവശത്താണ് അശ്വതിയുടെ വീട്. ഭാര്യ ഗൾഫിൽത്തന്നെ തുടർന്നു. അശ്വതിയുമായി അടുത്തു. ഈ ബന്ധം യുവതിയുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. യുവതി ഗർഭിണിയായി.

അശ്വതിയുടെ അച്ഛനുമായി ചേർന്ന് യൂസഫ് മദ്യപിക്കുകയും ചെയ്തിരുന്നു.കുഞ്ഞുങ്ങൾ ഉണ്ടാകാഞ്ഞതിനെത്തുടർന്ന് ഇയാളും ഗൾഫിലുള്ള ഭാര്യയും ദീർഘനാൾ ചികിൽസിച്ചതാണ്. അവിചാരിതമായി യുവതി ഗർഭിണിയായപ്പോൾ യൂസഫിന് സംശയമുണ്ടായിരുന്നു. അവിവാഹിതയായ അശ്വതി അച്ഛനമ്മമാർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഗർഭിണിയാണെന്നറിഞ്ഞതോടെ യൂസഫ് ഇവരുടെ അച്ഛനെ സ്വാധീനിച്ച് അശ്വതിയുടെ അമ്മയുടെ സഹോദരി ലീലാമണിയുടെ ആറന്മുളയിലെ വീട്ടിലേക്ക് മാറ്റി. ഇവിടെ തയ്യൽ പഠിച്ചിരുന്ന അശ്വതിയെ കാണാനില്ലെന്ന് കാട്ടി പിന്നീട് പൊലീസിൽ പരാതിയും നൽകി. ഈസമയം അശ്വതി യൂസഫിന്റെ കന്നുകുളത്തെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. യൂസഫിന്റെ അമ്മയുടെ അനുജത്തിയുടെ മകളുടെ സഹായത്തോടെ എറണാകുളത്ത് വനിതാ ഹോസ്റ്റലിൽ താമസിപ്പിച്ചു. ഗർഭിണിയായ യുവതിയെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ കഴിയില്ലെന്ന് വാർഡൻ അറിയിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തുടർന്നാണ് കൊല്ലുന്നത്.

വഴക്കിനൊടുവിൽ പിന്നോട്ടു തള്ളി, അവിടെയുണ്ടായിരുന്ന മേശയുടെ പടിയിൽ തലയിടിച്ചാണ് അവൾ വീണത്, ബോധം മറഞ്ഞു പോയ അവളുടെ കഴുത്തിൽ കുരുക്കിട്ട് മരണം ഉറപ്പാക്കി'' അശ്വതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചു യൂസഫ് പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. അശ്വതിയുമായുള്ള ബന്ധം അറിഞ്ഞ ഭാര്യ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നുവെന്ന ഭീഷണിയാണു കൊലപാതകത്തിലേക്കു നയിച്ചത്. ശനിയാഴ്ച രാത്രി അശ്വതിയുമായി ഗർഭത്തിന്റെ പേരു പറഞ്ഞു തർക്കമായി, തർക്കത്തിനിടയിൽ അശ്വതിയുടെ മറുപടിയെത്തുടർന്നു പ്രകോപിതനായ പ്രതി അശ്വതിയെ പിന്നോട്ടു തള്ളുകയായിരുന്നു. തുടർന്നു ബെഡ്ഷീറ്റിൽ പൊതിഞ്ഞു മൃതദേഹം മുറിയിൽ തന്നെ സൂക്ഷിച്ചു. രാത്രിയിൽ മദ്യപിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീടിനു പുറത്തിറങ്ങിയ പ്രതി, അശ്വതിയുടെ പിതാവ് വിശ്വനാഥനെ വിളിച്ചു 400 രൂപ നൽകിയശേഷം ഒരു ലിറ്റർ മദ്യം വാങ്ങാൻ നിർദ്ദേശിച്ചു. ഇയാൾ, മറ്റൊരാൾ മുഖേന 360 രൂപയുടെ മദ്യം വാങ്ങി.

ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യൂസഫ് തിരികെ നാട്ടിലെത്തിയശേഷമാണു കന്നുകളുത്തു വീടു വാങ്ങുന്നത്. ഇതിനിടയിൽ, കുെവെറ്റിൽ സർക്കാർ സർവീസിൽ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. മൂന്നു മാസം മുമ്പു വീട്ടിലെത്തിയ ഭാര്യ, യൂസഫിനു അശ്വതിയുമായി ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നതായാണു വിവരം. ഇതേത്തുടർന്നു യൂസഫും ഭാര്യയും തമ്മിൽ തർക്കവുമുണ്ടായിരുന്നുവത്രേ. താൻ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ, അങ്കലാപ്പിലായ യൂസഫ് അശ്വതിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണു സൂചന. ഗർഭിണിയായശേഷം വീട്ടിൽനിന്നു പോയി കോഴഞ്ചേരിയിൽ ബന്ധുവീട്ടിൽ കഴിയുകയായിരുന്ന അശ്വതിയെ കാണാതായപ്പോൾ പിതാവ് വിശ്വനാഥനൊപ്പം പൊലീസിൽ പരാതി നൽകാൻ മുന്നിൽനിന്നതും ഇയാളായിരുന്നു.