കോട്ടയം: അതിരമ്പുഴയിൽ പൂർണ്ണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഈരാട്ടുപേട്ട മാമ്മൂട്ടിൽ യൂസഫ് ഖാദറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അശ്വതിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവിചാരിതമായാണ് കൊലപാതകം ചെയ്തതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. തെള്ളകം കന്നുകുളം നീർപ്പുകാലയിൽ വിശ്വനാഥന്റെ (തമ്പാന്റെ) മകൾ അശ്വതിയാണ് (20) കൊല്ലപ്പെട്ടത്.

ഭാര്യ ഗൾഫിലുള്ള യൂസഫ് അശ്വതിയുമായി ദ്വീർഘകാലമായി അവിഹിത ബന്ധത്തിലായിരുന്നു. മദ്യപാനിയായ അശ്വതിയുടെ അച്ഛന് കള്ള് കൊടുത്ത് മയക്കിയാണ് പലപ്പോഴും ഇയാൾ മകളുമായി ബന്ധം തുടർന്നുപോന്നത്. ഇതിനിടെയാണ് യുവതി ഗർഭിണിയായത്. ഇതോടെ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഇയാൾക്കൊപ്പം പാർപ്പിച്ചു. പ്രസവം വരെ വീട്ടിൽ വച്ച് നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, ഉദ്ദേശിച്ചതിലും നേരത്തെ യൂസഫിന്റെ ഭാര്യ വീട്ടിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ ഇവരുടെ പദ്ധതികൾ പാളുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം ഉണ്ടായതെന്നാണ് ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ അറിയിച്ചത്.

യുവതി പ്രസവിക്കുന്ന കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിനു മുന്നിൽ ഉപേക്ഷിക്കാനും ഇതിനുശേഷം ബന്ധം തുടരാനുമായിരുന്നു പ്രതിയുടെ തീരുമാനം. എന്നാൽ, സൗദിയിലുള്ള ഭാര്യ ഉടൻ എത്തുമെന്ന് അറിഞ്ഞതോടെ യുവതിയെ ഇല്ലായ്മ ചെയ്യാൻ പ്രതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 16നായിരുന്നു പെൺകുട്ടിക്ക് പ്രസവതീയതി ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, ഈ തീയതിയിൽ പ്രസവം നടന്നില്ല. ഇതിനിടെയാണ് ഓഗസ്റ്റ് 10ഓടെ ഭാര്യ എത്തുമെന്ന് അറിയിച്ചത്. ഇതോടെ വീട്ടിൽ താമസിപ്പിച്ചിരുന്ന അശ്വതിയെ മറ്റൊരിടത്തേക്കു മാറ്റാൻ പ്രതി ശ്രമിച്ചു. എന്നാൽ, അശ്വതി വഴങ്ങിയില്ല. ഇതോടെ കൊല്ലണമെന്ന് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30ഓടെ വീട്ടിലത്തെിയ യൂസഫ് അശ്വതിയുമായി വഴക്കുണ്ടാക്കി. ഇതിനിടെ കസേരയിലിരുന്ന അശ്വതിയെ ബലമായി കഴുത്തുഞെരിച്ച് പുറകോട്ട് മറിച്ചിട്ട് തല ശക്തമായി തലയിലിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തുണികൊണ്ട് വായും മൂക്കും മൂടിക്കെട്ടി മരണം ഉറപ്പുവരുത്തി. പിറ്റേന്ന് രാത്രിവരെ മൃതദേഹം വീട്ടിലെ മുറിയിൽ സൂക്ഷിച്ചു. മുറിയിലെ എ.സി ഓണാക്കിയശേഷമാണ് മൃതദേഹം വച്ചിരുന്നത്. ഇതുമൂലം മൃതദേഹം പെട്ടെന്ന് വികൃതമായി. ഇതാണ് ചിത്രം കണ്ടിട്ടും പെട്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാതിരുന്നതെന്നും എൻ. രാമചന്ദ്രൻ വിശദീകരിച്ചു.

മൃതദേഹം വീട്ടിലിരിക്കവെ, ഇയാൾ അശ്വതിയുടെ പിതാവുമായി വീട്ടിലിരുന്ന മദ്യപിച്ചു. തുടർന്ന് രാത്രി മൃതദേഹം കാറിൽ കയറ്റി 25 മിനിറ്റോളം ചുറ്റിക്കറങ്ങിയശേഷം ഉപേക്ഷിക്കുകയായിരുന്നു. വാഹനപരിശോധന കർശനമായതിനാൽ പിടിക്കപ്പെടുമെന്നതിനാലാണ് സമീപത്തെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചത്. മികച്ചരീതിയിലാണ് മൃതദേഹം കെട്ടിയിരുന്നത്. പെൺകുട്ടിക്ക് ഭാരം കുറവായിരുന്നതിനാൽ ഒരാൾക്കുതന്നെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നും പൊലീസ് മേധാവി വിശദീകരിച്ചു. കേസിൽ മറ്റ് പ്രതികളില്ല. അശ്വതിയുടെ ഡി.എൻ.എ ഫലം അടുത്തദിവസങ്ങളിൽ ലഭിക്കും. അതുകൂടാതെ തന്നെ നിരവധി തെളിവുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ ആദ്യം വീട്ടിലും പിന്നീട് മൃതദേഹം കാണപ്പെട്ട സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. കൊല ചെയ്ത സമയത്തും മൃതദേഹം റബർ തോട്ടത്തിൽ കൊണ്ടുപോയ സമയത്തും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും യുവതി കുറച്ചുനാളുകളായി ഉപയോഗിച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളുമാണ് പൊലീസ് കണ്ടത്തെിയത്. മൃതദേഹം റബർ തോട്ടത്തിൽ കൊണ്ടുപോയിട്ടശേഷം വീട്ടിൽ തിരിച്ചത്തെിയാണ് വസ്ത്രങ്ങൾ വീടിന്റെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ഏറ്റുമാനൂർ സി.ഐ സി.ജെ. മാർട്ടിൻ, ഗാന്ധിനഗർ എസ്.ഐ സി.ആർ. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അശ്വതിയുടെ സംസ്‌കാരം ഇന്നലസെ തെള്ളകത്തെ പൊതുശ്മശാനത്തിൽ വച്ച് നടന്നു.