തിരുവനന്തപുരം: പി യു ചിത്രയ്ക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെയും കായിക പ്രേമികളുടെയും ഇടപെടൽ ഫലം കാണുന്നു. പിയു ചിത്രയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അത്ലറ്റിക് ഫെഡറേഷൻ ലോക ഫെഡറേഷന് കത്തയയ്ക്കാൻ തീരുമാനിച്ചു.എന്നാൽ സമയപരിധി കഴിഞ്ഞതിനാൽ ലോക ഫെഡറേഷന്റെ തീരുമാനം ചിത്രയ്ക്ക് അനുകൂലമാകുമെന്ന് ഉറപ്പില്ലെന്നും ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും താരത്തിനെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും ഫെഡറേഷൻ സെക്രട്ടറി സി കെ വത്സൻ പറഞ്ഞു.

ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ദേശീയ അത്ലറ്റിക് ഫെഡറേഷൻ നേരത്തെ ആലോചിച്ചിരുന്നു. ഫെഡറേഷന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധിയെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ കോടതിയെ സമീപിക്കുന്നത് കൂടുതൽ വിമർശനം നേരിടാൻ ഇടയാക്കുമെന്നും പൊതുവികാരത്തിന് എതിരാകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഫെഡറേഷൻ നീക്കത്തിൽ നിന്ന് പിന്മാറിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകരുതെന്നും ചിത്രയ്ക്ക് വൈൽഡ് കാർഡ് എൻട്രി ഉറപ്പു വരുത്തണമെന്നും കേന്ദ്ര മന്ത്രി വിജയ് ഗോയലും ആവശ്യപ്പെട്ടിരുന്നു . അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് ആതിൽ സുമരിവാലയോട് നേരിട്ടാണ് കായിക മന്ത്രി ഇക്കാര്യം അറിയിച്ചത്.

അത്ലറ്റിക്സ് ഫെഡറേഷന്റെ ഈ കടുംപിടുത്തത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. തീരുമാനം നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫെഡറേഷൻ തീരുമാനം തിരുത്തണമെന്നും പ്രശ്നത്തിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ പ്രശ്നത്തിൽ തീരുമാനം ഉണ്ടാകാൻ കായികമന്ത്രി നടപടി കൈക്കൊള്ളണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടീമിൽ ചിത്രയെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്ത് നൽകി. ഇതേ ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനും കത്തയച്ചിരുന്നു.

നേരത്തെ ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായത്. സംഭവത്തിൽ പി ടി ഉഷ അടക്കമുള്ള മുതിർന്ന താരങ്ങൾക്കെതിരെ ആരോപണമുയർന്നതോടെ മുഖ്യമന്ത്രിയും മന്ത്രി എസി മൊയ്തീനും കർശന നിലപാടുമായി മുന്നോട്ടു വന്നിരുന്നു. മുതിർന്ന താരങ്ങൾ പിന്നാലെ വരുന്നവരെ ഒരേ മനസ്സോടെയും കണ്ണോടെയും കാണണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കായിക രംഗത്ത് കിടമത്സരവും വിദ്വേഷണവും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തികൾക്കല്ല, കായികതാരങ്ങൾക്കാണ് പ്രാധാന്യമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രി എ സി മൊയ്തീനും ഇക്കാര്യത്തിൽ മുൻ കായികതാരങ്ങളെ കുറ്റപ്പെടുത്തി പ്രതികരിക്കുകയുണ്ടായി.