ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് ദുബായ് പൊലീസുമായി നടത്തുന്ന ഒത്തൂതീർപ്പ് ചർച്ചകൾ എങ്ങുമെത്തുന്നില്ലെന്ന് സൂചന. പതിനഞ്ചോളം ബാങ്കുകൾക്ക് നൽകേണ്ട 1000 കോടി രൂപയുടെ കാര്യത്തിലെ അനിശ്ചിതത്വമാണ് ഇതിന് കാരണം. ഇതിൽ വ്യക്തയില്ലാതെ കേസ് പിൻവലിക്കാൻ കഴിയില്ലെന്നാണ് ദുബായിലെ ബാങ്കുകളുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ താമസിയാതെ വ്യക്തത വരുത്താൻ കഴയുമെന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് നൽകുന്ന സൂചന.

15 ബാങ്കുകളിൽ നിന്നാണ് രാമചന്ദ്രൻ കടമെടുത്തത്. 1000 കോടിയുടെ തിരിച്ചടവ് പ്രശ്‌നം യുഎഇ റിസർവ്വ് ബാങ്കിന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്. കടുത്ത നടപടികൾ വേണ്ടി വന്നത് ഈ സാഹചര്യത്തിൽ കൂടിയാണ്. അതിനിടെ ഈ വിഷയം ചർച്ച ചെയ്യാൻ ബാങ്കുകളുടെ സംയുക്ത യോഗം നാളെ ചേരും. ഈ യോഗമാകും നിർണ്ണായകം. അറ്റ്‌ലസ് മുന്നോട്ട് വയ്ക്കുന്ന ഫോർമുകൾ ഈ യോഗം അംഗീകരിച്ചാൽ രാമചന്ദ്രനും മകൾക്കും ജയിലിൽ നിന്ന് പുറത്തുവരാനാകും. എന്നാൽ പണം തിരിച്ചു പിടിക്കാൻ മാർഗ്ഗങ്ങൾ വ്യക്തമാകാതെ ഒത്തു തീർപ്പിനില്ലെന്ന സൂചനകൾ ബാങ്കുകളുടെ പ്രതിനിധി നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ നാളത്തെ യോഗം നിർണ്ണായകമാകും.

കഴിഞ്ഞ 6 മാസമായി വിവിധ ബാങ്കുകൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ നല്കിയ ചെക്കുകൾ വണ്ടിച്ചെക്കുകൾ ആയിരുന്നു ഈ ചെക്കുകൾ മടങ്ങിയതാണ് ഇപ്പോഴത്തേ നടപടികൾക്ക് മുഖ്യ കാരണം. ചെക്കുകൾ മടങ്ങിയത് ദുബൈയിൽ ക്രിമിനൽ കുറ്റമാണ്. അതു തന്നെയാണ് രാമചന്ദ്രന്റെ മോചനത്തിനുള്ള പ്രധാന തടസ്സവും. ഈ കേസുകൾ പിൻവലിക്കപ്പെട്ടാൽ മാത്രമേ രാമചന്ദ്രന് പുറത്ത് വരാൻ കഴിയൂ. ഇതികം 5ബാങ്കുകളുടെ പരാതികൾ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ് ലസിന്റെ ഗൾഫിലേ എല്ലാ ശാഖകളും ഹൾഫ് സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകൾ ആസ്തികൾ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി.

വായ്പ നൽകിയ ബാങ്കുകളുടെ സ്റ്റോക്ക് രജിസ്റ്ററും ഇൻ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളിൽ 1375 കിലോ സ്വർണം അറ്റ് ലസിന്റെ ഗൾഫിലേ ഷോറൂമുകളിൽ സ്റ്റോക്ക് ഉണ്ടാകണം. എന്നാൽ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയിൽ വെറും 5കിലോ സ്വർണം മാത്രമാണ് 60 ഷോറൂമുകളിൽ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തുന്നു. ദുബായിലെ ബാങ്കുകളിൽ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയിരിക്കുന്നത്. അതും ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 1000 കോടിയുടെ ജാമ്യത്തുക കിട്ടിയാൽ മാത്രമേ ബാങ്കുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ. അതിനിടെ ഗൾഫിലെ ആസ്തികൾ വിറ്റ് കടം ഒഴിവാക്കുന്നതും അറ്റ്‌ലസിന്റെ പദ്ധതിയിലുണ്ട്. രാമചന്ദ്രനേയും മകൾ മഞ്ജുവിനേയും ജയിലിൽ നിന്ന് പുറത്തുകൊണ്ടു വരാൻ അതുമാത്രമേ വഴിയൂള്ളൂവെന്നാണ് അറ്റ്‌ലസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ 6മാസമായി പല ബാങ്കുകളും രാമചന്ദ്രനുമായി ചർച്ചകൾ നടത്തിവരുന്നു. എന്നാൽ അദ്ദേഹത്തിനു കടം തിരിച്ചടക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ 2മാസമായി അദ്ദേഹം ബാങ്കുകളുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്നുമില്ല. നോട്ടീസുകൾക്കും മറ്റും മറുപടിയും ഇല്ല. ഇതിനിടെ രാമചന്ദ്രൻ ബാങ്കുകളുമായി സഹകരിച്ച് ചില ഷോറൂമുകൾ വിറ്റഴിക്കാൻ നടത്തിയ നീക്കം ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിയിൽ വിജയിച്ചില്ലെന്നാണ് സൂചന. എല്ലാ നീക്കവും പൊളിഞ്ഞപ്പോഴാണ് അറസ്റ്റുണ്ടായത്. രാമചന്ദ്രന്റെ യാഥാർത്ഥ സാമ്പത്തിക സ്ഥിതി ബാങ്കുകൾക്ക നന്നായി ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ തടവിൽ നിന്ന് മോചിപ്പിച്ചാൽ പണം മടക്കി ലഭിക്കില്ലെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. അതുകൊണ്ട് കൂടിയാണ് സമ്മർദ്ദം ശക്തമാക്കാൻ മകളേയും അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് സൂചന.

ഇന്ത്യൻ ഓഹരി വിപണയിൽ നിക്ഷേപിച്ചതും അതിലുണ്ടായ നഷ്ടവുമാണ് അറ്റ്‌ലസ് രാമചന്ദ്രന് തിരിച്ചടിയായത്. അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമറ്റഡ് എന്ന ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മൂല്യം ദിവസേന ഇടിയുകയുമാണ്. രാമചന്ദ്രന്റെ അറസ്റ്റും മൂല്യതകർച്ചയ്ക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് രാമചന്ദ്രൻ എത്തുമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് പറയുന്നു. കടം വീട്ടാനുള്ള ആസ്തികൾ രാമചന്ദ്രന് ഉണ്ടെന്നാണ് അവരുടെ വാദം. നല്ല രീതിയിൽ നടക്കുന്ന ആശുപത്രികളും വാദത്തിന് ബലമായി അവർ ഉയർത്തിക്കാട്ടുന്നു. സാമ്പത്തിക തട്ടിപ്പ് കേസ് ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാനുമാകില്ല. ഇതെല്ലാം രാമചന്ദ്രന് തിരിച്ചടിയാണ്.

1980 കളിലാണു അദ്ദേഹം കുവൈറ്റിൽ തന്റെ ആദ്യത്തെ ജുവല്ലറി തുടങ്ങുന്നത്. സ്വർണ്ണ വിപണനത്തിൽ സുതാര്യത നിൽനിർത്താനായി 24 കാരറ്റിനും 22 കാരറ്റീനും പ്രത്യേക വിലനിശ്ചയിക്കുന്ന പതിവു ചെറുകിട മേഖലയിലേക്കു കൊണ്ടുവന്നത് അറ്റ് ലസ് രാമചന്ദ്രനായിരുന്നു. 1990 കളിലാണു യു.എ. ഇ യുടെ പ്രസിഡന്റും ദുബായിയുടെ ഭരണാധികാരികൂടിയായിരുന്ന മുഹമ്മദ് ബിൻ അൽ റഷീദ് അൽമക്തൂം സ്വർണ്ണ ബിസിനസ്സും ദുബായിയുടെ ഷോപ്പിങ്ങ് ഫെസ്റ്റീവലിൽ കൊണ്ടു വരാൻ തീരുമാനിച്ചതും ദുബായ് ഗോൾഡ് പ്രമോഷൻ കൗൺസിലിന്റെ ചെയർമാനായി എം.എം രാമചന്ദ്രനെ നിയമിച്ചതും ആണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് ഗുണകരമായത്. ഈ ബന്ധങ്ങൾ പോലും ഇപ്പോൾ രാമചന്ദ്രന് പുറത്തുവരാൻ ഗുണകരമാകില്ല. ചില പ്രവാസി മലയാളികളും രാമചന്ദ്രനെതിരെ തിരിച്ചതാണ് ഇതിന് കാരണം.