ന്യൂഡൽഹി: അറ്റ്ലസ് ജൂവലറി ഡയറക്ടർമാരായ അറ്റ്ലസ് രാമചന്ദ്രന്റേയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റേയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുമ്പോൾ ചർച്ചയാകുന്നത് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. 2013നും 2018നും ഇടയിലെ 242.40 കോടി രൂപയുടേതാണ് തട്ടിപ്പ് കേസ്. അറ്റ്ലസ് രാമചന്ദ്രനെ സ്വന്തം നാടും വെറുതെ വിടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തനാകാൻ ശ്രമിക്കുന്ന പ്രവാസി വ്യവസായിയെ അക്ഷരാർത്ഥത്തിൽ തളർത്തുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

രണ്ടുപേരുടേയും കൈവശമുണ്ടായിരുന്ന സ്വർണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. 2002ലെ കള്ളപ്പണ വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ റൗണ്ട് സൗത്ത് ശാഖയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പു നടന്നത്. കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു.പ്രതികൾ കെട്ടിച്ചമച്ച രേഖകൾ നൽകിയാണ് വായ്പ സ്വന്തമാക്കിയതെന്നും വായ്പ തുകയായ 242.40 കോടി രൂപ തിരിച്ചടച്ചില്ലെന്നും ഇഡി കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായിരുന്നു ഇവർ ഇത്രയും തുക വായ്പയെടുത്തത്.

ഇങ്ങനെ വായ്പയായി ലഭിച്ച നൂറു കോടി രൂപ ഡൽഹിയിലെ അറ്റ്ലസ് ജൂവലറി ശാഖയുടെ ഷെയറുകൾക്കായി ചെലവാക്കിയതായും 14 കോടി രൂപ ഡൽഹിയിലെ തന്നെ ആക്സിസ് ബാങ്കിൽ നിക്ഷേപിച്ചതായും കണ്ടെത്തി. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായി 12.59 കോടി രൂപ കണ്ടെത്തിയതായാണ് ഇഡി അറിയിക്കുന്നത്. നേരത്തെ അറ്റ്‌ലസ് ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് മുംബൈ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 26.50 കോടിയുടെ പണവും സ്വർണവും സ്ഥിര നിക്ഷേപ രേഖകളും പിടിച്ചെടുത്തു.

അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചനത്തിന് ഇടപെടൽ നടത്തിയത് കേന്ദ്ര സർക്കാരാണ്. ദുബായിൽ രക്ഷകർ ചമഞ്ഞവരുടെ കീഴിലെ അന്വേഷണ ഏജൻസിയാണ് നിർണ്ണായക ഘട്ടത്തിൽ രാമചന്ദ്രന്റെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടുന്നത്. തൃശ്ശൂർ പൊലീസാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടിയുടെ വായ്പയാണ് രാമചന്ദ്രൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും എടുത്തത്. 2013-18 കാലയളവിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്. ഈ കേസിലെ ഇടപെടലുകൾ അറ്റ്ലസ് രാമചന്ദ്രനെ അക്ഷരാർത്ഥത്തിൽ തളർത്തും. കടങ്ങൾ എല്ലാം തിരിച്ചടച്ച് ബിസിനസ്സിൽ സജീവമാകാനാണ് രാമചന്ദ്രന്റെ ശ്രമം. ഇതിനെ തകർക്കുന്നതാണ് ഇന്ത്യയിലെ കേസും റെയ്ഡുകളും കണ്ടു കെട്ടലും.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 2013 മാർച്ച് 21 നും 2018 സെപ്റ്റംബർ 26നും ഇടയിൽ എടുത്ത 242.40 കോടി രൂപയുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഈ തുക രാമചന്ദ്രൻ തിരിച്ചടച്ചിരുന്നില്ല. ബാങ്കുകൾക്ക് സെക്യൂരിറ്റിയായി നൽകിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് 2015ലാണ് അറ്റ്‌ലസ് രാമചന്ദ്രന് കോടതി ശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റിലാണ് അദ്ദേഹം ദുബായിൽ ജയിലിലായത്. വായ്പ നൽകിയിരുന്ന 23 ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ബാങ്കുകൾക്ക് തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് നിലവിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് രാമചന്ദ്രനെ ജയിലിൽ നിന്നും പുറത്തിറക്കിയത്. കൂടാതെ 75 വയസ് കഴിഞ്ഞ പൗരന്മാർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും രാമചന്ദ്രന് ആശ്വാസമായിരുന്നു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്ലൈനോട് കൂടിയാണ് അറ്റ്ലസ് ജൂവലറി ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉൾപ്പെടുത്താതെ സ്വയം ഇറങ്ങി തിരിച്ച് പരസ്യത്തിലൂടെ ജനങ്ങളെ ആകർഷിച്ച വ്യവസായിയാണ് അറ്റ്ലസ് രാമചന്ദ്രൻ. അറ്റ്‌ലസ് രമാചന്ദ്രൻ ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുമെന്ന സൂചനകളും പുറത്തു വന്നു. രാമചന്ദ്രന്റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തിൽ വൻ കുതിപ്പുണ്ടാവുകയും ചെയ്തു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജൂവലറിയുടെ ഓഹരി മൂല്യം ഉയർന്നിരുന്നു. ഇതെല്ലാം അട്ടിമറിക്കാനാണ് ഇഡി ഇടപെടലെന്ന സൂചനകളും ആരോപണങ്ങളും സജീവമാണ്.

വ്യവസായത്തിലെ കുടിപ്പകയാണ് രാമചന്ദ്രനെ ജയിലിലാക്കിയതെന്ന ആരോപണം ശക്തമാണ്. തൃശൂരിലെ ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ ആളുകളാണ് ഇപ്പോഴും അറ്റ്ലസിനെ തകർക്കാൻ മുന്നിലുള്ളതെന്നാണ് ആരോപണം.