ന്യൂഡൽഹി: ഒരു കേസുകൂടി തീർപ്പാക്കിയാൽ അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനാകും. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലും കേന്ദ്രസർക്കാരിന്റെ ഇടപെടലും വഴി മോചനം ഉടൻ സാധ്യമാകുമെന്ന് രാമചന്ദ്രന്റെ മോചനശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബിജെപി. എൻ.ആർ.ഐ. സെൽ സംസ്ഥാന കൺവീനർ എൻ. ഹരികുമാർ പറയുന്നു. എന്നാൽ ഇപ്പോഴും കീറാമുട്ടികൾ ഏറെയാണ്. ഡൽഹിയിലെ വജ്രവ്യാപാരികളാണ് മോചനത്തിന് ഇപ്പോൾ തടസ്സം. ഇവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഡൽഹിയിലെ വജ്ര വ്യാപാരികൾക്ക് ഏഴര മില്ല്യൺ ദിർഹമാണ് രാമചന്ദ്രൻ നൽകാനുള്ളത്. പത്ത് മില്ല്യണിൽ അധികം കൊടുക്കാനുള്ളവർ പോലും ധാരണയിലെത്തി. എന്നാൽ ഇവർ ഗാരന്റി വേണമെന്ന പിടിവാശിയിലും. ബിജെപിയുടെ ദേശീയ നേതാവ് അരവിന്ദ് മേനോന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ഹരികുമാറും സജീവമായി ഇടപെടുന്നു. ഗാരന്റി കൊടുക്കാൻ സർക്കാരിന് കഴിയില്ല. പാർട്ടിക്കും പറ്റില്ല. ഇതാണ് ഇപ്പോൾ രാമചന്ദ്രന്റെ മോചനത്തിനുള്ള തടസ്സം. ഈ പടിവാശിക്ക് പിന്നീൽ മലയാളിയായ ബിസിനസ്സുകാർ ഉണ്ടോയെന്നും സംശയമുണ്ട്. ദുബായിലെ കേസ് വഷളാക്കിയതിന് പിന്നിലും ചില ശക്തികളുണ്ടായിരുന്നു. ഇവർ രാമചന്ദ്രന്റെ മോചനത്തിന് ഇപ്പോഴും തടസ്സം നിൽക്കുകയാണ്. വിഷയത്തിൽ മോദി ഇടപെട്ടതോടെ ഇവർ അണിയറയിലേക്ക് പിൻവലിഞ്ഞു. എന്നാൽ ഇപ്പോഴും പാരകളുണ്ടെന്നാണ് വിലയിരുത്തൽ.

ഡൽഹിയിലെ വ്യവസായികളുമായുള്ള ചർച്ച ഉടൻ പൂർത്തിയാകും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സജീവമായി തന്നെ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. രാമചന്ദ്രൻ ജയിൽ മോചിതനായാൽ ഉറപ്പായും പണം കിട്ടുമെന്ന വാക്കാണ് ബിജെപി നേതാക്കൾ കടം നൽകിയവർക്ക് കൊടുക്കുന്നത്. അതിനുള്ള ആസ്തി രാമചന്ദ്രനുണ്ട്. അതുകൊണ്ട് തന്നെ ഗാരന്റിയെന്ന പിടിവാശിയിൽ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. അതിനിടെ മറ്റ് വ്യവസായികളെ പ്രശ്‌നത്തിൽ ഇടപെടുത്തി ഡൽഹിക്കാരെ അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. രാമചന്ദ്രന്റെ മോചനത്തിൽ നിർണ്ണായക സഹായം ചെയ്തത് ബിആർ ഷെട്ടിയാണ്. ഷെട്ടിയെ പോലുള്ളവരുടെ സഹായവും ബിജെപി നേതാക്കൾ തേടുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് സൂചന.

ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ഇതിനെത്തുടർന്ന് 2015 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബായിൽ ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകൻ അരുണും ഇപ്പോഴും ജയിലിലാണ്. ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും, സ്വർണം വാങ്ങാൻ വായ്പനൽകിയ വ്യക്തി നൽകിയ കേസ് ധാരണയിലെത്തിയിട്ടില്ല.

കേന്ദ്രമന്ത്രി സുഷമാസ്വരാജും ഒ. രാജഗോപാൽ എംഎ‍ൽഎ.യും ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനവും പ്രശ്‌നത്തിൽ സജീമായി ഇടപെടുന്നുണ്ട്. ഒമാനിലെ അറ്റ്‌ലസിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി എൻ.എം.സി. ഹെൽത്ത് കെയർ വാങ്ങിയിരുന്നു. ബി.ആർ. ഷെട്ടി നേരിട്ടിടപെട്ടാണ് രാമചന്ദ്രനെ സഹായിക്കാൻ മുന്നോട്ട് വന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നൂറ് മില്യൺ യു.എ.ഇ. ദിർഹം എൻ.എം.സി. നേരിട്ട് ബാങ്കുകൾക്ക് നൽകുമെന്നും ബിജെപി. എൻ.ആർ.ഐ. സെൽ സംസ്ഥാന കൺവീനർ കൂടിയായ ഹരികുമാർ പറയുന്നു.

ബാങ്കുകൾക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രൻ അറസ്റ്റിലായത്. പ്രധാനപ്പെട്ട 23 കേസിൽ 22 എണ്ണവും ഒത്തുതീർപ്പാക്കാൻ എതിർകക്ഷികൾ സമ്മതിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങൾ എതിർകക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടൻ ബാധ്യത തീർക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ കുടുംബാംഗങ്ങൾ ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി ചർച്ച നടത്തിയിരുന്നു. ബാധ്യതാവിവരങ്ങൾ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി. ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും കൈമാറി. നിലവിൽ രണ്ടു വ്യക്തികളുമായുള്ള കേസാണ് തീരാനുള്ളത്. ഡൽഹിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവർ.

ആദ്യഘട്ട ചർച്ചകളിൽ ഇവർ ഒത്തുതീർപ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിൻവലിച്ചാൽ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥർ ചർച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ബിജെപിയുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചർച്ചകൾ നടത്തിയിട്ടുണ്ട്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രൻ സത്യവാങ്മൂലം സമർപ്പിച്ചാൽ കേസിൽനിന്നു പിന്മാറും എന്നാണ് ബാങ്കുകൾ അറിയിച്ചത്. കടം വീട്ടാൻ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകൾ കൈമാറി എന്നാണ് വിവരം.

2015 ആഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രൻ ദുബൈയിലെ ജയിലിലായത്. 3.40 കോടി ദിർഹമിന്റെ രണ്ട് ചെക്കുകൾ മടങ്ങിയ കേസിൽ മൂന്ന് വർഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്. അറ്റ്‌ലസ് ജൂവലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിർഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കൺസോർഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടർന്ന് ബാങ്കുകൾ ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചു.

യു.എ.ഇ വിടാതെ കടബാധ്യത തീർക്കാൻ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ബാധ്യത തീർക്കാൻ ഒമാനിൽ പ്രവർത്തിക്കുന്ന രണ്ട് ആശുപത്രികൾ നേരത്തെ എൻ.എം.സി ഗ്രൂപ്പിന് വിറ്റിരുന്നു. 1990ൽ കുവൈറ്റ് യുദ്ധ സമയത്ത് തകർന്ന ശേഷം പിടിച്ചുകയറിയാണ് അറ്റ്‌ലസിന്റെ ബിസിനസ് സാമ്രാജം വികസിപ്പിച്ചത്. 350 കോടി ദിർഹത്തിന്റെ വാർഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. 19 ജൂവലറികൾ ദുബൈയിൽ മാത്രം അറ്റ്‌ലസിനുണ്ടായിരുന്നു.

പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക് പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകൾക്കും പൂട്ടുവീണു. ജൂവലറികൾക്കും ആശുപത്രികൾക്കും പുറമെ സിനിമാ നിർമ്മാണം, സിനിമാ അഭിനയം, അക്ഷരശ്ലോകം എന്നിവയും അദ്ദേഹത്തിന്റെ ഇഷ്ടമേഖലകളായിരുന്നു.