കൊച്ചി: വീട്ടിലിരുന്ന് കൊണ്ട് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായ ഏസ്വെയർ ഫിൻടെക് സർവീസസ്. ഇതിനായി കമ്പനി വികസിപ്പിച്ച ഏസ് ്മണി എന്ന ആപ്പിന്റെ സേവനം ഈ മാസം 13 മുതൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിൽ മാത്രമായിരിക്കും ഏസ്മണിയുടെ സേവനം ലഭ്യമാകുക. 2021 ജനുവരിയോട് കൂടി സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ആപ്പിന്റെ സേവനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് ഏസ്വെയർ മൈക്രോ എടിഎം സേവനം അവതരിപ്പിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഏസ്മണി ആപ്പിലൂടെ ബാങ്ക് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പണത്തിന് ഓർഡർ നൽകാമെന്ന് ഏസ് വെയർ ഫിൻടെക് സർവീസസ് എംഡി നിമിഷ ജെ. വടക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡർ നൽകി 30-40 മിനിറ്റിനുള്ളിൽ വീട്ടിലെത്തുന്ന എക്സിക്യുട്ടിവിന്റെ കൈവശമുള്ള സ്വൈപ്പിങ് മെഷീനിൽ ഏത് ബാങ്കിന്റെ ഡെബിറ്റ് കാർഡായാലും സ്വൈപ്പ് ചെയ്ത് പിൻ നമ്പർ എന്റർ ചെയ്ത് പണം എടുക്കാവുന്നതാണ്. ബാങ്കിന്റെ എടിഎമ്മിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർക്കും രോഗികൾക്കും സേവനം ഏറെ പ്രയോജനപ്പെടുമെന്നും നിമിഷ പറഞ്ഞു.

ഒരു തവണ പരമാവധി 10,000 രൂപയാണ് ഈ സേവനത്തിലൂടെ പിൻവലിക്കാനാകുക. എന്നാൽ പ്രതിദിനം അതാത് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള പരമാവധി തുക പിൻവലിക്കാനാകും. എടിഎം സേവനത്തിന് പുറമേ പണം ട്രാൻസ്ഫർ ചെയ്യാൻ, ബിൽ അടയ്ക്കാൻ, റീചാർജ്, ഫാസ്ടാഗ്, കെട്ടിട, ഭൂനികുതികൾ അടയ്ക്കാൻ, ബസ്, ഫ്ളൈറ്റ്, സിനിമ ടിക്കറ്റ് ബുക്കിങ്, ആരോഗ്യ, വാഹന, യാത്ര ഇൻഷൂറൻസുകൾ, ജനന, മരണ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ തുടങ്ങി 100-ലേറെ മറ്റ് സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഏസ്വെയർ ഫിൻടെക് സർവീസസ് സിഇഒ ജിമ്മിൻ ജെയിംസ് കുറിച്ചിയിൽ, ജനറൽ മാനേജർ സെബാസ്റ്റ്യൻ സേവിയർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.