തിരുവനന്തപുരം: നഗരത്തിലെ എ.ടി.എം. കവർച്ചക്കേസിലെ മുഖ്യപ്രതിയെ മുംബൈയിൽ പിടികൂടി. റുമാനിയയിലെ ക്രയോവ സ്വദേശി മരിയൻ ഗബ്രിയേൽ (47) ആണ് കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് കേരള പൊലീസിന്റെയും മുംബൈ പൊലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. എ.ടി.എമ്മിൽ നിന്ന് ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ മോഷ്ടിച്ച് പണം തട്ടിയത് റുമാനിയക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരിയൻ ഗബ്രിയേലിനെക്കൂടാതെ ക്രൊയേവക്കാരായ ക്രിസ്റ്റിയൻ വിക്ടർ കോൺസ്റ്റാന്റിൻ (26), ബോഗ്ദീൻ ഫ്‌ളോറിയൻ (25) എന്നിവരും സംഘത്തിലുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

വിനോദസഞ്ചാരത്തിനെന്ന പേരിൽ തിരുവനന്തപുരത്തെത്തിയവരായിരുന്നു ഇവർ. ഇവരാണ് ആൽത്തറ കവലയിലെ എ.ടി.എം. കൗണ്ടറിൽ ക്യാമറയും സ്‌കിമ്മിങ്ങിനുള്ള മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചത്. എ.ടി.എം. കൗണ്ടറിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതോടെ ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി അരുണിന്റെ അക്കൗണ്ടിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് 6.22ന് വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് 100 രൂപ പിൻവലിച്ചിരുന്നു. മുംബൈയിലെ സ്റ്റേഷൻ പ്ലാസയിലെ എ.ടി.എമ്മിൽ നിന്നാണ് പണം പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് ഗബ്രിയേൽ പിടിയിലായത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഇയാളെ കേരളത്തിലെത്തിക്കുമെന്നറിയുന്നു.

മുംബൈയിൽ ഇയാൾ താമസിക്കുന്ന ഹോട്ടലിൽ രാത്രിവൈകിയും റെയ്ഡ് നടക്കുകയാണ്. ഗബ്രിയേലും മറ്റു രണ്ടുപേരും തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ താമസത്തിനെത്തുന്നതിന്റെ വീഡിയോയും പൊലീസിനു ലഭിച്ചിരുന്നു. ഇവരുടെ വിലാസവും പാസ്‌പോർട്ട് നമ്പറും ഉൾപ്പെടെയുള്ളവ പൊലീസ് സി ഫോമിൽനിന്ന് കണ്ടെത്തി. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഇക്കഴിഞ്ഞ ജൂൺ 30ന് രാവിലെ ആറരയോടെ സംഘം എ.ടി.എം. കൗണ്ടറിലെത്തി ക്യാമറയും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

തട്ടിപ്പുസംഘം തിരുവനന്തപുരത്ത് നാല് ഹോട്ടലുകളിൽ താമസിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കോവളത്തെ ഉദയ സമുദ്ര ഹോട്ടലിൽനിന്നാണ് സംഘം നഗരത്തിലെത്തിയത്. ഹോട്ടലിന്റെ തന്നെ കാറിൽ ഒരാളും മറ്റ് രണ്ടുപേർ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിലുമാണ് ഹോട്ടലിൽ എത്തിയത്. പവർ ഹൗസ് റോഡിലുള്ള അമല റീജൻസിയിൽ ജൂലായ് എട്ടിന് എത്തിയ സംഘം 12ന് ഹോട്ടലിൽ നിന്ന് പോയതായും ഉടമ ശിവരാജേന്ദ്രൻ പറഞ്ഞു. ഇവർ ഉപയോഗിച്ച രണ്ട് സ്‌കൂട്ടറുകളും മൂന്ന് ഹെൽമെറ്റുകളും പൊലീസ് കോവളത്തുനിന്ന് കണ്ടെടുത്തു. തിരുവനന്തപുരത്ത് ഇവർ പത്തുദിവസം താമസിച്ചു.

ആദ്യം എ.ടി.എം. കൗണ്ടർ രണ്ടുപേർ എത്തി നിരീക്ഷിച്ച ശേഷം മടങ്ങുന്നതും പിന്നീട് അവർ തന്നെ എത്തി ഉപകരണം സ്ഥാപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അല്പസമയത്തിന് ശേഷം മൂന്നാമത്തെയാൾ എത്തി ക്യാമറയുടെ സ്ഥാനവും മറ്റും നിരീക്ഷിക്കുന്നതും ക്ലിപ്പിങ്ങിലുണ്ട്. എ.ടി.എം. പണം തട്ടിപ്പ് കേസ് സംബന്ധിച്ച അന്വേഷണം നടത്താൻ ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെവിടെയെങ്കിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.