ന്യൂഡൽഹി: പുതിയ 500, 2000 രൂപ നോട്ടുകൾ ഇന്ന് പുറത്തിറക്കും. എ.ടി.എമ്മുകളിൽനിന്ന് അവ വെള്ളിയാഴ്ച ഇടപാടുകാർക്ക് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ എടിഎമ്മുകൾ പൂർണ്ണമായും പ്രവർത്തന സജ്ജമാകാൻ ശനിയാഴ്ച ആവും. നാളെ മുതൽ ചില എടിഎമ്മുകൾ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. 500, 1000 രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചത് കറൻസി ക്ഷാമത്തിന് കാരണമായിരുന്നു. ഇത് പരിഹരിക്കാനുള്ള നോട്ടുകളുടെ അച്ചടി പൂർത്തിയാകണം. അത് വിതരണം ചെയ്യേണ്ടതുമുണ്ട്. അതുകൊണ്ട് തന്നെ പ്രതിസന്ധി പരിഹരിക്കാൻ കുറച്ചു ദിവസം കൂടി എടുക്കും.

ഇന്ന് ബാങ്കുകൾ തുറക്കുമെങ്കിലും എ.ടി.എമ്മുകൾ പലയിടങ്ങളിലും അടഞ്ഞുകിടക്കും. വെള്ളിയാഴ്ചയോടെമാത്രമേ എ.ടി.എമ്മുകൾ പ്രവർത്തനസജ്ജമാവുകയുള്ളൂവെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കള്ളപ്പണവും വ്യാജനോട്ടുകളും തടയുന്നതിനുപുറമേ, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ധാരാളം പണം പുറത്തുവന്ന് സമ്പദ്വ്യവസ്ഥയുടെ ഭാഗമാകുമെന്നതാണ് ഇതിന്റെ ഗുണകരമായ വസ്തുത. 1978ൽ 10,000, 5,000, 1,000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സന്ദർഭത്തിൽ അവയെല്ലാം ചേർന്നാലും മൊത്തം കറൻസിയുടെ രണ്ടുശതമാനമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പ്രചാരത്തിലുള്ള കറൻസിയുടെ ആകെ മൂല്യത്തിന്റെ 85 ശതമാനം 500, 1,000 രൂപ നോട്ടുകളാണ്. അവ അസാധുവാക്കിയത് കള്ളപ്പണം തടയുന്നതിലേക്കുള്ള സുപ്രധാന നീക്കമാണ്.

അതിനിടെ ഈ ആഴ്ച ശനിയും ഞായറും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഈ ദിവസങ്ങളിൽ പണമിടപാടുകൾ നടത്താൻ സാധിക്കും. നോട്ടുകൾ മാറ്റിവാങ്ങാൻ ബാങ്കുകളിൽ പ്രത്യേക കൗണ്ടർ ഒരുക്കുമെന്നും ആർബിഐ അറിയിച്ചു. തിരക്കുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് മിക്ക ബാങ്കുകളും നോട്ടുകൾ മാറുന്നതിന് പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 500, 1000 നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ നൽകുന്നതിന് ഇടപാടുകാർക്കു സൗകര്യമൊരുക്കുന്നതിനാണ് ബുധനാഴ്ച ബാങ്കുകൾ അടച്ചിട്ടത്. മിക്ക ബാങ്കുകളുടെയും കറൻസി ചെസ്റ്റുകളിൽ ഇതിനകം പുതിയ 2000 രൂപ നോട്ടുകൾ എത്തിയിട്ടുണ്ട്. ഇവ മിക്കവാറും ബാങ്കിലും എത്തിക്കഴിഞ്ഞു. എന്നാൽ പല ബാങ്കുകളും എടിഎമ്മുകളിൽ നിന്ന് 500, 1000 നോട്ടുകൾ എടുത്തു മാറ്റി പകരം നോട്ടുകൾ വച്ചിട്ടില്ല. 2500 നോട്ടുകളാണ് ഒരു എടിഎമ്മിൽ വയ്ക്കാൻ സാധിക്കുന്നത്. ഇതെല്ലാം 100ന്റെ നോട്ടുകൾ വച്ചാലും ഒരു എടിഎമ്മിൽ രണ്ടരലക്ഷം രൂപയേ കാണൂ.

ഇന്ന് മുതൽ ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും പഴയ കറൻസികൾ മാറ്റി വാങ്ങാം. നാലായിരം രൂപവരെ ഇങ്ങനെ ഒരാൾക്ക് മാറ്റിക്കിട്ടും. പഴയ നോട്ടുകൾ മാറ്റാനായി ബാങ്കുകളിൽ നിക്ഷേപിക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനും സി.സി.ടി.വി. ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങൾ ബാങ്കുകളിൽ ഏർപ്പെടുത്തും. പണം മാറാനെത്തുന്ന ജനങ്ങളെ സഹായിക്കുന്നതിനായി നോഡൽ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. പഴയ നോട്ടുകൾ മാറാൻ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻകാർഡ് ഇവയിലേതെങ്കിലുമൊന്നിന്റെ കോപ്പി ബാങ്കുകൾക്ക് നൽകണം. കൈവശമുള്ളവർക്ക് 50 ദിവസങ്ങൾക്കകം മാറ്റി വാങ്ങാം.. ഡിസംബർ 30 വരെയാണ് നോട്ടുകൾ മാറ്റി വാങ്ങാൻ സമയം . പുതിയതായി നോട്ടുകൾ അച്ചടിക്കില്ല.

റിസർവ് ബാങ്ക്. മറ്റ് ഇടപാടുകളെ ബാധിക്കാത്ത തരത്തിൽ പണം മാറ്റിവാങ്ങാൻ മാത്രമായി പ്രത്യേക കൗണ്ടർ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. അക്കൗണ്ടില്ലാത്ത ശാഖകളെയും പണം മാറ്റിവാങ്ങാനായി സമീപിക്കാം. ഇതിനായി പ്രത്യേകം ഫോമിൽ പേര്, നോട്ടിന്റെ ഡിനോമിനേഷൻ എന്നിവ ഉൾപ്പെടെ നൽകണം. ഇതോടൊപ്പം നിങ്ങളുടെ യഥാർത്ഥ തിരിച്ചറിയൽ രേഖയും ഒരു പകർപ്പും ആവശ്യമാണ്. ആദ്യ ഘട്ടത്തിൽ ഒരാൾക്ക് 4000 രൂപ വരെ മാറ്റിയെടുക്കാം. അതേസമയം, അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങളില്ല. ഈ മാസം 24 വരെ അക്കൗണ്ടിൽ നിന്നും ദിവസം 10,000 രൂപയും ആഴ്ചയിൽ 20,000 രൂപയും വരെ പിൻവലിക്കാം.