പത്തനംതിട്ട: എടിഎം കാർഡിന്റെ സിസിവി നമ്പരും ഒറ്റത്തവണ പാസ്വേർഡും സൂത്രത്തിൽ കൈക്കലാക്കി കോടികൾ തട്ടിയ അന്തർ സംസ്ഥാന സംഘത്തിന്റെ തലവനേയും പന്തളം പൊലീസ് പിടികൂടി. കഴിഞ്ഞ 14ന് സംഘത്തിനെ പ്രധാന കണ്ണിയായ ആശിഷ് ദിമാനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരം ഉപയോഗിച്ച് ഡൽഹി ഉത്തംനഗർ നാനേ പാർക്ക് എന്ന സ്ഥലത്തെ താമസക്കാരനായ രാജൻ കുമാർ സിങി(24)നെയാണ് ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്, അടൂർ ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പന്തളം പൊലീസ് പിടികൂടിയത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിന്റെ ഓഡിയോ ക്‌ളിപ്പും മറുനാടന് ലഭിച്ചു.

തട്ടിപ്പിന് ഇരയായവരിൽ ഏറെയും വിദ്യാസമ്പന്നരാണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത. ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടതാകട്ടെ ഡോക്ടർമാരും. തട്ടിപ്പിനായി എ.ടി.എം കാർഡിന്റെ 16 അക്ക നമ്പരും പിന്നിലെ സിസിവി നമ്പരും ചോദിക്കുമ്പോൾ തന്നെ യാതൊരു സംശയവും കൂടാതെ പറഞ്ഞു കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത് തട്ടിപ്പുകാർക്ക് സൗകര്യമാകുന്നു. ഈ രീതിയിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ടുള്ള ഒരാളെ കബളിപ്പിക്കുന്നതിന്റെ ഓഡിയോ ക്‌ളിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.

ഇംഗ്ലീഷ് നന്നായി സംസാരിച്ചാണ് കസ്റ്റമറെ ഇവർ വീഴ്‌ത്തുന്നത്. താങ്കളുടെ ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടില്ല, എന്നു പറഞ്ഞാണ് വിളിക്കുന്നത്. ജനുവരി മൂന്നിന് ശേഷം നിങ്ങൾ കാർഡ് ലിങ്ക് ചെയ്തിട്ടില്ല. അതിനാൽ എടിഎം കാർഡ് ബ്ലോക്കായി എന്ന് പറയും. കാർഡിന്റെ ബ്ലോക്ക് താൽകാലികമായി അഴിച്ചു കൊടുക്കാമെന്നും കാർഡിലെ 16 അക്ക നമ്പരും പിന്നിലെ മൂന്നക്ക സിസിവി നമ്പരും പറയാൻ ആവശ്യപ്പെടുകയാണ് പിന്നെ ചെയ്യുന്നത്. യാതൊരു സംശയവും കൂടാതെ അക്കൗണ്ട് ഹോൾഡർ ഇത് പറയുന്നു. അപ്പോൾ ഞാനിവിടെ നിന്ന് താങ്കളുടെ നമ്പരിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് പറയാനും പറയും. ഇതുകൂടി പറയുന്നതോടെ അക്കൗണ്ടിൽ എത്ര രൂപ കാണുമെന്ന് ചോദിക്കുന്നു. നാലായിരം കാണുമെന്ന് ഉപയോക്താവ് പറയുന്നു. നാലായിരത്തിൽ കൂടുതലാണോ നാലായിരമാണോ ഉള്ളതെന്ന് എടുത്തു ചോദിക്കുന്നു. അവസാനം നാലായിരത്തിൽ ഉറപ്പിച്ച് ആ പണം കൈക്കലാക്കുന്നു.

രാജൻകുമാർ സിങ്ങിന്റെ സംഘാംഗം ഉത്തംനഗർ സ്വദേശി ആശിഷ് ദിമാനെ കഴിഞ്ഞ 14 ന് ആലുവയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ പന്തളം സിഎം ആശുപത്രിയിലെ ഡോ. പ്രേം കൃഷ്ണന്റെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്. പ്രേം കൃഷ്ണനിൽ നിന്ന് 39,000 രൂപയാണ് മൂന്നു തവണയായി ഇവർ അടിച്ചു മാറ്റിയത്. രാജ്യവ്യാപകമായി ഓൺലൈൻ തട്ടിപ്പിലൂടെ വിവിധ ബാങ്ക് ഇടപാടുകാരുടെ കോടിക്കണക്കിന് രൂപ സംഘം കൈക്കലാക്കിയിട്ടുണ്ട്.

ഇയാളുടെ സംഘത്തിലെ എട്ടു സ്ത്രീകളടക്കമുള്ള പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതികൾ ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഓൺലൈൻ ഇടപാടുകാരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഓൺലൈൻ പർച്ചേസിങ് ആൻഡ് സെല്ലിങ് സൈറ്റുകളിൽ നിന്നും ഇടപാടുകാരുടെ ഡെബിറ്റ് കാർഡ് നമ്പർ, ഫോൺ നമ്പർ തുടങ്ങിയവ കരസ്ഥമാക്കും. പിന്നീട് ബാങ്കിൽ നിന്നെന്ന വ്യാജേന സ്ത്രീകൾ ഇവരെ വിളിച്ച് ചിപ്പ് വച്ച കാർഡ് നൽകാനെന്ന് തെറ്റിദ്ധരിപ്പിച്ച് എ.ടി.എം കാർഡിന്റെ രഹസ്യ നമ്പർ ചോദിച്ചറിയും. നമ്പർ ലഭിച്ചാൽ ഉടൻ തന്നെ ഡൽഹിയിൽ നിന്ന് പേടിഎം, എയർടെൽ മണി തുടങ്ങിയ ഓൺ ലൈൻ വാലറ്റുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യും.

ഇതിനായി സംഘാംഗങ്ങളെ വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്നതാണ് ഇവരുടെ രീതി. സംഘാംഗങ്ങളായ സ്ത്രീകൾക്ക് 30,000 രൂപ വരെ ശമ്പളം നൽകിയിരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പന്തളം എസ്ഐ രജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു ദിവസം ഏഴു ലക്ഷം രൂപ വരെയായിരുന്നു ഇവരുടെ വരുമാനമെന്ന് ഡിവൈഎസ്‌പി ആർ ജോസ് പറഞ്ഞു. രാജൻസിങ്ങിനെ പിടികൂടുമ്പോൾ ഇയാളുടെ കൈവശം മൂന്ന് എടിഎം കാർഡുണ്ടായിരുന്നു. ഇതെല്ലാം സ്വന്തം അക്കൗണ്ടിൽ നിന്നുള്ളവയാണ്. ഇതിൽ യൂണിയൻ ബാങ്കിന്റേതായ ഒരു കാർഡ് പരിശോധിച്ചപ്പോൾ ആ അക്കൗണ്ടിൽ മാത്രം ഒരു മാസം കൊണ്ട് 37 ലക്ഷം രൂപ എത്തിയതായി മനസിലാക്കുവാൻ കഴിഞ്ഞു. ഒരു സംസ്ഥാനത്ത് തട്ടിപ്പ് നടത്തുന്നതിന് മുൻപായി ആ പണം നിക്ഷേപിക്കാൻ മറ്റൊരു സംസ്ഥാനത്ത് സ്വന്തം പേരിൽ, ശരിയായ രേഖകൾ നൽകി ബാങ്ക് അക്കൗണ്ട് തുറക്കുന്നതാണ് ഇവരുടെ രീതി. കേരളത്തിൽ തട്ടിപ്പു നടത്തുന്നതിനായി ഇവർ ആന്ധ്രയിലും കർണാടകയിലുമാണ് അക്കൗണ്ട് തുറന്നത്.