മുംബൈ: എടിഎം സേവനത്തിന് ഈടാക്കുന്ന നിരക്കുകൾ വർദ്ധിപ്പിക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ ആർബിഐയോട് ആവശ്യപ്പെട്ടു. 

പരിപാലന ചെലവും ഇന്റർബാങ്ക് ഇടപാട് ചെലവും വർധിച്ചതിനെതുടർന്നാണ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾ ഒരുങ്ങുന്നത്. നോട്ട് അസാധുവാക്കലിനുശേഷം എടിഎം ഇടപാടുകൾ കുറഞ്ഞതിനെതുടർന്ന് പരിപാലന ചെലവ് കൂടിയതാണ് കാരണം.

അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകൾ ഉപയോഗിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ നൽകുന്ന ഇടപാടിനുള്ള നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചർച്ച ചെയ്ത പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നിരക്ക് വർധപ്പിക്കണമെന്ന ആവശ്യവുമായി ആർബിഐയെ സമീപിച്ചത്.

സ്വകാര്യ ബാങ്കുകളിൽനിന്നാണ് ഈ ആവശ്യം ആദ്യമുയർന്നത്. അതേസമയം, വൻകിട പൊതുമേഖല ബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയതായാണ് സൂചന. ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് ഇവരുടെ വിലയിരുത്തൽ.