കണ്ണൂർ: കവർച്ചാക്കേസിൽ പിടികൂടിയ പ്രതിയുടെ എ.ടി. എം കാർഡുപയോഗിച്ച് സിവിൽ പൊലിസ് ഓഫിസർ പണം തട്ടം തട്ടിയ കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. അതുകൊണ്ട് തന്നെ ഈ പൊലീസുകാരന് ഇനി സർവ്വീസിൽ തിരിച്ചു കയറാനും കഴിയും.

പരാതിക്കാരൻ പിൻവാങ്ങിയതിനെ തുടർന്നാണ് കേസ് ഒത്തുതീർപ്പായി തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ ഇ. എൻ ശ്രീകാന്ത് നമ്പൂതിരി പ്രതിയായ കേസിൽ നിന്നാണ് പരാതിക്കാരൻ പിൻവാങ്ങിയത്. പരാതിക്കാരൻ കേസിൽ നിന്നും വിടുതൽ തേടിയത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഏപ്രിൽ ഒന്നിന് ഏഴാം മൈലിൽ സ്വന്തം വാഹനം കേടായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ചൊകൽ ഒളവിലം സ്വദേശി കെ.കെ മനോജ് കുമാറിന്റെ നിർത്തിയിട്ട കാറിൽ നിന്നും എ.ടി. എം കാർഡ് പുളിപ്പറമ്പിലെ ഗോകുൽ കവർച്ച ചെയ്യുകയായിരുന്നു. ഈ കാർഡിൽ എഴുപതിനായിരം രൂപയുണ്ടായിരുന്നു. ഇതുപിൻവലിക്കുകയും ചെയ്തു.

മനോജ്കുമാറിന്റെ പരാതിയിൽ അന്വേഷണമാരംഭിച്ച തളിപ്പറമ്പ് പൊലിസ് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഏപ്രിൽ മൂന്നിന് ഗോകുലിനെ പിടികൂടുകയായിരുന്നു. ഈ കേസിനെതുടർന്ന് ആലക്കോട് സി. ഐ ശ്രീകാന്തിനെ കേസെടുത്തു അന്വേഷണമാരംഭിച്ചുവെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെയിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചു.

ഇതു നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരനെ സ്വാധീനിച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചത്. എന്നാൽ കേസ് ഒത്തുതീർപ്പായെങ്കിലും ശ്രീകാന്തിന്റെ സസ്പെൻഷൻ തൽകാലം തുടരുമെന്നാണ് സൂചന. എന്നാൽ കേസില്ലാത്ത സാഹചര്യത്തിൽ ഇയാളെ സർവ്വീസിൽ തിരിച്ചെടുക്കേണ്ടി വരും.

പ്രതിയുടെ കൈവശമുള്ള എ.ടി. എം കാർഡുപയോഗിച്ച് പണം പിൻവലിച്ചത് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ ഇയാൾക്കെതിരെയുള്ള വകുപ്പ് തല നടപടിയുണ്ടാകുമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ഇത് ഡിസ്മിസൽ ആകാൻ സാധ്യതയില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ ഫെയ്‌സ് ബുക്കിൽ അപമാനിച്ച പൊലീസുകാരനായിരുന്നു ശ്രീകാന്ത്. ഇത് ശ്രീകാന്തിന് വിനയാകാൻ സാധ്യതയുണ്ട്.

പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കും വിധമാണ് ശ്രീകാന്ത് പ്രവർത്തിച്ചതെന്ന അതൃപ്തി സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അപഹരിച്ച പണം ഗോകുൽ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇവരുടെ മൊബൈൽ ഫോണിൽ ശ്രീകാന്ത് പണം പിൻവലിച്ചപ്പോൾ മെസെജ് വന്നതിനെ തുടർന്നാണ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ തന്നെ ഇവർ പരാതിയുമായെത്തിയത്.

സംഭവം വിവാദമായതിനെ തുടർന്ന് ശ്രീകാന്ത് ഒളിവിൽ പോവുകയായിരുന്നു. സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന മണൽ ലോറി ആരുമറിയാതെ ആക്രികച്ചവടർക്കാക്ക് വിറ്റ സംഭവത്തിനു ശേഷം തളിപ്പറമ്പ് പൊലിസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാർഡുപയോഗിച്ച് പൊലിസുകാരൻ പണംതട്ടിയ സംഭവം.

ഇതേ തുടർന്ന് വിവിധ പാർട്ടികൾ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനു മുൻപിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. മോഷണക്കുറ്റം ചുമത്തേണ്ട കേസിൽ നാമമാത്ര വകുപ്പുകൾ ചേർത്താണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. കേസെടുത്തതോടുകൂടി പ്രതിചേർക്കപ്പെട്ട പൊലീസുകാരൻ അതിയടം ശ്രീസ്ഥയിലെ ഇ എൻ ശ്രീകാന്ത് നമ്പൂതിരി ഒളിവിൽ പോയതോടെ വീടിന്റെ മതിലിൽ തട്ടിപ്പ് വീരൻ എന്ന നിലയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.

കോവിഡിന്റെ തുടക്ക കാലത്ത് മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രചാരണം നടത്തിയതിന് ശ്രീകാന്ത് നമ്പൂതിരി നടപടി നേരിട്ട് വരിവേയാണ് തട്ടിപ്പ് കേസിൽ അകപ്പെട്ടത്.