തിരുവനന്തപുരം: എടിഎമ്മിൽ സ്‌കിമ്മർ സ്ഥാപിച്ച് തിരുവനന്തപുരം ആൽത്തറയിലെ എടിഎം ശാഖയിൽനിന്ന് ഇടപാടുകാരുടെ കാർഡ് വിവരങ്ങൾ മാത്രമല്ല സെർവർ രഹസ്യങ്ങൾവരെ റൊമേനിയൻ സംഘം ചോർത്തിയതായി റിപ്പോർട്ടുകൾ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവറിൽനിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങൾക്കുപുറമെ ഓരോ ഇടപാടുകാരുമായും ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോർത്തിയതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായ ഗബ്രിയേൽ മരിയനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊള്ളയുടെ ആഴവും പരപ്പും വലുതാണെന്ന് വെളിവാകുത്. ഇയാൾ നിരവധി വിവരങ്ങൾ മറച്ചുവയ്ക്കുന്നതായാണ് സൂചനകൾ. ആദ്യം നാലുപേരടങ്ങുന്ന സംഘമാണ് എടിഎമ്മിൽ നിന്ന ഡാറ്റ ചോർത്തിയതെന്ന് പറഞ്ഞതെങ്കിലും ഇപ്പോൾ അഞ്ചുപേരാണ് കവർച്ചയ്ക്കു പിന്നിലെന്ന വെളിപ്പെടുത്തലാണ് ഗബ്രിയേൽ നടത്തുന്നത്.

എന്നാൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ മുംബയിൽനിന്ന് വീണ്ടും എടിഎമ്മിൽ നിന്ന് പണം കവർന്നതോടെ സംഘത്തലവൻ മുംബൈയിലുണ്ടെന്നും മറ്റുള്ളവർ വിദേശത്തേക്ക് കടന്നുവെന്നുമായി മൊഴി. മുംബൈയിലുള്ള സംഘത്തലവനാണ് തിരുവനന്തപുരത്തുനിന്ന് ശേഖരിച്ച ഡാറ്റ കൈമാറിയതെന്നാണ് ഗബ്രിയേൽ പറയുന്നതെങ്കിലും ഇത് പൂർണമായും വിശ്വസിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളെ നന്ദാവനം എആർ ക്യാമ്പിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്.

ജർമ്മനി കേന്ദ്രീകരിച്ചാണ് റൊമേനിയൻ സംഘം ഇന്ത്യയിൽ നിന്ന് ബാങ്കിങ് രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടതെന്നാണ് ഗബ്രിയേൽ പറയുന്നത്. ഈ രാജ്യാന്തര തട്ടിപ്പു സംഘത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ രഹസ്യങ്ങളുൾപ്പെടെ ഓൺലൈൻ വഴി കൈമാറിയെന്ന ഇയാളുടെ വെളിപ്പെടുത്തൽ അന്വേഷകരെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗഌദേശിൽ അടുത്തിടെ റിസർവ് ബാങ്കിൽ നിന്ന് കോടികൾ ഇരുട്ടിവെളുക്കുംമുമ്പ് അടിച്ചുമാറ്റിയതിനു പിന്നാലെ ഇന്ത്യയിലും അത്തരത്തിൽ ഒരു ഓൺലൈൻ സാമ്പത്തിക ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

അതേസമയം, സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. താൻ റൊമേനിയൻ രാജ്യാന്തര തട്ടിപ്പുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നാണ് ഗബ്രിയേൽ പറയുന്നത്. പിൻവലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പൊലീസിനോടു പറഞ്ഞു. പക്ഷേ, ഇപ്പോഴത്തെ പണമെടുക്കൽ വലിയൊരു കൊള്ളയ്ക്കുമുന്നോടിയായുള്ള പൈലറ്റ് പരീക്ഷണം മാത്രമാണോയെന്നാണ് സംശയമുയരുന്നത്. ബാങ്കുകളുടെ സെർവറിൽ നുഴഞ്ഞുകയറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ വൻ കൊള്ളയ്ക്ക് സാധ്യതയേറെയാണെന്ന് സൈബർ വിദഗ്ധരും കഴിഞ്ഞദിവസം ചാനൽ ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു.

രാജ്യാന്തരബന്ധം സംബന്ധിച്ച നിർണായകവിവരം ലഭിച്ചതോടെ സ്‌റ്റേറ്റ് ബാങ്ക് സെർവറിൽ നിന്ന് ഏതൊക്കെ വിവരങ്ങൾ ചോർന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നൽകാൻ പൊലീസ് എസ്.ബി.ഐ. അധികൃതരോടു നിർദ്ദേശിച്ചിരിക്കുകയാണ്. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പൊലീസ് കൈമാറിയത്. സെർവർ രഹസ്യങ്ങൾ ഇപ്രകാരം ചോർത്താൻ കഴിഞ്ഞെന്നറിഞ്ഞ് ബാങ്കുകാരും അമ്പരന്നിരിക്കുകയാണ്.

തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറിൽ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്‌കിമ്മറിൽനിന്ന് ഒരു കേബിൾ എസ്.ബി.ഐ. സെർവർ നെറ്റ്‌വർക്കിലേക്ക് കണക്ട് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുവഴി സെർവറിലെ വിവരങ്ങൾ ചോർന്നോ എന്നും എന്തൊക്കെ വിവരങ്ങളാണ് നുഴഞ്ഞുകയറ്റക്കാർ ശേഖരിച്ചതെന്നും കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങിയതായാണ് വിവരം. നിരവധി പ്രതിരോധ ഫയർവാളുകൾ തകർത്തേ രഹസ്യങ്ങൾ ചോർത്താനാകൂ എന്നതിനാൽ അത് സംഭവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും ബാങ്ക് അധികൃതർ കരുതുന്നു. ചോദ്യംചെയ്യലിൽ ഗബ്രിയേലിൽനിന്നു പൊലീസ് പ്രധാനമായി അറിയാൻ ശ്രമിച്ചതും ഇക്കാര്യമാണ്. പക്ഷേ, ഇയാൾ പലതും മറയ്ക്കുന്നതായാണ് പൊലീസ് കരുതുന്നത്.

എസ്.ബി.ഐ. സെർവറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങൾ വിദേശകവർച്ചാസംഘം പകർത്തിയത്. ഇവ ജർമൻ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പൊലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാർഡുകൾ ഉപയോഗിച്ചു മുംബൈയിൽനിന്നു കൈക്കലാക്കിയതെന്ന് പറയുമ്പോഴും കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. ഒരു മുൻ ബാങ്ക് ഉദ്യോഗസ്ഥനും പേട്ട സ്വദേശിനിക്കും ഗബ്രിയേൽ അറസ്റ്റിലായതിനു ശേഷവും പണം നഷ്ടപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയോളമാണ് രണ്ട് അക്കൗണ്ടുകളിൽ് നിന്നുമായി കവർന്നത്.

സ്‌കിമ്മർ ഘടിപ്പിച്ചിരുന്ന ആൽത്തറ എടിഎമ്മിൽ നിന്ന് പണം എടുക്കാതിരുന്ന ഒരാളുടെ അക്കൗണ്ടിൽ നിന്ന് നൂറുരൂപ നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്. കൂടുതൽ എടിഎമ്മുകളിൽ സ്‌കിമ്മർ സ്ഥാപിച്ച് കാർഡ് വിവരങ്ങൾ ചോർത്തിയോ എന്ന സംശയവും ഉയരുന്നതോടെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പലരും മടിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാൻ മാത്രം റൊമേനിയയിൽനിന്നു പ്രതികൾ കേരളത്തിലെത്തിയെന്നു വിശ്വസിക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയാറായിരുന്നില്ല. ഇത്രയും ചെറിയൊരു കവർച്ചയ്ക്ക് ഇത്രയും വലിയ സന്നാഹം ചെയ്യുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് ബാങ്ക് സെർവറിൽ നുഴഞ്ഞുകയറി പണം മൊത്തം കവരുന്ന സൈബർ അറ്റാക്കിനുള്ള മുന്നൊരുക്കമായിരുന്നോ ഇപ്പോഴത്തെ എടിഎം കവർച്ചയെന്ന സംശയം ഉയരുന്നത്.

ഇതിന്റെ അന്വേഷണം നടക്കുന്നതിന്റെ മറവിൽ യഥാർത്ഥ കവർച്ചാസംഘം വൻ തട്ടിപ്പിന് കളമൊരുക്കുകയാണോ എന്നതാണ് ഇപ്പോൾ അന്വേഷിക്കുന്നത്. മുംബൈകേരളാ പൊലീസ് സൈബർ വിഭാഗവും ഐടി തട്ടിപ്പുകൾ, ഇന്റർനെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാൻ തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സൈബർഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

മുംബൈയിൽനിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേൽ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ രാത്രി മുഴുവൻ ചോദ്യംചെയ്തു. ഇന്നു പുലർച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യൽ അവസാനിച്ചത്. അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പൊലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.