കൊച്ചി : മൂവാറ്റുപുഴയിൽ ഹൈടെക് മോഡൽ എടിഎം തട്ടിപ്പ്. അഞ്ച് പേർ പിടിയിൽ. ആലപ്പുഴ സിറാജ് മൻസിലിൽ അഹദ് മോൻ(22) സഹോദരൻ അസീം(19) ചാലക്കുടി കറുപ്പയിൽ ജിന്റോ ജോയി(32) പള്ളുരുത്തി കടയപ്പറമ്പിൽ മനു ജോളി(23) ആലപ്പുഴ സുധിക്കാട് ഷാരൂക്ക്(21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈടെക് സംവിധാനം ഉപയോഗിച്ച് എടിഎം കാർഡിലെ വിവരങ്ങൾ ശേഖരിച്ച് ലക്ഷങ്ങളാണ് സംഘം തട്ടിയത്.

ഹൈടെക് മോഡൽ എടിഎം തട്ടിപ്പിന് നേതൃത്വം നൽകിയ ജിന്റോ നേരത്തെയും നിരവധി എ ടി എം തട്ടിപ്പ് കേസിലെ പ്രതി. നേരത്തെ സമാന തട്ടിപ്പിന് ആലപ്പുഴയിൽ നേതൃത്വം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സംഘമാണ് ജിന്റോയെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തട്ടിപ്പിനായി പറഞ്ഞയച്ചിരുന്നത്. ഇയ്യാൾ ആലപ്പുഴിയിൽ ഒരു മുന്തിയ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി നോക്കവെയായിരുന്നു തട്ടിപ്പിന് നേതൃത്വം നൽകിയത്.

കേരളം സന്ദർശിക്കാനെത്തുന്ന വിദേശികളിൽനിന്നും സ്വദേശികളിൽനിന്നും ഹോട്ടൽ ബില്ല് അടക്കാൻ വാങ്ങുന്ന കാർഡുകളിൽനിന്നാണ് ഇയാൾ വിവരങ്ങൾ മറ്റൊരു കൃത്രിമ സോഫ്റ്റ് വെയർ ഉപയോഗിച്ച് ശേഖരിച്ചിരുന്നത്. സ്വയം വികസിപ്പിച്ചെടുത്ത എടിഎം കാർഡ് റീഡറുകൾ റിസോർട്ടുകളിൽ കാർഡ് വഴി ഇടപാട് നടത്തുന്ന യന്ത്രത്തിൽ ഘടിപ്പിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിച്ച് വ്യാജ എടിഎം കാർഡുണ്ടാക്കിയും ഓൺലൈൻ ബാങ്കിങ്ങിലൂടെയുമാണ് ലക്ഷങ്ങൾ തട്ടിയത്. സംഘത്തിലെ മുഖ്യപ്രതി ജിന്റോ ജോയിയാണ് തട്ടിപ്പിന്റെ സൂത്രധാരകൻ.

എടിഎം കാർഡ് സ്വീപിങ് മിഷിനിൽ വലിക്കുമ്പോൾ മുഴുവൻ രേഖകളും ലഭ്യമാക്കാൻ സാധിക്കുന്ന യന്ത്രമാണ് സംഘം സ്വയം വികസിപ്പിച്ചെടുത്തത്. മൂവാറ്റുപുഴ റാക്കാട് ശ്രീരാഗം രാജഗോപാലിന്റെ ഒരുലക്ഷം രൂപ നഷ്ടമായ കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുറുപ്പുംതറ സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപ, പത്തനാപുരം സ്വദേശിയിൽ നിന്നും 50000രൂപ, കോടനാട് സ്വദേശിയിൽ നിന്നും ഒരു ലക്ഷം അടക്കം പ്രതികൾ 5.1ലക്ഷം രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

വിവിധ ജില്ലകളിൽ പെട്ട ഇവർ എടിഎം കാർഡ് സ്വീപ് ചെയ്തശേഷം ശരിയായില്ലെന്ന മട്ടിൽ വീണ്ടും ഒരിക്കൽ കൂടി സ്വീപ് ചെയ്യും രണ്ടാമത്തെ സ്വീപിലൂടെ എടിഎം കാർഡുമായി ബന്ധപ്പെട്ട അക്കൗണ്ടിലെ മുഴുവൻ വിവരങ്ങളും ഇവർക്ക് ലഭിക്കും. ഉന്നത വിദ്യാഭ്യസമുള്ള ഇവരിൽ മുഖ്യപ്രതിയായ ജിന്റോ ജോയിയാണ് രഹസ്യ യന്ത്രം നിർമ്മിച്ചത്. റിസോർട്ട് ജീവനക്കാരനായ അഹദ് മോൻ വഴിയാണ് കാർഡ് സ്വീപ് ചെയ്യുന്ന യന്ത്രത്തിനൊപ്പം വിവരങ്ങൾ ശേഖരിക്കുന്ന യന്ത്രം സ്ഥാപിച്ച് പണം കവരുന്നതിന് നേതൃത്വം നൽകിയത്.

എടിഎം തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന ജിന്റോ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ആലപ്പുഴ ജയിൽ വച്ചാണ് മറ്റുപ്രതികളുമായി പരിചയപ്പെടുന്നത്. നൈജീരിയൻ സ്വദേശിയിയാണ് ജിന്റോയെ എടിഎം കാർഡ് റൈറ്റിങ് മിഷിൻ നിർമ്മിക്കാൻ പരിശീലനം നൽകിയത്. കോയമ്പത്തൂരിലെ നാല് എടിഎമ്മുകളിൽ നിന്നാണ് പ്രതികൾ പണം പിൻവലിച്ചിരിക്കുന്നത്. കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. പ്രതികൾ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന ചിത്രങ്ങൾ കോയമ്പത്തൂർ പൊലീസ് നൽകിയതുകൊണ്ട് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായകമായി.

പ്രതികളിൽ നിന്നും ഒരു ലാപ്‌ടോപ്പ്, എടിഎം കാർഡ് റീഡർ, എടിഎം കാർഡുകൾ ഉണ്ടാക്കുന്ന റൈറ്റർ മിഷിൻ, 45ഡെമ്മി എടിഎം കാർഡുകൾ, ഒരു ഇന്നോവ കാർ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.