കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അടിക്കടിയുണ്ടാവുന്ന എ.ടി.എം കവർച്ചകളിൽ ഉപഭോക്താക്കൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നുലക്ഷത്തോളം രൂപയാണ് വിവിധ എ.ടി.എമ്മുകളിലൂടെ നഷ്ടമായത്. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു കാസർകോട് സ്വദേശികളും, ഒരു കൊച്ചി സ്വദേശിയും അടക്കമുള്ള മൂന്നുപേർ പടിയിലായി.

എ.ടി.എമ്മുകളിൽ സ്‌കിമ്മർ ഘടിപ്പിച്ചും ബട്ടൺക്യാമറവെച്ചും പാസ്വേർഡും മാഗ്‌നറ്റിക്ക് വിവരങ്ങളും ചോർത്തി ഡ്യൂപ്‌ളിക്കേറ്റ് എ.ടി.എം കാർഡുണ്ടാക്കിയാണ് ഇവർ പാവങ്ങളുടെ പണം കൊള്ളയടിക്കുന്നത്. ബാങ്കിന്റെ അക്കൗണ്ടിലുള്ള പണവും ഇവർ ചോർത്തിയെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.എ.ടി.എം മെഷീന്റെ കണക്റ്റിവിറ്റി ഓഫ് ചെയ്ത് ബാങ്കിന്റെ താൽക്കാലിക അക്കൗണ്ടിൽനിന്ന് പണം കവരുന്നത്.ഇതിനുപിന്നിൽ ഹരിയാനയിൽനിന്നുള്ള പ്രത്യേക സംഘമാണെന്ന് പൊലീസ് കരുതുന്നു.കണ്ണൂരിൽ നടന്ന എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് ഹരിയാന സ്വദേശികളെ ഇന്നലെ പൊലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്.

അടിയന്തിരമായി ഉപഭോക്താക്കൾ എ.ടി.എം പാസ്വേർഡ് മാറ്റുകയാണ് ഇതിനുള്ള ഏറ്റവും വലിയ പോംവഴി.അതോടൊപ്പം എല്ലാ എ.ടി.എം സെന്ററുകളിലും ആന്റി സ്‌കിമ്മർ ഘടിപ്പിക്കണമെന്നും പൊലീസ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പള്ളിക്കണ്ടി, പന്തീരങ്കാവ്, വിജയാബാങ്കിന്റെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് എന്നിവടങ്ങളിലെ എ.ടി.എമ്മുകളിലൂടെയാണ് വിവിധ ഉപഭോക്താക്കളുടെ ഒന്നരലക്ഷത്തോളം രൂപ കവർന്നത്.

ഈ കേസിലാണ് കോഴിക്കോട് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.കാസർകോട് കാഞ്ഞങ്ങാട് അജനൂരിലെ അബ്ദുറഹ്മാൻ സഫ്വാൻ(18),കാസർകോട് തൃക്കരിപ്പുർ സ്വദേശി അബ്ബാസ് (26) ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാൻ (43) എന്നിവരെയാണ് ഡി.സി.പി മെറിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇതിൽ മൂന്നു പ്രതികളെക്കൂടി ഇനിയും പിടികിട്ടാനുണ്ട്.

റുമാനിയൻ കൊള്ളക്കാർ നടത്തുന്ന അതേ രീതിയാണ് ഇവരും പിന്തുടരുന്നതെന്ന്, അറസ്റ്റ് വിവരങ്ങൾ വിശദീകരിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തിയ ഡി.സി.പി മെറിൻജോസഫ് പറഞ്ഞു.എ.ടി.എമ്മിൽ കാർഡ് ഇടുന്ന ഭാഗത്ത് ഒരു സ്‌കിമ്മർ ഘടിപ്പിച്ച് കാർഡിലെ മാഗ്‌നറ്റിക്ക് വിവരങ്ങൾ ചോർത്തിയെടുക്കുന്നു.അതുപോലെ കീബോർഡിന് മുകൾഭാഗത്തായി ബട്ടൺകാമറ ഘടിപ്പിച്ച് പിൻവിവരവും ചോർത്തിയെടുക്കും. ഇതുവെച്ച് ഡ്യൂപ്പിക്കേറ്റ്് എ.ടി.എം കാർഡ് ഉണ്ടാക്കിയാണ് പണം എടുക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞവരും, സാങ്കേതികമായി വലിയ അറിവും ഇല്ലാത്ത പ്രതികൾക്ക് ഇങ്ങനെയൊരു ഹൈട്ടക്ക് തട്ടിപ്പുനടത്താനുള്ള വിദ്യ എങ്ങിനെ കിട്ടിയെന്നതും, പിറകിൽ ആരൊക്കെ ഉണ്ടെന്നതും അന്വേഷിച്ച് വരികയാണെന്നും ഡി.സി.പി മെറിൻ ജോസഫ് പറഞ്ഞു.

ഇപ്പോൾ പിടിയിലായ പ്രതികൾ പത്താംക്‌ളാസ്‌പോലും പാസാവാത്തവരാണ്. റുമേനിയക്കാർ ഉൾപ്പെട്ട വൻകിട സംഘം മുമ്പ് കേരളത്തിൽവെച്ച് തട്ടിപ്പ് നടത്തിയത് ഏതാണ്ട് ഇതേരീതിയിലാണ്.അതുകൊണ്ടുതന്നെ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നും മെറിൻ ജോസഫ് പറഞ്ഞു.എ.ടി.എം സെന്ററുകളിൽ ആന്റി സ്‌ക്കിമ്മർ സ്ഥാപിക്കാൻ എല്ലാ ബാങ്കുകൾക്കും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ പാസ്വേർഡ് മാറ്റുകയോ അല്‌ളെങ്കിൽ പാസ്വേർഡ് ടൈപ്പ് ചെയ്യുമ്പോൾ കൈകൊണ്ട് മറക്കുകയോ വേണമെന്നും പൊലീസ് പറയുന്നു.

അതിനിടെ കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്നപോലെ ബാങ്കിന്റെ അക്കൗണ്ടിൽനിന്നും പണംപോയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.എസ്.ബി.ഐയുടെ ആനിഹാൾ റോഡിലെ എ.ടി.എമ്മം സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം 1.49 ലക്ഷം രൂപയാണ് നഷ്ടമായത്.ഈ തട്ടിപ്പിനുപിന്നിൽ ഹരിയാനയിൽനിന്നുള്ള പ്രത്യേക സംഘമാണെന്ന് സൂചന ലഭിച്ചതായും ഡി.സി.പി മെറിൻജോസഫ് അറിയിച്ചു. കണ്ണൂരിൽ സമാനമായ രീതിയിൽ എ.ടി.എം തട്ടിപ്പ് നടത്തിയതിന് രണ്ട് ഹരിയാന സ്വദേശികളെ ഇന്നലെ പൊലീസ് അറസ്‌ററ് ചെയ്തിരുന്നു.ഹരിയാന സ്വദേശി ജുനൈദ്(22), പ്രായപൂർത്തിയാവാത്ത ഒരു വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്.

ഈ കേസിലെ സൂത്രധാരനെന്ന് കരുതുന്ന ഷക്കീൽ അഹമ്മദിനെ പൊലീസ് അന്വേഷിച്ചുവരികയാണ്.വിവിധ എ.ടി.എം കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്ന സമയത്ത്,എ.ടി.എം മെഷീനിന്റെ കണക്റ്റിവിറ്റി വിചേദിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.പണമത്തെുന്ന സമയത്ത് മെഷീൻ ഓഫാക്കുന്നതിനാൽ വ്യക്തിഗത അക്കൗണ്ടിനുപകരം ബാങ്കിന്റെ താൽക്കാലിക അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമാവുക.

അതിനാൽ ഇടപാടുകാർ പരാതിയുമായി എത്താത്തതിനാൽ ഈ തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല.കോഴിക്കോട്ടെ തട്ടിപ്പിന് പിന്നിലും ഹരിയാനയിൽനിന്നുള്ള സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്.