- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാഷ് ഡെപ്പോസിറ്റ് മെഷിൻ വഴി സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കും; മറ്റൊരു എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിക്കും; പുറത്തുവന്ന നോട്ടുകളുമായി മുങ്ങിയ ശേഷം പണം നഷ്ടപ്പെട്ടതായി ഓൺലൈൻ പരാതി നൽകും; ഹൈടെക് തട്ടിപ്പിന് ട്രെയിനിങ് നൽകുന്നത് എൻജിനീയറിങ് വിദ്യാർത്ഥിയും; ഹരിയാനയിലെ പിൻഗാവ് എന്ന എടിഎം തിരുട്ടുഗ്രാമത്തിന്റെ കഥ
കണ്ണൂർ: രാജ്യത്തെ എ.ടി.എം. തട്ടിപ്പുകാരുടെ ഗ്രാമമാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാഡിനടുത്ത പിൻഗാവ്. നോക്കെത്താ ദൂരത്ത് പടർന്ന കിടക്കുന്ന കടുക് പാടങ്ങൾ ഒരു ഭാഗത്ത്. മറുഭാഗത്ത് കാടും. ഇഷ്ടിക കൊണ്ട് നിർമ്മിച്ച കൊച്ചു വീടുകളാണ് ഇവിടെ ഏറേയും. ഇതിൽ തൊണ്ണൂറു ശതമാനവും ക്രിമിനലുകൾ അധിവസിക്കുന്നു. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ തിരുട്ടു ഗ്രാമം എന്ന കുപ്രസിദ്ധി കൂടി പിൻഗാവിനുണ്ട്. എ.ടി.എം. ഉൾപ്പെടെയുള്ള ഹൈടെക് തട്ടിപ്പിലൂടേയാണ് ഇവർ ഇന്ന് രാജ്യത്ത് അറിയപ്പെടുന്നത്. ആകെയുള്ളത് ഒരു എസ്.ബി.ഐ. ശാഖമാത്രം. അവിടെ വൈകീട്ട് അഞ്ചു മണിവരേയും തിരക്കോട് തിരക്കാണ്. അഞ്ച് കഴിഞ്ഞാൽ ബാങ്കും എ.ടി.എമ്മും ഭദ്രമായി അടച്ചുപൂട്ടി അധികാരികൾ സ്ഥലം വിടും. ഇതാണ് അവിടത്തെ രീതി. ഗ്രാമത്തിലെ നിയമങ്ങളെല്ലാം ജനങ്ങൾ തന്നെ തീരുമാനിക്കുന്നു. ആയുധങ്ങളുമായാണ് അവരുടെ സഞ്ചാരം. അപരിചിതർക്ക് ഇവിടെ പ്രവേശനമില്ല. അങ്ങിനെയുള്ള ഗ്രാമത്തിൽ നിന്നാണ് കണ്ണൂർ ടൗൺപൊലീസ് എസ്.ഐ. സി. ഷൈജുവും സംഘവും കണ്ണൂരിലെ എ.ടി.എം. തട്ടിപ്പുകാരെ പിടികൂടി ഇവിടെ എത്ത
കണ്ണൂർ: രാജ്യത്തെ എ.ടി.എം. തട്ടിപ്പുകാരുടെ ഗ്രാമമാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാഡിനടുത്ത പിൻഗാവ്. നോക്കെത്താ ദൂരത്ത് പടർന്ന കിടക്കുന്ന കടുക് പാടങ്ങൾ ഒരു ഭാഗത്ത്. മറുഭാഗത്ത് കാടും. ഇഷ്ടിക കൊണ്ട് നിർമ്മിച്ച കൊച്ചു വീടുകളാണ് ഇവിടെ ഏറേയും. ഇതിൽ തൊണ്ണൂറു ശതമാനവും ക്രിമിനലുകൾ അധിവസിക്കുന്നു. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ തിരുട്ടു ഗ്രാമം എന്ന കുപ്രസിദ്ധി കൂടി പിൻഗാവിനുണ്ട്. എ.ടി.എം. ഉൾപ്പെടെയുള്ള ഹൈടെക് തട്ടിപ്പിലൂടേയാണ് ഇവർ ഇന്ന് രാജ്യത്ത് അറിയപ്പെടുന്നത്.
ആകെയുള്ളത് ഒരു എസ്.ബി.ഐ. ശാഖമാത്രം. അവിടെ വൈകീട്ട് അഞ്ചു മണിവരേയും തിരക്കോട് തിരക്കാണ്. അഞ്ച് കഴിഞ്ഞാൽ ബാങ്കും എ.ടി.എമ്മും ഭദ്രമായി അടച്ചുപൂട്ടി അധികാരികൾ സ്ഥലം വിടും. ഇതാണ് അവിടത്തെ രീതി. ഗ്രാമത്തിലെ നിയമങ്ങളെല്ലാം ജനങ്ങൾ തന്നെ തീരുമാനിക്കുന്നു. ആയുധങ്ങളുമായാണ് അവരുടെ സഞ്ചാരം. അപരിചിതർക്ക് ഇവിടെ പ്രവേശനമില്ല. അങ്ങിനെയുള്ള ഗ്രാമത്തിൽ നിന്നാണ് കണ്ണൂർ ടൗൺപൊലീസ് എസ്.ഐ. സി. ഷൈജുവും സംഘവും കണ്ണൂരിലെ എ.ടി.എം. തട്ടിപ്പുകാരെ പിടികൂടി ഇവിടെ എത്തിച്ചത്.
എ.ടി.എം. തട്ടിപ്പിന്റെ സ്പെഷലിസ്റ്റുകളായി 30 പേരാണ് പിൻഗാവ് ഗ്രാമത്തിലുള്ളത്. അതിന് പുറമേ സ്വർണ്ണകട്ടിയുണ്ടെന്ന് പറഞ്ഞും വാഹനം വിൽക്കാനുണ്ടെന്ന് ധരിപ്പിച്ചും മറ്റ് തട്ടിപ്പുകാരും ഇവിടെ വിലസുന്നു. ചുരുക്കത്തിൽ വിവിധ തരത്തിലുള്ള കവർച്ചക്കാരാണ് ഈ ഗ്രാമത്തിലധിവസിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിൽ നിന്നും ഹരിയാന സ്വദേശിയായ ഷക്കീൽ അഹമ്മദ് പണം പിൻവലിക്കാൻ ശ്രമിച്ചു. അയാളുടെ അക്കൗണ്ടിൽ നിന്നും പണം കുറവ് വന്നെങ്കിലും ഇയാൾക്ക് പണം ലഭിച്ചില്ല. തന്റെ പണം അക്കൗണ്ടിലേക്ക് തിരികേ വേണമെന്ന് ആവശ്യപ്പെട്ട് ഷക്കീൽ അഹമ്മദ് ടോൾ ഫ്രീ നമ്പറിൽ പരാതി നൽകി. ഇതിന്റെ ഉറവിടം അന്വേഷിച്ച ടൗൺ പൊലീസിന്റെ ശ്രമം തട്ടിപ്പുകാർ ഹരിയാനക്കാരാണെന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.
ഓൺ ലൈൻ പരാതിയിൽ അക്കൗണ്ട് ഉടമയെക്കുറിച്ച് അന്വേഷണം നടത്താൻ എസ്.ബി.ഐ. ശാഖാ മാനേജർ നടത്തിയ ശ്രമമാണ് ഇപ്പോൾ കവർച്ചക്കാരിലെത്തിയത്. ഇതിലെ തട്ടിപ്പ് ഇങ്ങിനെ. ക്യാഷ് ഡ്പ്പോസിറ്റ് മെഷിൻ വഴി സ്വന്തം അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുന്നു. പിന്നീട് മറ്റൊരു എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നു. ഇടപാട് നടത്തി കറൻസി നോട്ടുകൾ പുറത്തേക്ക് വരാൻ തുടങ്ങുന്ന സമയത്ത് എ.ടി.എം. മെഷീനിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു.
സാങ്കേതിക തകരാർ മെഷിനിൽ തെളിയുന്നതോടെ പാതി പുറത്ത് വന്ന നോട്ടുകൾ വലിച്ചെടുത്ത് സംഘം സ്ഥലം വിടുന്നു. ഇങ്ങിനെയാണ് ഷക്കീൽ അഹമ്മദ് ആറുമാസത്തിനിടെ 12 തവണ പണം പിൻവലിച്ചത്. എന്നാൽ ഇയാൾ കണ്ണൂരിൽ വന്നിട്ടില്ല. വിദേശത്ത് ഏതോ സർവ്വകലാശാലയിൽ പഠനം തുടരുന്നുണ്ടെന്നാണ് അറിവ്. ഇയാളെക്കുറിച്ചും കണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ നേതാവ് ഷക്കീൽ അഹമ്മദ് ആണെന്നാണ് ലഭ്യമാവുന്ന വിവരം. രാജസ്ഥാനിലെ ആർവാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് ഇയാളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹരിയാനയിലെ തിരുട്ടു ഗ്രാമത്തിൽ നടത്തിയ ഓപ്പറേഷനെക്കുറിച്ച് എസ്.ഐ. പറയുന്നത് ഇങ്ങനെ: കണ്ണൂരിൽ നിന്നും ഹരിയാനയിലെത്തിയ പൊലീസ് സംഘം നേരത്തെ ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരാൻ ഒരു സഹായിയെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അയാൾ മുങ്ങി. അതോടെ അവിടെ എത്തുക സാഹസമാണെന്ന് നിനച്ചിരിക്കേ വഴിയോരത്തെ ഒരു ഡാബയിൽ കയറി ഭക്ഷണം കഴിച്ചു. ഹോട്ടലുടമയോട് പിൻഗാവിലേക്ക് എന്ന് പറഞ്ഞപ്പോൾ അയാൾ നിരുത്സാഹപ്പെടുത്തുകയും അവിടെ പോയി മുറിവേൽക്കാതെ ആരും തിരിച്ചു വന്നിട്ടില്ലെന്ന മുന്നറിയിപ്പും നൽകി. പിൻഗാവ് പൊലീസ് സ്റ്റേഷനാണ് അടുത്ത ലക്ഷ്യം. അവിടെ പൊലീസുമായി സംസ്സാരിച്ചു. എന്നാൽ അതിനു മുമ്പു തന്നെ ഞങ്ങൾ എത്തിയ വിവരം ചോരുകയും ചെയ്തു. ഗ്രാമവാസികൾ ആയുധ ധാരികളായി നിൽക്കുന്നുണ്ടെന്നാണ് പിന്നീട് ലഭിച്ച വിവരം.
കണ്ണൂരിലെ ഡി.വെ.എസ്‌പി.യോട് വിവരങ്ങൾ ധരിപ്പിച്ചു. അതനുസരിച്ച് ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി പിൻഗാവിലേക്ക് ഓപ്പറേഷനായി തിരിച്ചു. മൂന്ന് വണ്ടി പൊലീസ് ഞങ്ങൾക്കൊപ്പം അനുഗമിച്ചു. സർപ്പഞ്ച് എന്നറിയപ്പെടുന്ന ഗ്രാമമുഖ്യനെ ഞങ്ങൾ ഒപ്പം കൂട്ടി. പ്രതികൾ താമസിക്കുന്ന വീട് ദൂരെ നിന്നും കാട്ടിത്തന്ന് അയാൾ മറഞ്ഞു. അപ്പോൾ രാത്രി 11.30 കഴിഞ്ഞിരുന്നു.
പെട്ടെന്ന് തന്നെ പ്രതികൾ വലിയലായില്ലെങ്കിൽ അവിടെ ഒരു ഏറ്റുമുട്ടൽ വേണ്ടി വരും. അതിനിടവരുത്താതെ ഇഷ്ടിക കൊണ്ട് പണിത ഒറ്റ മുറിയിൽ ഇരച്ചു കയറി. അഞ്ച് മിനുട്ട് പൂർത്തിയാകും മുമ്പ് പ്രതികളായ ജുനൈദിനേയും കൂട്ടാളിയായ 16 കാരനേയും ഞങ്ങൾ പൊക്കിയെടുത്തു. ഉടൻ ദേശീയ പാത വഴി മഥുരയിലേക്ക് നീങ്ങി. ഈ സമയം റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പിൻഗാവിലെ ഒരു സംഘം ഗ്രാമീണർ ഞങ്ങളെ തേടി നീങ്ങിയിരുന്നു. പക്ഷേ റോഡു മാർഗ്ഗം ഞങ്ങൾ കുതിച്ചു. ഡൽഹിയിലെത്തുകയും നാട്ടിലേക്ക് പ്രതികളെ കൊണ്ടു വരികയുമായിരുന്നു. ഓപ്പറേഷനിൽ സിവിൽ പൊലീസ് ഓഫീസർമാരായ വി. സജിത്ത്, എ.ജി. റൗഫ്, കെ. എൻ സഞ്ജയ് എന്നിവരും പങ്കെടുത്തു.